തണുപ്പും ചൂടും ചേർന്ന കാലാവസ്ഥ; കേരളത്തിൽ കാലം തെറ്റിയ മഴയ്ക്കും സാധ്യത..

ഡിസംബർ- ജനുവരി മാസങ്ങളിൽ അനുഭവപ്പെടേണ്ട കൊടും തണുപ്പിന് പകരം ഇനി കനത്ത ചൂടിലേക്ക് എന്ന ചോദ്യം ഉയരുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട കണക്കനുസരിച്ച് അടുത്ത മണിക്കൂറിൽ കേരളത്തിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയില്ല. ഡിസംബറിൽ അതിശൈത്യം അനുഭവപ്പെട്ടിരുന്നു. എന്നാൽ പുതുവർഷം എത്തിയതോടെ കാലാവസ്ഥയിൽ അപ്രതീക്ഷിത മാറ്റങ്ങളാണ് സംഭവിച്ചത്. നിലവിലെ സാഹചര്യത്തിൽ ശൈത്യം തുടരേണ്ടതാണ്, മാത്രമല്ല പതിയെ വേനൽ ചൂടിലേക്കും ചുവടുമാറ്റേണ്ടതുമാണ്.
കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം കേരളത്തിൽ ലഭിച്ച മഴയുടെ അളവിൽ വലിയ കുറവുണ്ടായിട്ടുണ്ട്. ഇത് ജലക്ഷാമ ഭീഷണിക്കുള്ള സൂചനയും നൽകുന്നുണ്ട്. നിലവിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ പെയ്തിട്ടും വേനൽ ചൂടിന് ശമനമുണ്ടാവുന്നില്ല. പകൽ സമയങ്ങളിൽ ചൂട് വർദ്ധിക്കുന്നുണ്ട്. ധനു മാസം അവസാനിക്കുന്നതോടെ ചൂട് ശക്തമാവാൻ സാധ്യത കൂടുതലാണ്. കഴിഞ്ഞ വർഷവും വേനൽ ചൂട് നേരത്തെ എത്തിയിരുന്നു, മാത്രമല്ല അതിനിടയിൽ ശക്തമായ മഴയും പെയ്തു. ഇത്തവണയും കാലം തെറ്റിയ മഴ പ്രതീക്ഷിക്കാം. നിലവിലെ സാഹചര്യത്തിൽ തണുപ്പും, ചുടും കലർന്ന അന്തരീക്ഷമാണ് കേരളത്തിൽ അനുഭവപ്പെടുന്നത്. രാവിലെ നല്ല തണുപ്പും പകൽ സമയങ്ങളിൽ ചൂട് കാലാവസ്ഥയും ഉണ്ട്. അതിനിടയിലാണ് ചില സ്ഥലങ്ങളിൽ മഴയും എത്തിയത്.
എന്നാൽ രാജ്യത്തെ ഉയർന്ന ചൂട് തുടർച്ചയായ ദിവസങ്ങളിൽ സംസ്ഥാനത്ത് രേഖപ്പെടുത്തുമ്പോൾ ഇതൊരു വലിയ ചൂടല്ലെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി രാജ്യത്തെ ഉയർന്ന ചൂട് കേരളത്തിലാണ് രേഖപ്പെടുത്തുന്നത്.
കോട്ടയം, പുനലൂർ, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിൽ 34 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്. ഔദ്യോഗികമായി രാജ്യത്തെ ഉയർന്ന പകൽ താപനില കഴിഞ്ഞ രണ്ടിന് കോഴിക്കോട് (34.2 ഡിഗ്രി) രേഖപെടുത്തി. കോട്ടയം (34 ഡിഗ്രി), പാലക്കാട് (28.5 ഡിഗ്രി) ചൂട് രേഖപ്പെടുത്തി. എന്നാൽ, ഇത് ഒരു വലിയ ചൂടല്ലെന്നും കേരളത്തിലെ ശരാശരി ചൂടാണെന്നുമാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. ബംഗാൾ ഉൾകടലിൽ ശ്രീലങ്കക്ക് സമീപം നിലനിൽക്കുന്ന ചക്രവാതചുഴി സ്വാധീനം പൊതുവെ കേരളത്തിൽ പകൽചൂട് കുറയാൻ കാരണമായിട്ടുണ്ട്.
https://www.facebook.com/Malayalivartha



























