പിള്ളയാണെ സത്യം... വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന കേരള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വീണ്ടും പിളര്‍പ്പ്; ഇത്തവണ പിളര്‍ന്നത് ബാലകൃഷ്ണ പിള്ളയുടെ സ്വന്തം മക്കളുടെ കേരള കോണ്‍ഗ്രസ്; ആളില്ലാതെ നട്ടം തിരിയുന്ന പാര്‍ട്ടിയില്‍ എന്തിനാണോ എന്തോ പിളര്‍പ്പ്

കേരള കോണ്‍ഗ്രസിന്റെ പല പിളര്‍പ്പുകളും കണ്ടിട്ടുള്ളതാണ്. എല്ലാത്തിനും വ്യക്തമായ ഒരു കാരണം കാണും. എന്നാല്‍ കുടുംബത്തിലെ തര്‍ക്കവും വെല്ലുവിളിയുമാണ് കേരള കോണ്‍ഗ്രസ് ബാലകൃഷപിള്ള വിഭാഗത്തിലെ തര്‍ക്കത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. എല്ലാത്തിനും കാരണം പൊന്നാങ്ങളയും പൊന്ന് പെങ്ങളും തമ്മിലുള്ള സ്വത്ത് തര്‍ക്കമാണ്. ഗണേഷ് കുമാറിന് കിട്ടേണ്ടിയിരുന്ന മന്ത്രിസ്ഥാനം പോലും നഷ്ടപ്പെടുത്തിയത് പൊന്നു പെങ്ങളാണ്. ഇപ്പോഴിതാ ആര്‍. ബാലകൃഷ്ണപിള്ളയുടെ മകള്‍ ഉഷാ മോഹന്‍ദാസിനെ ചെയര്‍പഴ്‌സനാക്കി പുതിയ പാര്‍ട്ടി വന്നിരിക്കുകയാണ്. ഇതും കേരളം സഹിക്കണം.
അങ്ങനെ കേരള കോണ്‍ഗ്രസ് (ബി) പിളര്‍ന്നു. ഉഷാ മോഹന്‍ദാസിനെ ചെയര്‍പഴ്‌സനാക്കി പുതിയ സംസ്ഥാന കമ്മിറ്റി നിലവില്‍ വന്നു. പോള്‍ ജോസഫ് (വൈസ് ചെയര്‍മാന്‍), എം.വി.മാണി (വര്‍ക്കിങ് ചെയര്‍മാന്‍) എന്നിവരെയും നിയമിച്ചു. എല്‍ഡിഎഫ് യോഗങ്ങളിലേക്ക് ഇനി മുതല്‍ ഉഷാ മോഹന്‍ദാസിനെയും എം.വി. മാണിയേയുമാണു വിളിക്കേണ്ടതെന്ന് ആവശ്യപ്പെട്ട് ഇടതു മുന്നണി നേതൃത്വത്തിനു കത്തു നല്‍കുമെന്ന് പുതിയ നേതൃത്വം പറഞ്ഞു.
കെ.ബി. ഗണേഷ് കുമാര്‍ പാര്‍ട്ടി വൈസ് ചെയര്‍മാന്‍, പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുമെന്നാണ് പുതിയ നേതൃത്വം അറിയിച്ചത്. കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനായിരുന്ന ആര്‍. ബാലകൃഷ്ണപിള്ളയുടെ മരണ ശേഷം മകന്‍ കെ.ബി. ഗണേഷ്‌കുമാറായിരുന്നു ചെയര്‍മാന്‍. അദ്ദേഹം ചെയര്‍മാന്‍ സ്ഥാനത്ത് സ്വയം അവരോധിച്ചതാണെന്ന് പുതിയ ഭാരവാഹികള്‍ പറഞ്ഞു
പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ അനുമതിയില്ലാതെ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് എത്തിയവരെ നീക്കാന്‍ ആവശ്യപ്പെടും. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിക്കു കീഴിലാണു ബാലകൃഷ്ണപിള്ള ട്രസ്‌റ്റെന്ന് ഭാരവാഹികള്‍ വിശദീകരിച്ചു. കൊല്ലം ജില്ലാ പ്രസിഡന്റ് ഒഴികെ മറ്റു ജില്ലകളില്‍ നിന്നുള്ള ഭാരവാഹികളെല്ലാം യോഗത്തില്‍ പങ്കെടുത്തതായി അവര്‍ അറിയിച്ചു.
