വസ്ത്രത്തിൽ മിശ്രിത രൂപത്തിലാക്കി സ്വർണ്ണം കടത്താൻ ശ്രമം, കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് കസ്റ്റഡിയിലായത് ദുബായിൽ നിന്ന് എത്തിയ യുവതി, 356 ഗ്രാം സ്വർണം പിടികൂടി...!

കരിപ്പൂർ വിമാനത്താവളത്തിലെ സ്വർണ്ണവേട്ട തുടരുന്നു. യുവതി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 356 ഗ്രാം സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ കാസർകോട് സ്വദേശിനി ഫാത്തിമത്ത് മുസൈനയെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു. വസ്ത്രത്തിൽ ഒളിപ്പിച്ചാണ് ഇവർ സ്വർണം കടത്താൻ ശ്രമിച്ചത്. മിശ്രിത രൂപത്തിലാക്കി മൂന്ന് പൗച്ചുകളിൽ നിക്ഷേപിച്ചായിരുന്നു സ്വർണം കടത്താൻ ശ്രമം. എയർ ഇന്ത്യാ എക്‌സ്പ്രസ്സ് വിമാനത്തിൽ ദുബായിൽ നിന്നാണ് ഇവർ എത്തിയത്.
അതേസമയം നാല് ദിവസങ്ങൾക്ക് മുമ്പ് നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ചയാൾ പിടിയിലായിരുന്നു. പൂക്കോട്ടൂർ സ്വദേശി നിയാസ് ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും ഒരു കിലോ സ്വർണം പിടികൂടിയത്. വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിക്കുന്നതായി ഡിആർഐയ്‌ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നിയാസിനെ പിടികൂടിയത്. ഷാർജയിൽ നിന്നുമാണ് ഇയാൾ സ്വർണവുമായി വിമാനത്താവളത്തിൽ എത്തിയത്. മലദ്വാരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്.
https://www.facebook.com/Malayalivartha

























