ഈ നാട്ടിലെ സ്ത്രീകളെല്ലാം ഇനി ബിന്ദു അമ്മിണി പറഞ്ഞതുപോലെ നാടുവിടണോ? അതോ അതി നീചമായ ഇത്തരം നീതിനിഷേധങ്ങള്‍ക്കെതിരെ കൂട്ടത്തോടെ ഹരാക്കിരി ചെയ്യണോ? നീതിയെന്നത് പുരുഷന്, അധികാരസ്ഥാനത്തിരിക്കുന്നവര്‍ക്ക് കയ്യൂക്കുള്ളവര്‍ക്ക് മാത്രം അവകാശപ്പെട്ട ഒരു കാര്യമാണോ? ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ വെറുതെ വിട്ട കോടതി വിധിയെ വിമര്‍ശിച്ച് സാമൂഹിക പ്രവര്‍ത്തക കെ. അജിത

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കഴിഞ്ഞ ദിവസം വെറുതെ വിട്ട കോടതി വിധിയെ വിമര്‍ശിച്ച് നിരവധിപേരാണ് രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ കോടതിയെ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സാമൂഹിക പ്രവര്‍ത്തക കെ. അജിത. ഒരു സാക്ഷി പോലും മൊഴി മാറ്റാതിരുന്നിട്ടും ഈ കേസിന് എന്തു സംഭവിച്ചുവെന്ന് അവര്‍ ചോദിക്കുകയാണ്. ‘അന്വേഷണ ഉദ്യോഗസ്ഥരുടെ ഇന്നത്തെ പ്രസ്താവനകള്‍ പ്രകാരം ഒരു സാക്ഷി പോലും മൊഴിമാറിയിട്ടില്ല. ഈ കേസില്‍ പരമാവധി തെളിവുകള്‍ പൊലീസ് നല്കിയെന്ന് അവര്‍ തന്നെ പറയുന്നു. എന്നിട്ടെന്താണ് സംഭവിച്ചത്?,’ എന്നും അജിത ഫേസ്ബുക്കിൽ കുറിച്ചു.
അജിതയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;
കന്യാസ്ത്രീമഠങ്ങളില്‍ നടക്കുന്ന അതിഭീകരമായ ലൈംഗികപീഡനങ്ങളുടെ കഥകളില്‍ അടുത്ത കാലത്ത് ഏററവും കുപ്രസിദ്ധിയാര്‍ജ്ജിച്ച കേസാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റേത്.
ഐസ്‌ക്രീം പാര്‍ലര്‍ കേസിലും നടിയെ ആക്രമിച്ച കേസിലും സാക്ഷികളുടെ മൊഴിമാറ്റം ഒരു പ്രധാന കാരണമായിരുന്നുവെങ്കില്‍ ഈ കേസില്‍, അന്വേഷണ ഉദ്യോഗസ്ഥരുടെ ഇന്നത്തെ പ്രസ്താവനകള്‍ പ്രകാരം ഒരു സാക്ഷി പോലും മൊഴിമാറിയിട്ടില്ല. ഈ കേസില്‍ പരമാവധി തെളിവുകള്‍ പൊലീസ് നല്കിയെന്ന് അവര്‍ തന്നെ പറയുന്നു. എന്നിട്ടെന്താണ് സംഭവിച്ചത്?
ഈ നാട്ടിലെ സ്ത്രീകളെല്ലാം ഇനി ബിന്ദു അമ്മിണി പറഞ്ഞതുപോലെ നാടുവിടണോ? അതോ അതി നീചമായ ഇത്തരം നീതിനിഷേധങ്ങള്‍ക്കെതിരെ കൂട്ടത്തോടെ ഹരാക്കിരി ചെയ്യണോ? നീതിയെന്നത് പുരുഷന്, അധികാരസ്ഥാനത്തിരിക്കുന്നവര്‍ക്ക് കയ്യൂക്കുള്ളവര്‍ക്ക് മാത്രം അവകാശപ്പെട്ട ഒരു കാര്യമാണോ?
അത്രമാത്രം പ്രതിഷേധവും അമര്‍ഷവും നിരാശയുമുണ്ട് ഞങ്ങള്‍ക്ക്. നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ ഇങ്ങനെ കരിങ്കല്‍ ഭിത്തിയോട് തലതല്ലിച്ചാവുകയേ വഴിയുള്ളോ? നമ്മുടെയൊക്കെ വോട്ടുകള്‍ കൊണ്ട് അധികാരത്തിലേറിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും സര്‍ക്കാറിനും ഒന്നും പറയാനില്ലേ?
ഞങ്ങള്‍, കേരളത്തിലെ സ്ത്രീകള്‍ അവര്‍ക്കൊപ്പമാണ്–ഫ്രാങ്കോയുടെ പീഡനങ്ങളേററ് മുറിവേററ ശരീരവും മനസ്സുമായി ഇന്നും പോരാട്ടത്തിന്റെ വഴിയില്‍ ഉറച്ചുനില്ക്കുന്ന ആ കന്യാസ്ത്രീയോടും അവരെ പിന്തുണയ്ക്കുന്ന മററു കന്യാസ്ത്രീ സഹോദരിമാരോടും ഒപ്പം! ഇത്തരം പരാജയങ്ങളിലൂടെയാണ് നമ്മള്‍ വിജയത്തിന്റെ പടവിലെത്തുക. ഈ ചരിത്രനിയമം നാം മറക്കാതിരിക്കുക!
https://www.facebook.com/Malayalivartha























