പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരണപ്പെട്ടു, വഴിയരികില്‍ അവശനിലയില്‍ കണ്ട യുവാവിനെ ആശുപത്രിയിലെത്തിച്ചത് നാട്ടുകാര്‍, ജിഷ്ണുവിന്റെ മരണത്തില്‍ ദുരൂഹത

പോലീസിനെ പ്രതിക്കൂട്ടിലാക്കിക്കൊണ്ട് നിരവധി കസ്റ്റഡി മരണങ്ങളാണ് ഈയടുത്ത കാലത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇപ്പോഴിതാ കോഴിക്കോട് നിന്നും സമാനമായ രീതിയില്‍ ഒരു വാര്‍ത്ത കൂടി പുറത്തു വന്നിരിക്കുകയാണ്.
കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശിയായ ജിഷ്ണു എന്ന യുവാവ് കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടു. കോഴിക്കോട് നല്ലളം പോലീസ് ഇന്നലെ രാത്രിയിലാണ് ജിഷ്ണുവിനെ കസ്റ്റഡിയിലെടുത്തത്. വീട്ടില്‍ നിന്നാണ് യുവാവിനെ പോലീസ് കൂട്ടികൊണ്ടുപോയത് എന്നാണ് വിവരം.
കഴിഞ്ഞ കുറച്ചുകാലമായി നിരവധി കസ്റ്റഡി മരണങ്ങളാണ് സംസ്ഥാനത്ത് അങ്ങോളമിങ്ങോളമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. തിരുവനന്തപുരം ജില്ലയിലെ തിരുവല്ലത്ത് സുരേഷ് എന്ന യുവാവിനെ പോലീസ് അതിക്രൂരമായി മര്‍ദ്ദിച്ച് കൊന്ന സംഭവം ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.
തിരുവല്ലത്തെ ജഡ്ജിക്കുന്ന് എന്ന സ്ഥലത്തേക്ക് പോകുകയായിരുന്ന യുവാക്കളെയും യുവതികളെയും തടഞ്ഞതിന്റെ പേരിലാണ് സുരേഷ് അടക്കമുള്ള കുറച്ച് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തത്. ആ സ്ഥലം പുറത്തുനിന്ന് വരുന്നവര്‍ക്ക് സന്ദര്‍ശിക്കാനുള്ള സ്ഥലമല്ലെന്നും തിരിച്ചുപോകണമെന്നുമാണ് ഇവര്‍ ആവശ്യപ്പെട്ടതെങ്കിലും അതൊന്നും ചെവിക്കൊള്ളാതെ വാഹനത്തില്‍ വന്നവര്‍ ജഡ്ജിക്കുന്നിലേക്ക് പോകുകയായിരുന്നു. പിന്നീട് വാഹനത്തില്‍ വന്ന യുവതികളടക്കം പോലീസിനെ വിളിച്ച് സുരേഷിനേയും കൂട്ടരേയും മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയും യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുക്കുകയുമാണ് ഉണ്ടായത്.
കസ്റ്റഡിയിലെടുത്ത യുവാക്കളെ പോലീസ് മര്‍ദ്ദനത്തിന് ഇരയാക്കി. മാത്രമല്ല ഈ വാര്‍ത്തയുടെ സത്യാവസ്ഥയറിയാന്‍ ചെന്നപ്പോള്‍ മരണപ്പെട്ട യുവാവിന്റെ സഹോദരന്‍ സുഭാഷ് പറഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ചുമച്ച് ചോര തുപ്പിയിട്ടും സുരേഷിനെ പോലീസ് ആശുപത്രിയില്‍ എത്തിച്ചിരുന്നില്ല. ഇത്തരത്തിലുള്ള ഗുരുതര ആരോപണങ്ങള്‍ ഉയരുന്നതിനിടയിലാണ് കോഴിക്കോട് നിന്ന് മറ്റൊരു വാര്‍ത്ത പുറത്തുവന്നത്.
എന്നാല്‍ കസ്റ്റഡിയിലെടുത്ത ജിഷ്ണുവിനെ വഴിയരികില്‍ അവശനിലയിലാണ് കണ്ടത്. നാട്ടുകാരാണ് യുവാവിനെ ആശുപകത്രിയില്‍ എത്തിച്ചത്. അതുകൊണ്ട് തന്നെ പോലീസ് മര്‍ദ്ദിച്ചിരുന്നോ എന്നുള്ള കാര്യത്തില്‍ ഇപ്പോള്‍ ഒന്നും ഉറപ്പിക്കാന്‍ കഴിയില്ല. ഇന്നലെ രാത്രി വീട്ടില്‍ നിന്നുമാണ് 28 കാരനായ ജിഷ്ണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
https://www.facebook.com/Malayalivartha

























