അന്തരിച്ച മുൻ മന്ത്രിയും മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി കെ ഇബ്രാഹിംകുഞ്ഞിന്റെ ഖബറടക്കം ഇന്ന് രാവിലെ 10ന് ആലങ്ങാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ...

മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു. 74 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അർബുദത്തെ തുടർന്ന് വളരെനാളായി ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഞായറാഴ്ചയാണ് ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കളമശ്ശേരി ഞാലകം കൺവെൻഷൻ സെന്‍ററിൽ 6 മണി മുതൽ പൊതുദർശനത്തിനുശേഷം രാത്രി 10മണി വരെ പൊതുദർശനം തുടർന്നു. ശേഷം ആലുവയിലെ വീട്ടിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെ 10 മണിക്ക് ആലങ്ങാട് ജുമാ മസ്ജിദിലായിരിക്കും ഖബറടക്കം.
അതേസമയം നാല് തവണ എംഎല്‍എയും രണ്ട് തവണ മന്ത്രിയുമായിരുന്നു ഇബ്രാഹിംകുഞ്ഞ്, മധ്യകേരളത്തിലെ ലീഗിന്‍റെ ജനകീയമുഖമായിരുന്നു അദ്ദേഹം. എംഎസ്എഫിലൂടെയാണ് വി കെ ഇബ്രാഹിംകുഞ്ഞ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. 2001 ലും 2006 ലും മട്ടാഞ്ചേരിയില്‍ നിന്ന് മത്സരിച്ചു.
2011ലും, 2016ലും കളമശ്ശേരിയെ പ്രതിനിധീകരിച്ചു. മട്ടാഞ്ചേരി മണ്ഡലത്തിന്‍റെ അവസാന എംഎല്‍എ, കളമശ്ശേരി മണ്ഡലത്തിന്‍റെ ആദ്യ എംഎല്‍എ എന്നീ വിശേഷണങ്ങളും വി കെ ഇബ്രാഹിംകുഞ്ഞിന് സ്വന്തം. 2005 മുതല്‍ 2006 വരെ വ്യവസായ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു വി കെ ഇബ്രാഹിംകുഞ്ഞ്. 2011 മുതല്‍ 2016 വരെ പൊതുമരാമത്ത് മന്ത്രിയായിരുന്നു അദ്ദേഹം. മുസ്‍ലിം ലീഗിനെ പ്രതിനിധീകരിച്ച് നാല് തവണ അദ്ദേഹം എംഎല്‍എയായി. നിലവില്‍ ഐയുഎംഎല്‍ നാഷണല്‍ എക്സിക്യൂട്ടിവ് അംഗമായിരുന്നു അദ്ദേഹം.
ഭാര്യ: കീഴ്മാട് പെരിങ്ങാട്ട് കുടുംബാംഗം നദീറ. മക്കൾ: അഡ്വ. വി.ഇ. അബ്ദുൾ ഗഫൂർ (ലീഗ് ജില്ലാ ജനറൽ സെക്രട്ടറി), വി.ഇ. അബ്ബാസ്, വി.ഇ. അനൂപ് (ഇരുവരും ബിസിനസ്).
"
https://www.facebook.com/Malayalivartha
























