കളി കാര്യമാകുന്നു... യുക്രെയിനെ ആക്രമിച്ച റഷ്യയ്‌ക്കെതിരെ ശത്രുവാകാന്‍ അമേരിക്കയ്ക്ക് ഒരു കാരണം കൂടി; യുക്രെയ്‌നില്‍ യുഎസ് മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു; 2 പേര്‍ക്ക് പരുക്ക്; റഷ്യയാണ് ആക്രമിച്ചതെന്നു യുക്രെയ്ന്‍

റഷ്യയ്‌ക്കെതിരെ അമേരിക്ക യുദ്ധം ചെയ്താല്‍ അത് ലോക മഹായുദ്ധം ആകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അടുത്തിടെ പറഞ്ഞിരുന്നു. എന്നാല്‍ റഷ്യയ്‌ക്കെതിരെ അമേരിക്ക ശക്തമായി നീങ്ങുമെന്നാണ് സൂചന. ശക്തമായ ഉപരോധത്തിന് പിന്നാലെ യുഎസ് മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതാണ് അമേരിക്കയെ പ്രകോപിപ്പിക്കുന്നത്.
റഷ്യന്‍ ആക്രമണം രൂക്ഷമായ യുക്രെയ്‌നില്‍ യുഎസ് മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റു കൊലപ്പെട്ടു. ഡോക്യുമെന്ററി ക്യാമറമാനും ഫൊട്ടോഗ്രാഫറുമായ ന്യൂയോര്‍ക്ക് സ്വദേശി ബ്രെന്റ് റിനൗഡ് (50) ആണ് കൊല്ലപ്പെട്ടതെന്നു വാര്‍ത്താ ഏജന്‍സി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
റഷ്യ–യുക്രെയ്ന്‍ യുദ്ധത്തില്‍ കൊല്ലപ്പെടുന്ന ആദ്യ വിദേശ മാധ്യമപ്രവര്‍ത്തകനാണ് ഇദ്ദേഹം. കീവിനു സമീപം ഇര്‍പിനിലായിരുന്നു ആക്രമണം. മറ്റൊരു യുഎസ് ഫൊട്ടോഗ്രാഫര്‍ യുവാന്‍ അറെഡോണ്‍ഡോയ്ക്ക് ആക്രമണത്തില്‍ പരുക്കേറ്റതായി ഇന്റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് ജേണലിസ്റ്റ്‌സ് അറിയിച്ചു. ഇവരുടെ കാറിലുണ്ടായിരുന്ന അമേരിക്കക്കാരനായ മൂന്നാമത്തെയാള്‍ക്കും പരുക്കുണ്ട്. റഷ്യയാണ് ആക്രമിച്ചതെന്നു യുക്രെയ്ന്‍ ആരോപിച്ചു.
അതേസമയം യുക്രെയ്‌നിലെ യുദ്ധത്തിനെതിരെ റഷ്യയെ രൂക്ഷമായി വിമര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ രംഗത്തെത്തി. റഷ്യ യുക്രെയ്‌നില്‍ നടത്തുന്ന കൂട്ടക്കുരുതി അവസാനിപ്പിക്കണം. യുക്രെയ്ന്‍ നഗരങ്ങളെ ശവപ്പറമ്പാക്കരുത്. അംഗീകരിക്കാനാകാത്ത സായുധാക്രമണമാണ് നടക്കുന്നത്. കുട്ടികളെയും സാധാരണക്കാരെയും അടക്കം കൊല്ലുകയാണ്. ദൈവത്തിന്റെ പേരിലെങ്കിലും ഈ കൂട്ടക്കുരുതി അവസാനിപ്പിക്കൂ എന്ന് മാര്‍പാപ്പ അഭിപ്രായപ്പെട്ടു.
