വിജയ് ഹസാരെ ട്രോഫിയിൽ പുതുച്ചേരിക്കെതിരെ വമ്പൻ വിജയവുമായി കേരളം....

വിജയ് ഹസാരെ ട്രോഫിയിൽ പുതുച്ചേരിക്കെതിരെ വമ്പൻ വിജയവുമായി കേരളം. എട്ടു വിക്കറ്റ് വിജയമാണ് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ കേരളം സ്വന്തമാക്കിയത്.
ആദ്യം ബാറ്റു ചെയ്ത പുതുച്ചേരി 47.4 ഓവറിൽ 247 റൺസെടുത്തപ്പോൾ, കേരളം 29 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. മറുപടി ബാറ്റിങ്ങിൽ സെഞ്ചറി നേടിയ വിഷ്ണു വിനോദിന്റെ പ്രകടനമാണ് കേരളത്തിന് അനായാസകരമായ വിജയം സമ്മാനിച്ചത്. 84 പന്തുകൾ നേരിട്ട വിഷ്ണു 162 റൺസടിച്ചു പുറത്താകാതെ നിന്നു.
മറുപടി ബാറ്റിങ്ങിൽ മികച്ച തുടക്കമായിരുന്നില്ല കേരളത്തിനു ലഭ്യമായത്. ഓപ്പണർമാരായ സഞ്ജു സാംസണും (11), രോഹൻ കുന്നുമ്മലും (എട്ട്) അതിവേഗം പുറത്തായതോടെ കേരളം ഒന്നു വിറച്ചെങ്കിലും ബാബ അപരാജിതും വിഷ്ണു വിനോദും ചേർന്ന സഖ്യം കേരളത്തിനു കരുത്തായി മാറി
രണ്ടുപേരും ചേർന്ന് 222 റൺസിന്റെ കൂട്ടുകെട്ടാണു പടുത്തുയർത്തിയത്. വിഷ്ണു വിനോദ് 14 സിക്സുകളും 13 ഫോറുകളും അതിർത്തി കടത്തി. മികച്ച പിന്തുണയേകിയ ബാബ അപരാജിത് 69 പന്തിൽ 63 റൺസുമായി പുറത്താകാതെ നിന്നു.
ആദ്യം ബാറ്റു ചെയ്ത പുതുച്ചേരിക്കായി അജയ് രൊഹേര (58 പന്തിൽ 53), ജശ്വന്ത് ശ്രീറാം (54 പന്തിൽ 57) എന്നിവർ അർധ സെഞ്ചറി നേടി. കേരളത്തിനായി എം.ഡി. നിധീഷ് നാലു വിക്കറ്റുകൾ വീഴ്ത്തി. ഏദൻ ആപ്പിൾ ടോം, അങ്കിത് ശർമ എന്നിവർ രണ്ടു വിക്കറ്റുകൾ വീതവും, ബിജു നാരായണനും ബാബ അപരാജിതും ഓരോ വിക്കറ്റും സ്വന്തമാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha
























