ഐഎസ്ആർഒയുടെ പിഎസ്എൽവി -സി 62 വിന്റെ വിക്ഷേപണം ഈ മാസം 12ന്... ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽനിന്ന് രാവിലെ 10.17ന് പിഎസ്എൽവി -സി 62 കുതിച്ചുയരും

ഐഎസ്ആർഒയുടെ പിഎസ്എൽവി -സി 62 വിന്റെ വിക്ഷേപണം ഈ മാസം 12ന്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽനിന്ന് രാവിലെ 10.17ന് പിഎസ്എൽവി -സി 62 കുതിച്ചുയരുകയും ചെയ്യും.
ഭൗമനിരീക്ഷണ ഉപഗ്രഹമായ അന്വേഷ ഉൾപ്പെടെ 19 പേലോഡുകളെയും വഹിച്ചാണ് പിഎസ്എൽവി സി62 കുതിച്ചുയരുക. പിഎസ്എൽവിയുടെ 64ാം വിക്ഷേപണമാണിത്. 2025 മെയ് 18നായിരുന്നു ഏറ്റവും ഒടുവിൽ പിഎസ്എൽവി വിക്ഷേപിച്ചത്. വിക്ഷേപണത്തിന്റെ മൂന്നാം ഘട്ടത്തിലുണ്ടായ സാങ്കേതിക തകരാറ് കാരണം ആ ദൗത്യം പരാജയപ്പെട്ടിരുന്നു. എന്നാൽ 2026ന്റ തുടക്കത്തിൽ തന്നെ പുതിയ ദൗത്യം നടത്തി പിഎസ്എൽവിയെ വിജയവഴിയിൽ തിരികെയെത്തിക്കാനാണ് ഐഎസ്ആർഒയുടെ ലക്ഷ്യം.
രണ്ട് സ്ട്രാപ്പ് - ഓൺ ബൂസ്റ്ററുകളുള്ള പിഎസ്എൽവി ഡിഎൽ വേരിയന്റ് ഉപയോഗിക്കുന്ന അഞ്ചാമത്തെ വിക്ഷേപണവുമായിരിക്കുമിത്. കഴിഞ്ഞ വർഷം പിഎസ്എൽവി സി 61 വിക്ഷേപണത്തിൽ നേരിട്ട പരാജയത്തിന് ശേഷമുള്ള പിഎസ്എൽവി(പോളാർ സാറ്റ്ലൈറ്റ് ലോഞ്ച് വെഹിക്കിൾ)യുടെ ആദ്യ വിക്ഷേപണമാണിത്. ചന്ദ്രയാൻ, മംഗൾയാൻ തുടങ്ങിയ ഇന്ത്യയുടെ അഭിമാന നേട്ടങ്ങളിൽ ഉപയോഗിച്ച പിഎസ്എൽവി ഐഎസ്ആർഒയുടെ ഏറ്റവും വിശ്വസനീയമായ വിക്ഷേപണ വാഹനമാണ്.
അതേസമയം കൃഷി, പരിസ്ഥിതി തുടങ്ങിയ മേഖലകളിലെ വിദൂരസംവേദനം, മാപ്പിങ്, ദേശീയ സുരക്ഷ തുടങ്ങിയവയെ ശക്തിപ്പെടുത്താനായി തദ്ദേശീയമായി വികസിപ്പിച്ച ഭൗമനിരീക്ഷണ ഉപഗ്രഹമാണ് അന്വേഷ. കൂടാതെ സ്വകാര്യ കമ്പനികളുടേതുൾപ്പെടെ പതിനെട്ട് ചെറു പേലോഡുകളേയും പിഎസ്എൽവി ഭ്രമണപഥത്തിലെത്തിക്കുന്നതാണ്.
https://www.facebook.com/Malayalivartha
























