സഖാക്കളല്ല സഖാക്കളേ... മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹന വ്യൂഹത്തിനിടയിലേക്ക് ബൈക്കുകള്‍ ഓടിച്ചുകയറ്റി; ചുവന്ന കൊടി കണ്ടു സിപിഎം പ്രവര്‍ത്തകരോ, അഭിവാദ്യം അര്‍പ്പിക്കാന്‍ എത്തിയവരോ ആണെന്നു കരുതി പോലീസ് തെറ്റിദ്ധരിച്ചു; അവസാനം പോലീസ് തന്നെ അവരെ തടഞ്ഞു

ചെങ്കൊടി കണ്ടാല്‍ അത് സഖാക്കളായിരിക്കുമെന്ന് ധരിച്ചാല്‍ അത് തെറ്റാകുമെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. അങ്ങനെ തെറ്റിദ്ധരിച്ചതിന്റെ ഫലമായി ആകെ ആശയക്കുഴപ്പമുണ്ടായി. ഇതിന്റെ ഫലമായി പത്തോളം ബൈക്കുകള്‍ മുഖ്യമന്ത്രിയുടെ വ്യൂഹത്തിനിടയിലേക്കു ഓടിച്ചുകയറ്റി. തെറ്റ് മനസിലായ പോലീസ് ഉടന്‍ ഇടപെട്ട് നിയന്ത്രണം ഏറ്റെടുത്തു.
കഴിഞ്ഞ ദിവസമാണ് നഗരമധ്യത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹന വ്യൂഹത്തിനിടയിലേക്കു ചെങ്കൊടിയുമായി പത്തോളം ബൈക്കുകള്‍ ഓടിച്ചുകയറ്റിയത് അങ്കലാപ്പ് സൃഷ്ടിച്ചത്. നഗരത്തിലെ ഒരു ഹോട്ടലിന്റെ പരസ്യ പ്രചാരണത്തിന് എത്തിയതായിരുന്നു ഈ ബൈക്കുകള്‍. ചുവന്ന കൊടി കണ്ടു സിപിഎം പ്രവര്‍ത്തകരോ, അഭിവാദ്യം അര്‍പ്പിക്കാന്‍ എത്തിയവരോ ആണെന്നു കരുതി തടയാതിരുന്ന പൊലീസുകാര്‍ ഇളിഭ്യരായി.
ഇത് സുരക്ഷാവീഴ്ചയെന്ന പരാതിയും ഉയര്‍ന്നു. ഇന്നലെ 11.30ന് ജനറല്‍ ആശുപത്രി എകെജി സെന്റര്‍ റോഡിലായിരുന്നു സംഭവം. മുഖ്യമന്ത്രി അതു വഴി കടന്നു പോകുന്നതിനാല്‍ മറ്റു വാഹനങ്ങളെല്ലാം ഇവിടെ തടഞ്ഞിട്ടിരുന്നു. അപ്പോഴാണു പത്തോളം ബൈക്കുകള്‍ ചീറിപ്പാഞ്ഞ് എത്തിയത്. പൊലീസ് ഈ ബൈക്കുകള്‍ കടത്തിവിട്ടു. മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹനവ്യൂഹത്തില്‍ കടന്ന് അദ്ദേഹത്തിന്റെ കാറിനു തൊട്ടടുത്ത് എത്തിയപ്പോഴാണ് ഹോട്ടലിന്റെ പരസ്യക്കാരാണെന്നു പൊലീസ് തിരിച്ചറിഞ്ഞത്.
തുടര്‍ന്ന് എംഎല്‍എ ഹോസ്റ്റലിനു മുന്‍പില്‍ പൊലീസ് ജീപ്പ് കുറുകെയിട്ടു ബൈക്കുകാരെ തടഞ്ഞു നിര്‍ത്തി താക്കീതു നല്‍കിയ ശേഷം വിട്ടയച്ചു. ഹോട്ടലിന്റെ പ്രചാരണത്തിനായി മുന്‍കൂട്ടി അറിയിച്ചാണു ബൈക്ക് റാലി നടത്തിയതെന്നു സംഘാടകര്‍ അറിയിച്ചു. സമയവും റൂട്ടും നേരത്തേ പരസ്യപ്പെടുത്തിയിരുന്നു. എന്നിട്ടും സിറ്റി സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഈ വിവരം അറിഞ്ഞില്ല എന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
മുഖ്യമന്ത്രിയ്ക്ക് വലിയ സുരക്ഷയാണ് പോലീസുകാര്‍ ഒരുക്കുന്നത്. ഒരു ചെറിയ പാളീച്ച പോലും ഉണ്ടാകാതിരിക്കാന്‍ അവര്‍ ജാഗരൂകരാണ്. കഴിഞ്ഞ ഡിസംബറില്‍ മുഖ്യമന്ത്രി വാഹനത്തിന് എസ്‌കോര്‍ട്ട് പോയ വാഹനങ്ങള്‍ അപകടത്തില്‍ പെട്ടത് വലിയ വാര്‍ത്തയായിരുന്നു. മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോയതിന് ശേഷമാണ് അപകടം ഉണ്ടായത്. കണ്ണൂരിലെ പയ്യന്നൂര്‍ പെരുമ്പയിലാണ് അപകടം അന്നുണ്ടായത്. മൂന്ന് വാഹനങ്ങള്‍ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു.
കാസര്‍കോട്ടെ സി.പി.എം. പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നു മുഖ്യമന്ത്രി. തൊട്ടുപിന്നാലെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉണ്ടായിരുന്നു. വലിയൊരു സുരക്ഷാ വീഴ്ചയായാണ് പോലീസ് ഈ സംഭവത്തെ കാണുന്നത്.
കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ ആംബുലന്‍സ് ഉണ്ടായിരുന്നു. ഇതിന് തൊട്ടുപിറകിലായി സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ വാഹനം, അതിന് പിറകിലായി മറ്റൊരു പോലീസ് എസ്‌കോര്‍ട്ട് വാഹനം എന്നിങ്ങനെ ആയിരുന്നു ഉണ്ടായിരുന്നത്. ഈ മൂന്ന് വാഹനങ്ങളാണ് ഇടിച്ചത്.
പയ്യന്നൂര്‍ പെരുമ്പ പാലം കഴിഞ്ഞ ശേഷമായിരുന്നു അപകടം. സമീപത്തെ സിനിമാ തീയേറ്ററില്‍ ഷോ അവസാനിച്ച സമയം കൂടിയായിരുന്നു ഇത്. മറ്റൊരു വാഹനം മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ വാഹനവ്യൂഹത്തിലേക്ക് കയറുകയായിരുന്നു. ഇതേത്തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്റെ വാഹനത്തിന് തൊട്ടു പിന്നില്‍ ഉണ്ടായിരുന്ന വാഹനം ബ്രേക്കിട്ടു. ഇതാണ് പിന്നാലയുണ്ടായിരുന്ന വാഹനങ്ങള്‍ പരസ്പരം ഇടിക്കാന്‍ കാരണമായത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെങ്കിലും അന്വേഷണം നടത്തി. അതിന് ശേഷം ഇപ്പോഴാണ് സുരക്ഷാ പ്രശ്‌നം വാര്‍ത്തകളില്‍ നിറയുന്നത്.
"
https://www.facebook.com/Malayalivartha