അതിനിടെ, പടിഞ്ഞാറന്‍ യുക്രെയ്‌നില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടെന്നാണു റിപ്പോര്‍ട്ട്. പോളണ്ട് അതിര്‍ത്തിയോടു ചേര്‍ന്ന സൈനിക പരിശീലനകേന്ദ്രം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. മെലിറ്റോപോള്‍ നഗരത്തിലെ മേയറെ റഷ്യന്‍ അനുകൂലികള്‍ തടവിലാക്കിയതു പിന്നാലെ റഷ്യ പുതിയ മേയറെ നിയമിച്ചു. റഷ്യ രാസായുധങ്ങള്‍ പ്രയോഗിച്ചാല്‍ നാറ്റോ ഇടപെടുമെന്നു പോളണ്ട് പ്രധാനമന്ത്രി മുന്നറിയിപ്പുനല്‍കി.
ഏറ്റവും സുരക്ഷിതമായി കരുതിയിരുന്ന പടിഞ്ഞാറന്‍ മേഖലയിലെ ലിവിനു സമീപമുള്ള യവോറിവിലെ സൈനിക പരിശീലന കേന്ദ്രത്തിലാണ് റഷ്യയുടെ 30 മിസൈലുകള്‍ പതിച്ചത്. പോളണ്ട് അതിര്‍ത്തിയില്‍നിന്ന് 10 കിലോമീറ്റര്‍ മാത്രം അകലെയാണ് ഈ കേന്ദ്രം. രാജ്യാന്തര സമാധാനസേനയുടെ കേന്ദ്രമായ ഇവിടെ നാറ്റോ സേനാംഗങ്ങളടക്കം ഉണ്ടാവാറുണ്ട്. കീവ് അടക്കം മറ്റു യുക്രെയ്ന്‍ നഗരങ്ങളിലും ശക്തമായ ആക്രമണം തുടരുന്നു. കീവില്‍ ഒഴിപ്പിക്കല്‍ ദൗത്യത്തിനിടയിലെ ആക്രമണത്തില്‍ സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടെന്നു യുക്രെയ്ന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
റഷ്യന്‍ സേന വടക്കുനിന്നും പടിഞ്ഞാറുനിന്നും വടക്കുകിഴക്കന്‍ മേഖലയില്‍നിന്നും മുന്നേറ്റം തുടരുന്നതോടെ ഒറ്റപ്പെടല്‍ ഭീതിയില്‍ യുക്രെയ്ന്‍ തലസ്ഥാനമായ കീവ്. പടിഞ്ഞാറന്‍ യുക്രെയ്‌നിലുള്ള ലീവ് നഗരത്തില്‍ റഷ്യന്‍ സേന നടത്തിയ വ്യോമാക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടതായും 57 പേര്‍ക്കു പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
എല്ലാ മേഖലകളില്‍നിന്നും കീവ് നഗരം വളയുന്നതിനിടെ, സുരക്ഷിത ഇടങ്ങളിലേക്കു മാറാന്‍ ശ്രമിച്ച ഒരു സംഘം വനിതകളെയും കുട്ടികളെയും റഷ്യന്‍ സേന വെടിവച്ചു വീഴ്ത്തിയെന്നും ഒരു കുട്ടിയടക്കം 7 പേര്‍ മരിച്ചെന്നും യുക്രെയ്ന്‍ ആരോപിച്ചു.
അതേസമയം, തുറമുഖ നഗരമായ മാരിയുപോളില്‍ റഷ്യന്‍ സേന ആക്രമണം തുടരുകയാണ്. ഇവിടെ 1,500ല്‍ അധികം പൗരന്‍മാര്‍ മരിച്ചതായാണു റിപ്പോര്‍ട്ടുകള്‍. ആയിരക്കണക്കിന് പൗരന്‍മാരെ സുരക്ഷിത ഇടങ്ങളിലേക്കു മാറ്റാനുള്ള ശ്രമവും പരാജയപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
"
https://www.facebook.com/Malayalivartha























