ദിലീപിന് വീണ്ടും കുരുക്ക്... നടിയെ പീഡിപ്പിച്ച കേസില്‍ ദിലീപിന്റെ ഫോണില്‍ നിന്നു മായ്ച്ച വിവരങ്ങള്‍ വീണ്ടെടുക്കാന്‍ സൈബര്‍ വിദഗ്ധര്‍ രംഗത്തെത്തുന്നു; മുംബൈയിലെ സ്വകാര്യ ഫൊറന്‍സിക് ലാബിലെ വിദഗ്ധരുടെ സഹായത്തോടെ മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ പ്രതിഭാഗം മായ്ച്ചുകളഞ്ഞതായി ആരോപണം

കൊച്ചിയില്‍ നടിയെ പീഡിപ്പിച്ച കേസ് വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്. കേസിലെ മുഖ്യപ്രതി നടന്‍ ദിലീപിന്റെ മൊബൈല്‍ ഫോണില്‍ നിന്നു മായ്ച്ചുകളഞ്ഞ വിവരങ്ങള്‍ വീണ്ടെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം തുടങ്ങി. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ സൈബര്‍ വിദഗ്ധരുടെ സഹായം തേടും.
മുംബൈയിലെ സ്വകാര്യ ഫൊറന്‍സിക് ലാബിലെ വിദഗ്ധരുടെ സഹായത്തോടെയാണു മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ പ്രതിഭാഗം മായ്ച്ചുകളഞ്ഞത്. ഈ മായ്ച്ചുകളയുന്ന ഡേറ്റ വീണ്ടെടുക്കാനുള്ള അത്യാധുനിക സോഫ്റ്റ്‌വെയറുകള്‍ എന്‍ഐഎയുടെ പക്കലുണ്ട്. ദേശവിരുദ്ധ സ്വഭാവമുള്ള യുഎപിഎ കേസുകളില്‍ ഫൊറന്‍സിക് അന്വേഷണം നടത്താന്‍ കേരള പൊലീസ് എന്‍ഐഎ അടക്കമുള്ള കേന്ദ്ര ഏജന്‍സികളുടെ സഹകരണം തേടാറുണ്ട്.
കോടതിയുടെ അനുമതിയോടെ തിരുവനന്തപുരം ഫൊറന്‍സിക് സയന്‍സ് ലാബില്‍ നടത്തിയ പരിശോധനയിലാണ്, പ്രതിഭാഗം കോടതിയില്‍ കൈമാറിയ ഫോണുകളില്‍ തിരിമറി നടത്തിയതായി കണ്ടെത്തിയത്. ഫോണ്‍ ഹൈക്കോടതി റജിസ്ട്രിയില്‍ സമര്‍പ്പിക്കാന്‍ ഉത്തരവിട്ടതിനു ശേഷം നടത്തിയ തിരിമറികളുടെ വിശദാംശങ്ങള്‍ അന്വേഷണ സംഘം കോടതിക്കു കൈമാറും.
തെളിവു നശിപ്പിക്കല്‍ കുറ്റത്തിന്റെ പരിധിയില്‍ വരുന്ന പ്രവൃത്തിയാണു പ്രതിഭാഗം അഭിഭാഷകരുടെ സഹകരണത്തോടെ നടന്‍ ദിലീപും കൂട്ടാളികളും നടത്തിയതെന്നാണു ക്രൈംബ്രാഞ്ചിന്റെ ആരോപണം. പീഡനക്കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്നതാണു ദിലീപിനെതിരെ ക്രൈംബ്രാഞ്ച് റജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസിലെ ആരോപണം. ഈ കേസും പുരോഗമിക്കുകയാണ്.
നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി കഴിഞ്ഞ ദിവസം ജയില്‍ മോചിതനായിരുന്നു. അഞ്ച് വര്‍ഷമായി ജയിലില്‍ തുടരുന്ന മാര്‍ട്ടിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചതോടെയാണ് പുറത്തിറങ്ങിയത്. കോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ ഒന്നും പ്രതികരിക്കുന്നില്ലെന്ന് മാര്‍ട്ടിന്‍ പറഞ്ഞു.
ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യം, തൃശൂര്‍ എറണാകുളം ജില്ലകള്‍ക്ക് പുറത്ത് പോകരുത് തുടങ്ങിയവയാണ് ജാമ്യവ്യവസ്ഥകള്‍. ആക്രമിക്കപ്പെട്ട നടിയുടെ വാഹനം ഓടിച്ചിരുന്നത് മാര്‍ട്ടിനാണ്.
അതേസമയം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി എന്‍.എസ്.സുനിലിനെ (പള്‍സര്‍ സുനി) ജാമ്യത്തില്‍ ഇറക്കി കൊലപ്പെടുത്താന്‍ കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപും കൂട്ടാളികളും പദ്ധതിയിട്ടെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴികള്‍ ആലപ്പുഴ പട്ടണക്കാട് സ്വദേശി ദാസന്‍ സ്ഥിരീകരിച്ചു. കേസിന്റെ തുടക്കസമയത്തു നടന്‍ ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിലെ കാവല്‍ക്കാരനായിരുന്നു ദാസന്‍.
ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് ടി.എന്‍. സുരാജ് ഇക്കാര്യം മറ്റാരോടൊ ഫോണില്‍ സംസാരിക്കുന്നതു കേട്ടിട്ടുണ്ടെന്നും ദാസന്‍ മൊഴി നല്‍കി. 2007 മുതല്‍ 2020 ഡിസംബര്‍ വരെ ദിലീപിന്റെ വീട്ടിലെ കാവല്‍ക്കാരനായിരുന്നു ദാസന്‍.
ബാലചന്ദ്രകുമാര്‍ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ ദാസന്‍ വെളിപ്പെടുത്തിയ കാര്യങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. ഇക്കാര്യം മനസ്സിലാക്കിയ ദിലീപിന്റെ സഹോദരന്‍ അനൂപ് അവരുടെ അഭിഭാഷകന്റെ ഓഫിസില്‍ തന്നെ കൊണ്ടുപോയി പൊലീസിനോടു പറയേണ്ട മൊഴികള്‍ പഠിപ്പിച്ചതായും ദാസന്‍ ക്രൈംബ്രാഞ്ചിനോടു വെളിപ്പെടുത്തി.
"
https://www.facebook.com/Malayalivartha























