പൂട്ടിക്കെട്ടേണ്ടി വരും... കേരളത്തില്‍ ഇനി വ്യവസായം തുടങ്ങില്ല എന്ന് ശപഥം ചെയ്ത കിറ്റക്‌സ് എംഡിക്ക് ചുവട് പിഴയ്ക്കുന്നു; കിറ്റക്‌സിന്റേയും ട്വന്റി ട്വന്റിയുടേയും ആണിക്കല്ല് ഇളക്കി ഇതര സംസ്ഥാന തൊഴിലാളികള്‍; ആദ്യമായി പോലീസ് അസോസിയേഷന്‍ രംഗത്ത്

പൊലീസിനെ മുള്‍മുനയിലാക്കി 6 മണിക്കൂര്‍ ആക്രമണം നടത്തിയ ഇതര സംസ്ഥാന തൊഴിലാളികള്‍ കിറ്റക്‌സിന്റെ അടിവേരിളക്കുകയാണ്. കേരളത്തില്‍ ഇനി വ്യവസായം തുടങ്ങില്ല എന്ന് ശപഥം ചെയ്ത കിറ്റക്‌സ് എംഡി സാബു എം ജേക്കബിന് ചുവട് പിഴയ്ക്കുകയാണ്. ഇതുവരെ സാബു ജേക്കബ് മേനി പറഞ്ഞതെല്ലാം ഒറ്റയടിക്ക് വീഴുകയാണ്.
കിഴക്കമ്പലത്ത് പൊലീസിന് നേരെ ഉണ്ടായ ആക്രമണത്തെ കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ ശക്തമായി അപലപിച്ചു. സംഘടിതമായി ഇത്തരമൊരു ആക്രമണം സംസ്ഥാനത്ത് ആദ്യമാണ്. ഇതിന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ധൈര്യം നല്‍കിയത് എന്താണ് എന്നത് അന്വേഷിക്കണം.
ലേബര്‍ കാംപില്‍ മദ്യവും ലഹരിമരുന്നും ഉപയോഗിച്ച് തൊഴിലാളികള്‍ തമ്മിലടിക്കുന്നതായി നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ചാണു പൊലീസ് സംഘം അവിടെ എത്തിയത്. അവരെ ആക്രമിക്കുകയും 2 പൊലീസ് വാഹനങ്ങള്‍ തകര്‍ക്കുകയും കത്തിക്കുകയും ചെയ്തു. സംഭവത്തില്‍ തൊഴിലുടമകള്‍ക്ക് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്‍.ബിജു പറഞ്ഞു.
അതേസമയം അപ്രതീക്ഷിതമായുണ്ടായ സംഭവത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നതു കമ്പനി അടച്ചുപൂട്ടാന്‍ നിരന്തരം ശ്രമിക്കുന്നവരാണെന്നും നിയമം ലംഘിക്കുന്നവരെ സംരക്ഷിക്കില്ലെന്നും കിറ്റെക്‌സ് എംഡി സാബു എം.ജേക്കബ് പറഞ്ഞു. പൊലീസ് ജീപ്പിനു തീകൊളുത്തിയ പ്രധാന കുറ്റവാളിയെ സിസിടിവി പരിശോധനയില്‍ തിരിച്ചറിഞ്ഞു കമ്പനി അധികൃതര്‍ തന്നെയാണു പൊലീസിനു കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പോലീസിനെ നടുക്കിയ ആക്രമണമുണ്ടായത്. ഇതിനെപ്പറ്റി പോലീസുകാര്‍ തന്നെ പറയുന്നതിതാണ്. കൂരാക്കൂരിരുട്ട്. ഇരുട്ടില്‍ എവിടെയൊക്കെയോ നിന്നു ചീറിയെത്തുന്ന വലിയ കരിങ്കല്ലുകള്‍. അക്രമിസംഘത്തിന് ഇടയില്‍പ്പെട്ടു പോയതിനാല്‍ എങ്ങോട്ടോടി രക്ഷപ്പെടണമെന്നു പോലുമറിയാതെ പൊലീസുകാര്‍. ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരില്‍ പലരും തലയ്ക്കും കൈക്കും ഏറു കൊണ്ടു മുറിവേറ്റു നിലത്തുവീണു. ഏറു തടയാനുള്ള ഷീല്‍ഡ് കയ്യിലുണ്ടായിരുന്നില്ല. ജീപ്പിന്റെ ചില്ലുകള്‍ കല്ലും വടിയും ഉപയോഗിച്ചു തല്ലിത്തകര്‍ക്കുകയായിരുന്നു ഒരു സംഘം.
