എന്ത് വേണോ ചെയ്‌തോ... ഗാന്ധി കുടുംബത്തെ മൂക്കില്‍ കയറ്റുമെന്ന് പറഞ്ഞ് നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ഒന്നും സംഭവിച്ചില്ല; സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയായി തുടരും; കെസി വേണുഗോപാലിനെതിരെ എല്ലാവരും ഒത്തുകൂടി

തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഗാന്ധി കുടുംബത്തെ മൂക്കില്‍ കയറ്റുമെന്ന് പറഞ്ഞ് നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പഴയത് പോലെ ഒന്നും സംഭവിച്ചില്ല. കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയ ഗാന്ധി തുടരും. 5 സംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ദയനീയമായി പരാജയപ്പെട്ട സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ നേതൃതലത്തില്‍ മാറ്റമുണ്ടാകുമെന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു. നാലു മണിക്കൂറോളം നീണ്ട പ്രവര്‍ത്തക സമിതി യോഗം, സോണിയയുടെ നേതൃത്വത്തില്‍തന്നെ മുന്നോട്ടു പോകാമെന്നു തീരുമാനിച്ചു.
അതേസമയം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിനെതിരെ കൂടുതല്‍ പേര്‍ രംഗത്തെത്തി. അത് വേണുഗോപാല്‍ തുറന്ന് പറയുകയും ചെയ്തു. പാര്‍ട്ടിയിലെ പദവിയില്‍നിന്നു തന്നെ നീക്കുന്നതടക്കം സോണിയ ഗാന്ധിക്ക് എന്തുനടപടിയും സ്വീകരിക്കാമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. സ്ഥാനമാനങ്ങള്‍ എല്ലാ കാലത്തും ഒരുകൂട്ടര്‍ക്ക് അവകാശപ്പെട്ടതല്ല. കേരളത്തില്‍ എനിക്കെതിരെ പോസ്റ്റര്‍ പതിച്ചതില്‍ പരാതിയില്ല. തിരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രവര്‍ത്തകര്‍ക്കു നിരാശയുണ്ടാകുമെന്നും വേണുഗോപാല്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലം ആശങ്കാജനകമാണെന്നും തന്ത്രങ്ങള്‍ പിഴച്ചെന്നും യോഗം അഭിപ്രായപ്പെട്ടു. ഉത്തര്‍പ്രദേശ് അടക്കം അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെയാണ് ഞായറാഴ്ച വൈകിട്ടു നിര്‍ണായക പ്രവര്‍ത്തകസമിതി യോഗം ചേര്‍ന്നത്. പാര്‍ട്ടിയുടെ നിലവിലെ പോക്കിനെ വിമര്‍ശിക്കുന്ന ജി23 സംഘം നേതൃത്വമാറ്റം ആവശ്യപ്പെടുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ക്ഷണിതാക്കള്‍, രാജസ്ഥാന്‍, ഛത്തിസ്ഗഡ് മുഖ്യമന്ത്രിമാര്‍ എന്നിവരടക്കം 54 അംഗ വിശാല പ്രവര്‍ത്തക സമിതി യോഗമാണ് സോണിയ വിളിച്ചത്. മുകുള്‍ വാസ്‌നിക്കിനെ പാര്‍ട്ടി അധ്യക്ഷനായി നിര്‍ദേശിക്കാന്‍ ജി23 സംഘം തീരുമാനിച്ചെന്നും വാര്‍ത്തകള്‍ വന്നു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മുന്‍ പ്രതിരോധ മന്ത്രി എ.കെ.ആന്റണി എന്നിവരും മുതിര്‍ന്ന മറ്റു ചില നേതാക്കളും യോഗത്തില്‍നിന്നു വിട്ടുനിന്നെന്നാണു വിവരം.
തിരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളില്‍ കൂടി നിലം പരിശായതോടെ എന്താണു കോണ്‍ഗ്രസിന് സംഭവിക്കുന്നത് എന്നതാണ് ദേശീയ രാഷ്ട്രീയത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന ചോദ്യം. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വീഴ്ചകള്‍ക്കെതിരെ വിരല്‍ ചൂണ്ടിയ പ്രഗത്ഭ നേതാക്കളുടെ സംഘമായ ജി 23 ല്‍ ശശി തരൂരിനെ കൂടാതെ കേരളത്തില്‍ നിന്നു പി.ജെ.കുര്യന്‍ മാത്രമാണ് ഉള്ളത്. കോണ്‍ഗ്രസിന് ഒരു മുഴുവന്‍ സമയ അധ്യക്ഷനെ വേണമെന്ന ആവശ്യം ഉന്നയിച്ച് രണ്ടു വര്‍ഷം മുന്‍പ് ഹൈക്കമാന്‍ഡിനു നല്‍കിയ കത്തില്‍ ഒപ്പു വച്ച മുതിര്‍ന്ന നേതാക്കളില്‍ കുര്യനും ഉള്‍പ്പെടും.
തോല്‍വിയെ കുറിച്ച് പിജെ കുര്യന്‍ പറയുന്നത് ഇങ്ങനെയാണ്. ഉത്തരേന്ത്യന്‍ രാഷ്ട്രീയം നന്നായി മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുള്ളയാളാണ് ഞാന്‍. കേരള രാഷ്ട്രീയത്തില്‍ നിന്നു അതു തികച്ചും വ്യത്യസ്തമാണ്. ജാതിക്കും മതത്തിനും അവിടെ വലിയ പ്രാധാന്യമുണ്ട്. യുപിയില്‍ ജാതീയമായ തിരിവുകള്‍ രൂപപ്പെട്ടപ്പോള്‍ മുതലാണ് കോണ്‍ഗ്രസിന് ക്ഷീണം സംഭവിച്ചു തുടങ്ങിയത്. ബിജെപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിഭാഗീയമായ ചിന്തകള്‍ കൂടുതലായി പ്രോത്സാഹിപ്പിച്ചു. അതിനെ നേരിടുക കോണ്‍ഗ്രസിന് എളുപ്പമായിരുന്നില്ല.
ഹിന്ദിബെല്‍റ്റില്‍ പരക്കെ ഈ സ്ഥിതി ഉണ്ട്. കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താന്‍ മാത്രം ശ്രമിക്കുന്ന മതനിരപേക്ഷ കക്ഷികള്‍ അക്കാര്യം കൂടി കാണണം. കോണ്‍ഗ്രസിന്റെ മതനിരപേക്ഷതയെ ഒരു വിഭാഗം ജനങ്ങളോടുള്ള പക്ഷപാതിത്വമായാണ് ചിത്രീകരിക്കുന്നത്. ഉത്തരേന്ത്യന്‍ ജനതയുടെ വികാരങ്ങളെ മുതലെടുക്കുന്ന ജനാധിപത്യ, മതനിരപേക്ഷ വിരുദ്ധ രാഷ്ട്രീയത്തെ നേരിടാന്‍ കോണ്‍ഗ്രസിനു സാധിക്കുന്നില്ല. അതല്ലാതെ പ്രിയങ്കയുടെ വ്യക്തിപരമായ തോല്‍വിയായി കാണാന്‍ സാധിക്കില്ല. വി.പി.സിങ് മണ്ഡല്‍ രാഷ്ട്രീയം ഉയര്‍ത്തിയപ്പോള്‍ മുതല്‍ കോണ്‍ഗ്രസിന് സംഭവിച്ച ക്ഷീണമാണ് കണക്കിലെടുക്കേണ്ടതെന്നും കുര്യന്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha























