മലയാളികള്‍ പേടിസ്വപ്നമാകുന്നു... ബെംഗളൂരുവില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ കാര്‍ തടഞ്ഞ് ഒരു കോടി രൂപ കവര്‍ന്നു; പോലീസ് നടത്തിയ അന്വേഷണത്തില്‍ 10 മലയാളികള്‍ പിടിയില്‍; പിടിയിലായവര്‍ തൃശൂര്‍ മലപ്പുറം സ്വദേശികള്‍

വിമാനത്തിലെത്തി കൊച്ചിയില്‍ മോഷണം നടത്തിയ വാര്‍ത്ത നമ്മള്‍ കഴിഞ്ഞ ദിവസം കണ്ടതാണ്. ഇപ്പോഴിതാ ബെംഗളൂരുവില്‍ മലയാളികള്‍ നടത്തിയ മോഷണമാണ് പുറത്താകുന്നത്. നഗരത്തില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ കാര്‍ തടഞ്ഞുനിര്‍ത്തി ഒരു കോടി രൂപ കവര്‍ന്ന കേസില്‍ 10 മലയാളികള്‍ അറസ്റ്റിലായി.
തൃശൂര്‍ സ്വദേശി പി.കെ.രാജീവ്, ചാലക്കുടി സ്വദേശികളായ വിഷ്ണുലാല്‍, ടി.സി.സനല്‍, എറണാകുളം മരട് സ്വദേശി അഖില്‍, നിലമ്പൂര്‍ സ്വദേശികളായ ജസിന്‍ ഫാരിസ്, സനഫ്, സമീര്‍, സൈനുലാബ്ദീന്‍, എ.പി.ഷെഫീഖ്, റംഷീദ് മുസ്താഫ് എന്നിവരെയാണ് മാദനായകനഹള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് പത്തു ലക്ഷത്തോളം രൂപയും രണ്ടു കാറും ആയുധങ്ങളും പിടിച്ചെടുത്തു.
മാര്‍ച്ച് 11നു നൈസ് റോഡില്‍ മാദനായകനഹള്ളിയില്‍ വച്ചാണ് സംഭവം. ഹുബ്ബള്ളിയിലെ ബ്രാഞ്ചുകളില്‍ നിന്നുള്ള പണവുമായി നാഗര്‍കോവിലിലേക്ക് പോവുകയായിരുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ കാര്‍ തടഞ്ഞ് ജീവനക്കാരെ ആക്രമിച്ച് പണം കവരുകയായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഗുണ്ടാ നേതാവ് കോടാലി ശ്രീധരന്റെ സംഘത്തിലുള്‍പ്പെട്ടവരാണ് പിടിയിലായതെന്ന് ബെംഗളൂരു റൂറല്‍ പൊലീസ് സൂപ്രണ്ട് കെ. വംശി കൃഷ്ണ പറഞ്ഞു. കൊള്ളമുതലിന്റെ ബാക്കിയുള്ള 90 ലക്ഷം രൂപ ഇയാളുടെ കൈവശമുണ്ടെന്നാണ് സംശയം. ഇയാള്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.
അതേസമയം വിമാനത്തില്‍ വന്ന് കൊച്ചിയില്‍ മോഷണം നടത്തിയതിന്റെ ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല. ഞായറാഴ്ച പൊലീസിന്റെ പിടിയിലായ 3 ഉത്തരേന്ത്യന്‍ മോഷ്ടാക്കളും കൊച്ചിയില്‍ എത്തിയതു വിമാനത്തിലാണ്. 3 ദിവസം കൊണ്ട് ഇവര്‍ പകല്‍ മോഷണം നടത്തിയത് പൂട്ടിക്കിടന്ന 6 ആഡംബര വീടുകളില്‍. മോഷണങ്ങളെല്ലാം വിവിധ സ്‌റ്റേഷനുകളുടെ അധികാര പരിധിയില്‍പെട്ട വെറും 10 കിലോമീറ്റര്‍ ചുറ്റളവില്‍. മോഷണമുതലുമായി കേരളം വിടുന്നതിനു തൊട്ടുമുന്‍പു പ്രതികള്‍ മൂവരും അറസ്റ്റിലായതു ഡ്യൂട്ടി സമയമോ അധികാരപരിധിയോ പരിഗണിക്കാതെ എറണാകുളം സിറ്റിയിലെ എല്ലാ സ്‌റ്റേഷനുകളിലെയും പൊലീസുകാര്‍ ഒറ്റക്കെട്ടായി തിരച്ചിലിന് ഇറങ്ങിയതോടെയാണ്.
ന്യൂഡല്‍ഹി ജെജെ കോളനിയില്‍ താമസിക്കുന്ന ഉത്തരാഖണ്ഡ് രുദ്രാപുര്‍ ഷിംലാ ബഹാദൂര്‍ സ്വദേശി മിന്റു വിശ്വാസ് (47), ന്യൂഡല്‍ഹി ഹിചാമയ്പുരില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശ് മുസ്താകം ജീപുര്‍ സ്വദേശി ഹരിചന്ദ്ര (33), ഉത്തര്‍പ്രദേശ് കുത്പുര്‍ അമാവതി ചന്ദ്രഭാന്‍ (38) എന്നിവരാണു കടവന്ത്ര പൊലീസിന്റെ പിടിയിലായത്.
70,000 രൂപ, 4 മൊബൈല്‍ ഫോണ്‍, ഒന്നര ലക്ഷം രൂപ വിലയുള്ള ഒരെണ്ണം ഉള്‍പ്പെടെ 2 വാച്ചുകള്‍, 411 ഡോളര്‍ (21,200 രൂപ), 20 പവന്‍ ആഭരണങ്ങള്‍ എന്നിവയുള്‍പ്പെടെ മോഷണ മുതല്‍ പ്രതികളുടെ കയ്യില്‍ നിന്നും താമസസ്ഥലത്തെ ബാഗില്‍ നിന്നുമായി വീണ്ടെടുത്തു. ഞായറാഴ്ച തന്നെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ പ്രതികള്‍ നഗരം വെളുപ്പിച്ചേനെ എന്നാണു പൊലീസ് ഉന്നതര്‍ പറയുന്നത്.
കടവന്ത്ര സ്‌റ്റേഷന്‍ പരിധിയില്‍ 2, എളമക്കരയില്‍ 2, പാലാരിവട്ടത്ത് 1, നോര്‍ത്ത് പരിധിയില്‍ 1 എന്നിങ്ങനെയായിരുന്നു മോഷണങ്ങള്‍. ഒരേ രീതിയില്‍ വീടിന്റെ പൂട്ടു തകര്‍ത്ത് ഉള്ളില്‍ കടക്കുകയായിരുന്നു. എളമക്കരയില്‍ റസിഡന്റ്‌സ് അസോസിയേഷന്‍ സ്ഥാപിച്ച ക്യാമറയില്‍ നിന്നു മോഷ്ടാക്കളുടെ ദൃശ്യത്തില്‍ നിന്നാണ് പൊലീസിനു സൂചന ലഭിച്ചത്. പാന്റ്‌സും ഷര്‍ട്ടും ധരിച്ച് ആര്‍ക്കും ഒരു സംശയവും നല്‍കാതെ റോഡിലൂടെ പ്രതികള്‍ നടന്നു നീങ്ങുന്ന ദൃശ്യമാണ് ആദ്യം ലഭിച്ചത്.
ഇവര്‍ പല തവണ ഇതേ ക്യാമറയുടെ മുന്നിലൂടെ പരിസരം വീക്ഷിച്ചു നടന്നു പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചതോടെ മോഷ്ടാക്കളെപ്പറ്റി പൊലീസിന് ഏകദേശ രൂപമായി. അതോടെ ശനിയാഴ്ച രാത്രി 10ന് പൊലീസ് ഉന്നതര്‍ യോഗം ചേര്‍ന്ന് നഗരത്തിലെ എല്ലാ സ്‌റ്റേഷനുകളിലെയും പൊലീസുകാരെ ചേര്‍ത്ത് അന്വേഷണം നടത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ കുടുങ്ങിയത്.
"
https://www.facebook.com/Malayalivartha

