ഉള്ളിലുള്ള പൊലീസുകാര്‍ പുറത്തിറങ്ങി രക്ഷപ്പെടാതിരിക്കാന്‍ നാല്‍പതോളം വരുന്ന അക്രമികള്‍ ഡോറില്‍ ചവിട്ടിപ്പിടിച്ചു നിന്നു. ചില്ലു തകര്‍ത്ത ശേഷം ഉള്ളിലേക്കു കയ്യിട്ടും പൊലീസുകാരെ മര്‍ദിച്ചു. കുറെ തൊഴിലാളികള്‍ വാഹനത്തിനു മുകളില്‍ കയറി നിന്നു. ചിലര്‍ സംഭവമെല്ലാം മൊബൈലില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ഒടുവില്‍ വാതില്‍ ചവിട്ടിപ്പൊളിച്ചാണു പൊലീസുകാര്‍ പുറത്തിറങ്ങിയത്. ഇവരെ തൊഴിലാളികള്‍ വീണ്ടും വളഞ്ഞിട്ടു മര്‍ദിച്ചു.
പൊലീസുകാരെ ജീപ്പിനുള്ളിലിട്ടു തീ കൊളുത്താന്‍ പോലും അവര്‍ മടിക്കില്ലായിരുന്നുവെന്നു തോന്നി. എസ്‌ഐ ഉള്‍പ്പെടെയുള്ളവരെ വലിയ കല്ലുകൊണ്ടു തലയ്ക്കിടിച്ചു വീഴ്ത്തിയ ശേഷമാണു ക്രൂരമായി മര്‍ദിച്ചത്.
കുന്നത്തുനാട് ഇന്‍സ്‌പെക്ടര്‍ വി.ടി. ഷാജന്റെ വാക്കുകളാണിത്. കല്ലേറില്‍ തലയ്ക്കും കൈയ്ക്കും ഗുരുതരമായി പരുക്കേറ്റ ഷാജന്‍ ചികിത്സയിലാണ്. പരുക്കേറ്റ എസ്‌ഐ ഒ.വി.സാജന്‍, ഇന്‍സ്‌പെക്ടര്‍ വി.ടി.ഷാജന്‍, ശിവദാസന്‍, സുബൈര്‍, രാജേന്ദ്രന്‍ എന്നിവര്‍.
രാത്രി 11ന് നടന്ന സംഭവമറിഞ്ഞ് ആദ്യമെത്തിയ കണ്‍ട്രോള്‍ റൂം വാഹനം തൊഴിലാളികള്‍ തല്ലിത്തകര്‍ത്തതോടെയാണു കുന്നത്തുനാടു സ്‌റ്റേഷനിലെ വിരലിലെണ്ണാവുന്നത്ര ഉദ്യോഗസ്ഥര്‍ ഉടന്‍ കിറ്റെക്‌സിനു മുന്‍പിലെത്തിയത്. ഒട്ടേറെ പൊലീസുകാര്‍ ക്രിസ്മസ് അവധിയിലായിരുന്നു. അക്രമം തടയാന്‍ ശ്രമിച്ചതോടെ നാല്‍പതോളം തൊഴിലാളികള്‍ പൊലീസിനു നേരെ തിരിഞ്ഞു. തമ്മില്‍ത്തല്ലിക്കൊണ്ടിരുന്ന ഇരുവിഭാഗവും ഒത്തുചേര്‍ന്നു പൊലീസിനെ ആക്രമിക്കാനെത്തി. എണ്ണത്തില്‍ കുറവായിരുന്ന പോലീസുകാര്‍ ഇതോടെയാണ് പെട്ടുപോയത്.
https://www.facebook.com/Malayalivartha



























