പരീക്ഷ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കും... എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷാ തീയതികളില്‍ മാറ്റമില്ല... സ്‌കൂള്‍ അടയ്ക്കല്‍ എല്ലാവര്‍ക്കും ബാധകം, തിങ്കളാഴ്ച ഉന്നതതലയോഗം ചേരുമെന്ന് വിദ്യാഭ്യാസമന്ത്രി

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷാ തീയതികളില്‍ മാറ്റമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. 21 മുതല്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും 9 വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് ഓഫ്ലൈന്‍ ക്ലാസ് ഉണ്ടാകില്ല. കുട്ടികളുടെ കാര്യത്തില്‍ റിസ്‌ക് എടുക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.
സ്‌കൂള്‍ അടയ്ക്കല്‍ എല്ലാവര്‍ക്കും ബാധകമാണ്. അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്കും സിബിഎസ്ഇ സ്‌കൂളുകള്‍ക്കും നിയന്ത്രണം ബാധകമാണ്. തിങ്കളാഴ്ച ഉന്നതതലയോഗം ചേരുമെന്ന് വിദ്യാഭ്യാസമന്ത്രി.
ജനുവരി 21 മുതല്‍ രണ്ടാഴ്ചക്കാലം ഒമ്പതാം ക്ലാസ് വരെ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ അധ്യയനം നടത്തിയാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. ഫെബ്രുവരി രണ്ടാം വാരം ഇത് തുടരണമോയെന്ന് പരിശോധിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ രണ്ടാഴ്ചവരെ അടച്ചിടാന്‍ പ്രിന്‍സിപ്പല്‍/ഹെഡ്മാസ്റ്റര്‍ക്ക് അധികാരം നല്‍കും.
സംസ്ഥാനത്ത് തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കോവിഡ് വ്യാപനം ഏറ്റവും അധികമുള്ളത്. കോവിഡുമായി ബന്ധപ്പെട്ട ഡാറ്റാ കോവിഡ് ജാഗ്രതാ പോര്‍ട്ടലിലൂടെ ആരോഗ്യ വകുപ്പ് പോലീസ്, തദ്ദേശ സ്വയംഭരണം, റവന്യൂ തുടങ്ങി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ലഭ്യമാക്കേണ്ടതാണ്.കോവിഡ് ക്ലസ്റ്ററുകള്‍ കണ്ടെത്തി ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ കളക്ടര്‍മാരോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്ന ഗര്‍ഭിണികള്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനം അനുവദിക്കും.സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേതുള്‍പ്പെടെ എല്ലാ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഓണ്‍ലൈന്‍ ആയി നടത്തേണ്ടതാണ്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ല്‍ കൂടുതലുള്ള ജില്ലകളില്‍ സാമൂഹ്യ, സാംസ്‌കാരിക, സാമുദായിക പരിപാടികള്‍ക്കും വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയുടേത് പോലെ 50 പേരായി പരിമിതപ്പെടുത്തും. കൂടുതല്‍ പേര്‍ പങ്കെടുക്കേണ്ട നിര്‍ബന്ധിത സാഹചര്യങ്ങളില്‍ പ്രത്യേക അനുവാദം വാങ്ങണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ല്‍ കൂടുതല്‍ വന്നാല്‍ പൊതുപരിപാടികള്‍ നടത്താന്‍ അനുവദിക്കില്ല.
"
https://www.facebook.com/Malayalivartha























