കൊടും പട്ടിണി ! വിശപ്പ് സഹിക്കാനാകാതെ മാലിന്യ കൂമ്പാരത്തില്‍ നിന്ന് ഭക്ഷണം കഴിച്ച് ആനകള്‍ : ഒടുവില്‍ പ്ലാസ്റ്റിക് ഉള്ളില്‍ ചെന്ന് അതിദാരുണമായ അന്ത്യം :ഉള്ളുലയ്ക്കുന്ന കാഴ്ച

വിശപ്പ് സഹിക്കാനാകാതെ മാലിന്യം കഴിക്കുന്ന ആനകളുടെ ചിത്രം ഉള്ളുലയ്ക്കുന്ന വേദനയോടെയാണ് നാം കണ്ടത്. ശ്രീലങ്കയുടെ കിഴക്കന്‍ മേഖലയായ അമ്പാരയിലെ പല്ലാക്കാട് ഗ്രാമത്തിലെ മാലിന്യം നിക്ഷേപിക്കുന്ന പ്രദേശത്ത് നിന്നുള്ള ചിത്രമാണ് പുറത്തുവന്നത്. പ്ലാസ്റ്റിക് അമിതമായി ഉള്ളില്‍ ചെന്ന് എട്ട് വര്‍ഷങ്ങള്‍ക്കിടയില്‍ 20 ആനകളാണ് ഇവിടെ ചരിഞ്ഞത്.
കഴിഞ്ഞ ആഴ്ച ഇടവിട്ട ദിവസങ്ങളില്‍ രണ്ട് ആനകള്‍ ചരിഞ്ഞതോടെയാണ് പല്ലാക്കാട് ഗ്രാമത്തിലെ പ്രതിസന്ധി വീണ്ടും ചര്‍ച്ചയാകുന്നത്. ചരിഞ്ഞ ആനകളുടെ വയറില്‍ നടത്തിയ പരിശോധനയില്‍ പ്ലാസ്റ്റിക് മാലിന്യം വലിയ തോതില്‍ കണ്ടെത്തിയെന്ന് ശ്രീലങ്കയിലെ മൃഗരോഗ വിദഗ്ധനായ നിഹാല്‍ പുഷ്പകുമാര അറിയിച്ചു.
പോളിത്തീന്‍ ബാഗുകള്‍, ചിപ്‌സ്, ബിസ്‌ക്കറ്റ് പോലെയുള്ളവയുടെ റാപ്പറുകള്‍ ആയിരുന്നു കൂടുതല്‍. ആനകള്‍ സാധാരണ കഴിക്കുന്ന ഭക്ഷണത്തിന്റെ അംശങ്ങള്‍ വയറില്‍ കുറവായിരുന്നെന്നും നിഹാല്‍ പുഷ്പകുമാര പറഞ്ഞു. പ്ലാസ്റ്റിക് വയറില്‍ കുറേയെറെ നിറയുന്നതോടെ ആനകള്‍ വരും ദിവസങ്ങളില്‍ വളരെ ദുര്‍ബലരാവുകയും ക്രമേണ മരണത്തിന് കീഴടങ്ങുകയുമാണ് ചെയ്യുന്നത്.
ആനകള്‍ പുണ്യമൃഗങ്ങളായാണ് ശ്രീലങ്കയില്‍ കണക്കാക്കപ്പെടുന്നത്. ശ്രീലങ്കയിലെ ഏറ്റവും പ്രശ്‌സത ആനയായ നടുംഗമുവ രാജയ്ക്ക് പൊലീസ്, സൈനിക അകമ്പടി വരെയുണ്ട്. ഇങ്ങനെയൊക്കെ ആണെങ്കിലും ആനകളുടെ പൊതുവിലുള്ള സ്ഥിതി രാജ്യത്ത് അത്ര നന്നല്ലെന്നാണ് പഠനം.
പത്തൊന്‍പതാം നൂറ്റാണ്ടില്‍ ആകെ 14000 ആനകള്‍ ശ്രീലങ്കയിലുണ്ടായിരുന്നു. എന്നാല്‍ 2011ല്‍ നടത്തിയ കണക്കെടുപ്പില്‍ വെറും 6000 എണ്ണം മാത്രമാണ് അവശേഷിക്കുന്നത്.
വനനശീകരണം മൂലം പ്രകൃതിദത്തമായ ആവാസവ്യവസ്ഥ നശിക്കുന്നതാണു ശ്രീലങ്കയിലെ ആനകളുടെ ദുര്‍ഗതിക്കു കാരണമാകുന്നതെന്നാണു പരിസ്ഥിതി വിദഗ്ധര്‍ പറയുന്നത്. ഇതോടെ കടുത്ത ഭക്ഷ്യ ദൗര്‍ലഭ്യം നേരിടുന്ന ഇവ ഭക്ഷണം തേടി ജനവാസ മേഖലകളിലേക്കിറങ്ങി. ആനക്കൊമ്പിനായി വേട്ടക്കാരും വിളകള്‍ നശിപ്പിക്കുന്നതിനാല്‍ കര്‍ഷകരും ഇവയെ കൊല്ലുന്നത് പതിവാണ്. യൂറോപ്യന്‍ സഹകരണത്തോടെ സ്ഥാപിക്കപ്പെട്ട മാലിന്യ സംസ്‌കരണ കേന്ദ്രമാണ് പല്ലാക്കാട്. പക്ഷേ ഇവിടെ മാലിന്യം തള്ളുന്നതല്ലാതെ സംസ്‌കരണം നടക്കുന്നില്ല.
ഇതിനെ ചുറ്റിയുള്ള ഇലക്ട്രിക് വേലി ഇടിമിന്നലില്‍ നശിച്ചിരുന്നു. ഇത് നന്നാക്കാതെയായതോടെയാണ് ആനകള്‍ ഉള്‍പ്പെടെ മൃഗങ്ങള്‍ ഇവിടേക്ക് സൈ്വര്യ വിഹാരം തുടങ്ങിയത്. പല്ലാക്കാട് കൂടാതെ 54 മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങള്‍ കൂടി രാജ്യത്തെ വനമേഖലകള്‍ക്കു സമീപത്തായുണ്ട്.
ഇവിടങ്ങളില്‍ 300ല്‍ അധികം ആനകള്‍ ഭക്ഷണം തേടിയെത്താറുണ്ടെന്നു നിരീക്ഷകര്‍ പറയുന്നു. 2014 ല്‍ സ്ഥലത്തെ സംരക്ഷിക്കുന്ന വൈദ്യുത വേലി ഇടിമിന്നലേറ്റ് തകര്‍ന്നു. എന്നാല്‍ ഇത് അധികാരികള്‍ നന്നാക്കിയില്ല, വൈദ്യുത വേലി ആനകളെ കുപ്പത്തൊട്ടിയില്‍ പ്രവേശിക്കാനും തുരത്താനും സഹായിച്ചിരുന്നു. ആനകള്‍ മാലിന്യക്കുഴിക്ക് സമീപം താമസം മാറിയത് സമീപത്തെ ഗ്രാമവാസികളില്‍ ഭീതി പരത്തിയതായി പരിസരവാസികളും പറയുന്നു.
https://www.facebook.com/Malayalivartha























