രൺജീത്തിനെ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗവും സിനിമാ താരവുമായ ഖുശ്ബു. രൺജീത്തിന്റെ വീട് സന്ദർശിച്ച ശേഷമായിരുന്നു പ്രതികരണം

ആലപ്പുഴയിലെ ബിജെപി പ്രവർത്തകൻ രൺജീത്തിനെ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗവും സിനിമാ താരവുമായ ഖുശ്ബു. രൺജീത്തിന്റെ വീട് സന്ദർശിച്ച ശേഷമായിരുന്നു പ്രതികരണം. കൊല്ലപ്പെട്ട രൺജിത്തിന്റെ പേരിൽ ഒരു സ്റ്റേഷനിലും ഒരു കേസോ പരാതിയോ ഇല്ല. കൃത്യമായി ആസൂത്രണം ചെയ്തത് നടപ്പിലാക്കിയ കൊലപാതകമാണ്. കേസിലെ എല്ലാ പ്രതികളെയും ഉടൻ പിടികൂടണമെന്നും ഖുശ്ബു ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് കേരളാ മുഖ്യമന്ത്രി ഉറപ്പ് നൽകണമെന്നും ഖുശ്ബു ആവശ്യപ്പെട്ടു.
അതേ സമയം രൺജീത്ത് കൊലക്കേസിൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് എസ്ഡിപിഐ പ്രവർത്തകരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പൊലീസ് കസ്റ്റഡിയിലായിരുന്ന ആലപ്പുഴ വെള്ളക്കിണർ സ്വദേശികളായ അനൂപ് അഷ്റഫ്, റസീബ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരുടെ കൂട്ടുപ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാണ്.
ആലപ്പുഴ വെള്ളക്കിണർ സ്വദേശിയായ അനൂപ് അഷ്റഫിനെ ബംഗളൂരുവിൽ നിന്നാണ് പൊലീസ് പിടികൂടിയത്. സംസ്ഥാനത്തിന് പുറത്തുനടത്തിയ വ്യാപക തെരച്ചിലിനൊടുവിലാണ് മുഖ്യപ്രതികളിൽ ഒരാളായ ഇയാളെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ബൈക്കിലെത്തിയ 12 അംഗം സംഘത്തിൽ ഉൾപ്പെട്ടയാളാണിത്.
അന്വേഷണസംഘം ഇതര സംസ്ഥാനങ്ങളിലെ എസ്ഡിപിഐ ശക്തി കേന്ദ്രങ്ങളിൽ അന്വേഷണം തുടരുകയാണ്. പന്ത്രണ്ടംഗ കൊലയാളി സംഘമാണ് ബിജെപി നേതാവ് രൺജീത്ത് ശ്രീനിവാസനെ കൊലപ്പെടുത്താന്‍ എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിരുന്നു. പ്രഭാതസവാരിക്കായി വീട്ടില്‍ നിന്നും ഇറങ്ങാനിരിക്കെയാണ് ഒരു സംഘമെത്തി രഞ്ജിത്തിനെ വെട്ടികൊലപ്പെടുത്തിയത്.
എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാന്റെ വധവുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് ആലുവ ജില്ലാ പ്രചാരക് അനീഷ് അറസ്റ്റില്‍. ഗൂഢാലോചന നടത്തിയ ആര്‍എസ്എസ് നേതാക്കള്‍ക്ക് ഒളിത്താവളം ഒരുക്കിയത് അനീഷാണ്. മലപ്പുറം സ്വദേശിയാണ്. ഇതോടെ ഷാന്‍ വധക്കേസില്‍ പിടിയിലായവരുടെ എണ്ണം 15 ആയി. കേസിൽ 16 പ്രതികളാണ് ഉള്ളത്.
വയലാറിലെ നന്ദു കൃഷ്ണ വധത്തിന്റെ പ്രതികാരമായാണു കെ.എസ്.ഷാനിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. കൃത്യത്തെക്കുറിച്ച് ചില ഉന്നത നേതാക്കൾക്ക് അറിയാമായിരുന്നു. പ്രതികൾക്കു രക്ഷപ്പെടാൻ ഉന്നത നേതാക്കളുടെ സഹായം കിട്ടിയതായും റിമാൻഡ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ഡിസംബർ 18ന് രാത്രിയാണ് മണ്ണഞ്ചേരി പൊന്നാടിനു സമീപം നടുറോഡിൽ വച്ചാണ് കെ.എസ്.ഷാനിനു വെട്ടേറ്റത്. വീട്ടിലേക്കു സ്കൂട്ടറിൽ പോകുമ്പോൾ പിന്നാലെ കാറിലെത്തിയവർ ഷാനിനെ ഇടിച്ചുവീഴ്ത്തി ദേഹമാസകലം വെട്ടുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഷാന്റെ മരണത്തിന് മണിക്കൂറുകള്‍ക്കകം ആലപ്പുഴയിലെ ബിജെപി നേതാവ് രൺജീത് ശ്രീനിവാസും കൊല്ലപ്പെട്ടു. 19നു പുലര്‍ച്ചെ ആറരയോടെ ഒരു സംഘം വീട്ടില്‍ക്കയറി രൺജീത് ശ്രീനിവാസിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
https://www.facebook.com/Malayalivartha


























