ഹോട്ടല്‍ ഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയും വയറിളക്കവും... ചായ കുടിച്ചതിനെ തുടര്‍ന്ന് ഏഴുവയസ്സുകാരന് ഭക്ഷ്യവിഷബാധ... കല്ലാച്ചി-നാദാപുരം ടൗണുകളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന കര്‍ശനമാക്കി

ഹോട്ടലിലെ ഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയും വയറിളക്കവും റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കല്ലാച്ചി-നാദാപുരം ടൗണുകളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന വളരെ കര്‍ശനമാക്കി.
പഴകിയ പാല്‍ ഉപയോഗിച്ചുള്ള ചായ കുടിച്ചതിനെത്തുടര്‍ന്ന് ഏഴുവയസ്സുകാരന് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് നാദാപുരം ബസ് സ്റ്റാന്‍ഡിലെ ബേയ്ക്ക് പോയന്റ് എന്ന സ്ഥാപനത്തിന് നോട്ടീസ് നല്‍കി. ചൊവ്വാഴ്ച രാവിലെയാണ് കുട്ടി ഇവിടെനിന്ന് ചായ കുടിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് കല്ലാച്ചിയിലെ ഫുഡ് പാര്‍ക്ക് ഹോട്ടലില്‍നിന്ന് മജ്ബൂസ് കഴിച്ച മൂന്ന് കുട്ടികള്‍ക്ക് വയറിളക്കവും ഛര്‍ദിയും റിപ്പോര്‍ട്ട് ചെയ്തു. ഇതേത്തുടര്‍ന്ന് സ്ഥാപനം ആരോഗ്യവകുപ്പ് അധികൃതര്‍ അടപ്പിച്ചു. അന്വേഷണം കഴിയുന്നതുവരെ ഹോട്ടലിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
നിരോധിത കളര്‍ ഉപയോഗിച്ച് എണ്ണക്കടികള്‍ ഉണ്ടാക്കി വില്‍പ്പന നടത്തിയതിനും ലൈസന്‍സ് ഇല്ലാതെ സ്ഥാപനം നടത്തിയതിനും നാദാപുരം ഗവ. താലൂക്കാശുപത്രിയുടെ മുമ്പിലുള്ള ഗണേഷന്റെ കട പൂട്ടാന്‍ നിര്‍ദേശിച്ചു. പരിശോധനയ്ക്ക് ഭക്ഷ്യസുരക്ഷാ ഉദോഗസ്ഥരായ ഫെബിന മുഹമ്മദ് അഷ്‌റഫ്, സനിന മുഹമ്മദ്, നാദാപുരം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേന്ദ്രന്‍ കല്ലേരി എന്നിവര്‍ നേതൃത്വം നല്‍കി.
ഒരാഴ്ചയ്ക്കുള്ളില്‍ നാദാപുരം മേഖലയിലെ മുപ്പതിലധികം കച്ചവടസ്ഥാപനങ്ങളുടെ പേരില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ നടപടിയെടുക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha
