അതേസമയം, പിളര്‍പ്പിന്റെ കാര്യത്തില്‍ സിപിഎം പ്രതികരിച്ചിട്ടില്ല. ചെറുകക്ഷികള്‍ക്ക് ഊഴം വച്ചു മന്ത്രി സ്ഥാനം നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ ആദ്യ ഊഴം ഇത്തവണ തീരുമാനിച്ചിരുന്നത് കെ.ബി. ഗണേഷ് കുമാറിനാണ്. എന്നാല്‍ ബാലകൃഷ്ണപിള്ളയുടെ വില്‍പത്രത്തില്‍ ഗണേഷ് കുമാര്‍ ക്രമക്കേട് നടത്തിയെന്ന് ആരോപിച്ച് സത്യപ്രതിജ്ഞയുടെ തലേദിവസം ഉഷ മോഹന്‍ദാസ് മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും കണ്ടതോടെയാണ് മന്ത്രിപദം ഗണേഷിനു കിട്ടാതെ പോയത്. പാര്‍ട്ടിയുടെ ഏക എംഎല്‍എ താനാണ് എന്നതാണ് ഗണേഷിന് അനുകൂലമായ ഘടകം.
പിളര്‍പ്പുകള്‍ക്ക് കേരള കോണ്‍ഗ്രസില്‍ ശമനമില്ല. കേരള കോണ്‍ഗ്രസിലെ (ബി) പിളര്‍പ്പ് കൂടിയായതോടെ സംസ്ഥാന രാഷ്ട്രീയത്തിന്റെ മുഖ്യധാരയില്‍ തന്നെ 8 കേരള കോണ്‍ഗ്രസുകളായി. യുഡിഎഫാണ് ഈറ്റില്ലമെങ്കില്‍ പെറ്റുപെരുകിയത് എല്‍ഡിഎഫിലാണ് എന്നതാണ് കൗതുകകരം.
കെ.എം. മാണിയുടെ പൈതൃകം പേറുന്ന കേരള കോണ്‍ഗ്രസ് (എം) ഇപ്പോള്‍ ഇടതുമുന്നണിയില്‍. ഒപ്പം ആര്‍.ബാലകൃഷ്ണപിള്ള സ്ഥാപിച്ച കേരള കോണ്‍ഗ്രസ്(ബി), ജനാധിപത്യ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് (സ്‌കറിയ തോമസ്) എന്നിവ മുന്നണിയിലെ ഘടകകക്ഷികളാണ്. ഇതില്‍പെട്ട, ഇപ്പോള്‍ കെ.ബി.ഗണേഷ്‌കുമാര്‍ നയിക്കുന്ന കേരള കോണ്‍ഗ്രസ് (ബി) ആണ് രണ്ടായിരിക്കുന്നത്. ഇതോടെ എല്‍ഡിഎഫുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന കേരള കോണ്‍ഗ്രസുകള്‍ തന്നെ അഞ്ചായി. ഇതില്‍ സ്‌കറിയ തോമസ് വിഭാഗം 2 ചേരികളായാണു നില്‍ക്കുന്നത്.
പി.ജെ.ജോസഫ് നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ്, ടി.എം.ജേക്കബ് സ്ഥാപിച്ച കേരള കോണ്‍ഗ്രസ് (ജേക്കബ്) എന്നിവയാണ് ഇപ്പോള്‍ യുഡിഎഫിലുള്ളത്. 'കേരള കോണ്‍ഗ്രസ്' എന്ന പേരിനു വേണ്ടി നടന്ന നിയമയുദ്ധങ്ങള്‍ക്ക് ഒടുവില്‍ അതു ലഭിച്ചത് പി.സി.തോമസിന്റെ നേതൃത്വത്തിലുളള വിഭാഗത്തിനായിരുന്നു. ആ വിഭാഗവും പി.ജെ.ജോസഫ് വിഭാഗവും കൂടി ലയിച്ചതോടെ ബ്രാക്കറ്റ് വേണ്ടാത്ത കേരള കോണ്‍ഗ്രസ് അദ്ദേഹത്തിന്റേതാണ്. എന്‍ഡിഎയിലും ഉണ്ട് ഒരു കേരള കോണ്‍ഗ്രസ്: കുരുവിള മാത്യൂസ് ചെയര്‍മാനായ നാഷനലിസ്റ്റ് കേരള കോണ്‍ഗ്രസ്.
"
https://www.facebook.com/Malayalivartha


























