ഇത് ലെവല്‍ വേറെ... പോലീസിന് നേരെ അഴിഞ്ഞാടിയ അതിഥിത്തൊഴിലാളികളെ തിരിച്ചറിയാനാകുന്നില്ല; എല്ലാവരുടെ മുഖവും ഏതാണ്ട് ഒരുപോലെ; രാത്രിയുടെ മറവില്‍ പലരേയും തിരിച്ചറിയാനും പറ്റിയില്ല; എല്ലാവരും തങ്ങള്‍ നിരപരാധികളാണെന്ന് ആണയിടുന്നു

കിറ്റക്‌സിലെത്തിയ പോലീസുകാര്‍ക്ക് ഒന്നൊന്നര അനുഭവമാണ് ഉണ്ടായത്. അക്രമം തടയാനെത്തിയ വിരലിലെണ്ണാവുന്ന പോലീസുകാര്‍ അക്ഷരാര്‍ത്ഥത്തില്‍ പെട്ടുപോയി. കിറ്റെക്‌സ് ഗാര്‍മെന്റ്‌സിലെ അതിഥിത്തൊഴിലാളികളുടെ ക്വാര്‍ട്ടേഴ്‌സില്‍ ക്രിസ്മസ് ആഘോഷത്തിനിടെയുണ്ടായ അക്രമം വന്‍ സംഘര്‍ഷത്തിലെത്തുകയായിരുന്നു. കുന്നത്തുനാട് പൊലീസ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ 9 പൊലീസുകാര്‍ക്കു പരുക്ക്. അക്രമികള്‍ 4 പൊലീസ് വാഹനങ്ങള്‍ തകര്‍ത്തു. ഒരു പട്രോളിങ് ജീപ്പിനു തീയിട്ടു.
കേസെടുത്ത പൊലീസ് 156 പേരെ കസ്റ്റഡിയിലെടുത്തു. 24 പേരെ അറസ്റ്റ് ചെയ്തു. പക്ഷെ ഇപ്പോഴും ആരാണ് പോലീസിന് നേരെ ആക്രണം നടത്തിയെന്ന് കണ്ടെത്താന്‍ കഴിയുന്നില്ല. എല്ലാ ഇതര സംസ്ഥാന തൊഴിലാളികളുടേയും മുഖം ഒരുപോലെ. ശബ്ദം കേട്ടും തിരിച്ചറിയാന്‍ പറ്റുന്നില്ല. എല്ലാവരും നിരപരാധികളാണെന്നാണ് സ്വയം പറയുന്നത്. ഇതോടെ കോടതിയില്‍ പോയാല്‍ എല്ലാവരും രക്ഷപ്പെടുമോയെന്ന ആശങ്കയുമുണ്ട്.
കുന്നത്തുനാട് ഇന്‍സ്‌പെക്ടര്‍ വി.ടി.ഷാജന്‍, എസ്‌ഐ ഒ.വി.സാജന്‍, വിവിധ സ്‌റ്റേഷനുകളിലെ പൊലീസുകാരായ രാജേന്ദ്രന്‍, ശിവദാസ്, ശിവദാസന്‍, സുബൈര്‍ എന്നിവരെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലര്‍ക്കും തലയ്ക്കാണു പരുക്ക്. ക്യാംപില്‍ നിന്നുള്ള പൊലീസുകാരായ കെ.എ.ഫസില്‍, ടി.സനു മോഹന്‍, എ.ടി.ആദര്‍ശ്, ഇ.ആര്‍.സനില്‍ എന്നിവരും കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. തൊഴിലാളികളില്‍ ചിലര്‍ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
ശനിയാഴ്ച രാത്രി 11 മണിയോടെയാണു സംഭവങ്ങളുടെ തുടക്കം. ക്വാര്‍ട്ടേഴ്‌സില്‍ ക്രിസ്മസ് കാരള്‍ നടത്തിയതുമായി ബന്ധപ്പെട്ടു ചില സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തര്‍ക്കം ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലേക്കു നീങ്ങിയതോടെ സെക്യൂരിറ്റി ജീവനക്കാര്‍ ഇടപെട്ടു. ഇതോടെ കൂട്ടയടിയായി. ഒരു വിഭാഗം തൊഴിലാളികള്‍ തെരുവിലിറങ്ങി അക്രമം തുടര്‍ന്നു. ഓഫിസിനുള്ളില്‍വച്ചു സെക്യൂരിറ്റി ജീവനക്കാര്‍ തൊഴിലാളികളെ മര്‍ദിച്ചെന്ന പരാതി ഉയര്‍ന്നതോടെ സംഘര്‍ഷം മൂര്‍ഛിച്ചു.
സെക്യൂരിറ്റി ജീവനക്കാര്‍ വിവരം അറിയിച്ചതോടെ 12.30നു കുന്നത്തുനാട് സ്‌റ്റേഷന്റെ പട്രോളിങ് ജീപ്പ് സ്ഥലത്തെത്തി. എണ്ണത്തില്‍ കുറവായിരുന്ന പൊലീസുകാര്‍ അക്രമം നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും തൊഴിലാളികള്‍ കല്ലെറിയുകയും വടി ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. ഇതിനിടെയാണ് ഇന്‍സ്‌പെക്ടര്‍ക്കും പൊലീസുകാര്‍ക്കും പരുക്കേറ്റത്.
തുടര്‍ന്ന് ഒരു പൊലീസ് ജീപ്പിനു തീയിട്ട അക്രമികള്‍ മറ്റൊരു ജീപ്പ് തല്ലിത്തകര്‍ത്തു ടയറുകള്‍ കുത്തിക്കീറി. സമീപത്തെ സ്‌റ്റേഷനുകളില്‍ നിന്നു കൂടുതല്‍ പൊലീസിനെ എത്തിച്ചെങ്കിലും സ്ഥിതി നിയന്ത്രണ വിധേയമാക്കാനായില്ലെന്നു മാത്രമല്ല, പൊലീസിനു നേരേയുള്ള കല്ലേറു ശക്തമായി. ഒടുവില്‍, റൂറല്‍ എസ്പി കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ക്യാംപില്‍ നിന്നുള്‍പ്പെടെ പൊലീസുകാര്‍ സ്ഥലത്തെത്തിയാണു സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്.
രാവിലെ 6ന് നൂറ്റന്‍പതോളം ഇതര സംസ്ഥാനത്തൊഴിലാളികളെ അറസ്റ്റ് ചെയ്തു വിവിധ പൊലീസ് സ്‌റ്റേഷനുകളിലേക്കു മാറ്റി. മദ്യലഹരിയിലാണു തൊഴിലാളികള്‍ ആക്രമണം നടത്തിയതെന്ന് ആരോപണമുണ്ട്. അതേസമയം, കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ എല്ലാ സഹായവും പൊലീസിനു നല്‍കുമെന്നു കിറ്റെക്‌സ് എംഡി സാബു എം.ജേക്കബ് പറഞ്ഞു.
സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു തൊഴില്‍വകുപ്പ്. ജില്ലാ ലേബര്‍ ഓഫിസറോടു റിപ്പോര്‍ട്ട് തേടിയതായി മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. ഒറ്റപ്പെട്ട സംഭവമായാണു കാണുന്നതെന്നും കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്നും മന്ത്രി പറഞ്ഞു. അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പെരുമ്പാവൂര്‍ എഎസ്പി അനുജ് പലിവാലിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha



























