സ്റ്റാലിനും കയ്യൊഴിഞ്ഞു... കേരളത്തിന്റെ അഭ്യര്‍ത്ഥന മാനിക്കാതെ മുല്ലപ്പെരിയാറിന്റെ 5 ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി; 3948 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്നു; അര്‍ധരാത്രി ഷട്ടര്‍ തുറക്കല്‍ വിഷയത്തില്‍ തമിഴ്‌നാടിന് എതിരെ കേരളം സുപ്രീംകോടതിയിലേക്ക്

മുല്ലപ്പെരിയാര്‍ മലയാളികളുടെ വലിയ പ്രശ്‌നമായി മാറുകയാണ്. മന്ത്രി റോഷി അഗസ്തിന്‍ പോയിട്ടും തമിഴ്‌നാടിന്റെ ഭാഗത്ത് നിന്നും ഒരു വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ല. മുല്ലപ്പെരിയാര്‍ ഡാമില്‍ തുറന്നിരിക്കുന്ന അഞ്ചു ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. 60 സെന്റിമീറ്റര്‍ അധികമുയര്‍ത്തി, 3948 ഘനയടി വെള്ളമാണ് തുറന്നുവിടുന്നത്. തിങ്കളാഴ്ച രാത്രി തുറന്ന 9 ഷട്ടറുകള്‍, ഇന്നലെ പുലര്‍ച്ചെ ജലനിരപ്പ് താഴ്ന്നതോടെ അടച്ചിരുന്നു. പിന്നീട് ഉച്ചയോടെ പലപ്പോഴായി അഞ്ചു ഷട്ടറുകള്‍ തുറക്കുകയായിരുന്നു.
തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ ഇക്കാര്യത്തില്‍ മൗനം തുടരുകയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്നു മുന്നറിയിപ്പില്ലാതെ അര്‍ധരാത്രിയില്‍ വെള്ളം തുറന്നു വിടുന്നതിനെതിരെ കേരളം ഇന്നു സുപ്രീം കോടതിയെ സമീപിക്കും. തമിഴ്‌നാടിന്റെ ഏകപക്ഷീയ നടപടി തടയണമെന്നാവശ്യപ്പെട്ടും ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ അഭ്യര്‍ഥിച്ചുമാണ് ഇന്നു പ്രത്യേക ഹര്‍ജി നല്‍കുന്നത്.
ജാഗ്രത പുലര്‍ത്തണമെന്നു തമിഴ്‌നാടിനോടു നിര്‍ദേശിക്കണമെന്നും കോടതിയോട് അഭ്യര്‍ഥിക്കും. സുപ്രീം കോടതി നിയോഗിച്ച മേല്‍നോട്ട സമിതിയെയും വിവരം അറിയിക്കും. കേരള മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ജലവിഭവ മന്ത്രിയും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അര്‍ധരാത്രി വെള്ളമൊഴുക്കുന്നതു തമിഴ്‌നാട് തുടരുന്ന സാഹചര്യത്തിലാണു സുപ്രീംകോടതിയെ സമീപിക്കുന്നത്. തമിഴ്‌നാടിന്റെ നടപടി ധിക്കാരപരമാണെന്നു മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
ഈ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി റോഷി ഇന്നലെ ചര്‍ച്ച നടത്തി. അതിനു ശേഷമാണ് ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചത്. മുല്ലപ്പെരിയാര്‍ കേസ് ഈ മാസം 10 നാണ് കോടതി പരിഗണിക്കുക. തമിഴ്‌നാട് നേരത്തേ കോടതിയില്‍ ഉന്നയിച്ച വാദങ്ങള്‍ക്കുള്ള മറുപടി സത്യവാങ്മൂലത്തില്‍ ഈ വിഷയവും ഉള്‍പ്പെടുത്തും. കഴിഞ്ഞ മാസം അവസാനം മുതലാണ് അര്‍ധരാത്രിയില്‍ സ്പില്‍വേ ഷട്ടറുകളിലൂടെ പെരിയാറിലേക്കു തമിഴ്‌നാട് വെള്ളമൊഴുക്കാന്‍ തുടങ്ങിയത്. പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ഇതുമൂലമുണ്ടായ ദുരിതം സുപ്രീം കോടതിയെ അറിയിക്കും.
മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് കുറയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിന് പുല്ലുവില നല്‍കിയിരിക്കുകയാണ് തമിഴ്‌നാട്. 9 ഷട്ടറുകള്‍ രാത്രി തുറന്നതിനെ തുടര്‍ന്ന് വെള്ളവും മണ്ണും അടിഞ്ഞുമൂടിയ വീടുകള്‍ പഴയപടിയാക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍. ഷട്ടറുകള്‍ അടച്ചതോടെ പെരിയാറിലെ ജലനിരപ്പ് താഴ്ന്നു.
ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് ഇവര്‍ക്ക് സ്വന്തം വീടുവിട്ട് പോകേണ്ടി വന്നത്. മുന്നറിയിപ്പില്ലാതെ വെള്ളം ഇരച്ചെത്തിയതോടെ കുഞ്ഞുങ്ങളെ വാരിയെടുത്ത് അമ്മമാര്‍ ജീവനും കൊണ്ടോടി. ഇതിനിടെ വള്ളക്കടവിലെത്തിയ മന്ത്രി റോഷി അഗസ്റ്റിനു നേരെയും പ്രതിഷേധമുയര്‍ന്നു.
മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറില്‍നിന്ന് രാത്രി വെള്ളമൊഴുക്കി വിടുന്ന തമിഴ്‌നാടിന്റെ നടപടി പ്രതിഷേധാര്‍ഹമെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു. ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ട നടപടികളെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് രാത്രി വെള്ളം തുറന്നുവിട്ടതിനെ തുടര്‍ന്ന് പെരിയാറിന്റെ തീരത്തെ വീടുകളില്‍ വെള്ളം കയറി. കറുപ്പുപാലം, ഇഞ്ചിക്കാട്, ആറ്റോരം, വികാസ് നഗര്‍, വള്ളക്കടവ് പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. തുടര്‍ന്ന് നാട്ടുകാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. വള്ളക്കടവിലെത്തിയ മന്ത്രിക്കും റവന്യു ഉദ്യോഗസ്ഥര്‍ക്കും നേരെ നാട്ടുകാര്‍ പ്രതിഷേധിച്ചു.
ഓരോ രാത്രിയും പേടിയോടെയാണ് പെരിയാറിന്റെ തീരത്തുള്ളവര്‍ കഴിയുന്നത്. കേരളത്തെ അറിയിക്കാതെ ഡാം തുറന്ന് വിടുന്നതിനാല്‍ ഉദ്യോഗസ്ഥര്‍ക്കും മുന്‍കരുതല്‍ എടുക്കാനാകുന്നില്ല.
"
https://www.facebook.com/Malayalivartha