ദിലീപിന്റെ അറസ്റ്റ് എപ്പോഴുണ്ടാകുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് എഡിജിപി ശ്രീജിത്ത്; അന്വേഷണം വി ഐ പിയിലേക്കും: ദിലീപിന്റെ സഹോദരന്റെ വീട്ടിലെ പരിശോധന പൂര്‍ത്തിയായി

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അറസ്റ്റ് എപ്പോഴുണ്ടാകുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് എഡിജിപി ശ്രീജിത്ത്. റെയിഡില്‍ കസ്റ്റഡിയിലെടുത്ത വസ്തുക്കളെകുറിച്ച് വിശദീകരിക്കാനും അദ്ദേഹം തയാറായില്ല.
എന്നാല്‍ കോടതിയുടെ അനുമതിയോടെയാണ് ദിലീപിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയതെന്ന് വ്യക്തമാക്കിയ അദ്ദേഹം ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിലും അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസിലുമാണ് റെയ്‌ഡെന്നും സൂചന നൽകുകയായിരുന്നു. അന്വേഷണം ചുരുങ്ങിയ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അവകാശം ഉന്നയിച്ചു.
വിഐപിയുടെ കാര്യത്തിലടക്കം അന്വേഷണം തുടരുന്നുവെന്നാണ് പൊലിസ് വിശദീകരിച്ചിരിക്കുന്നത്. ദിലീപിന്റെ സഹോദരന്റെ വീട്ടിലെ പരിശോധനയും പൂര്‍ത്തിയായി.
നടന്‍ ദിലീപിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധന ഏഴ് മണിക്കൂറാണ് നീണ്ടത്. പരിശോധനയില്‍ ഹാര്‍ഡ് ഡിസ്‌കുകളും മൊബൈല്‍ ഫോണുകളും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ദിലീപിന്റെ മൊബൈല്‍ ഫോണും കസ്റ്റഡിയിലെടുത്തതായാണ് വിവരം. ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പരിശോധന നടത്തിയത്.
https://www.facebook.com/Malayalivartha























