വല്ലാത്തൊരു ഗതികേട്... ആവേശകരമായ കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് വോട്ടുചെയ്തത് 294പേര്‍; ഗാന്ധി കുടുംബത്തിന്റെ പടിയിറങ്ങില്‍ വേദനിച്ച് നേതാക്കള്‍; പുതിയ അധ്യക്ഷന്‍ വന്നാലും ഗാന്ധി കുടുംബത്തിന്റെ ശബ്ദം അപ്രസക്തമാകില്ലെന്ന് പി ചിദംബരം

വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസില്‍ ഒരു തെരഞ്ഞെടുപ്പ് നടന്നിരിക്കുകയാണ്. ഗാന്ധി കുടുംബത്തിന്റെ പതനമാണ് മുന്നില്‍. ശശി തരൂര്‍ ജയിച്ചാല്‍ പിന്നെ തിരിച്ചു വരിക അപ്രസക്തമാകും. ഖാര്‍ഗെയാണെങ്കില്‍ പേടിക്കേണ്ട.
കോണ്‍ഗ്രസിന് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്താലും പാര്‍ട്ടിക്കുള്ളില്‍ ഗാന്ധി കുടുംബത്തിന്റെ പ്രസക്തി നഷ്ടപ്പെടില്ലെന്ന് മുതിര്‍ന്ന നേതാവ് പി ചിദബരം അഭിപ്രായപ്പെട്ടു. ഗാന്ധിമാരുടെ ശബ്ദം അപ്രസക്തമാകുമെന്ന് ആരും പറയുന്നില്ല എന്നാണ് വോട്ടെടുപ്പ് അവസാനിച്ചതിന് ശേഷം ദേശീയ മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ചിദംബരം പറഞ്ഞത്.
പൊതുതിരഞ്ഞെടുപ്പെന്നപോലെ വീറും വാശിയും നിറഞ്ഞ കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍ ഇന്ദിരാഭവനില്‍ തയ്യാറാക്കിയ രണ്ടു ബൂത്തുകളിലായി 287 പേര്‍ വോട്ട് ചെയ്തു. 310 പേര്‍ക്കാണ് കേരളത്തില്‍ വോട്ടവകാശം ഉണ്ടായിരുന്നത്. ഭാരത് ജോഡോ യാത്രയിലുള്ള രണ്ടുപേരും മറ്റ് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന അഞ്ചുപേരും പുറത്താണ് വോട്ട് ചെയ്തത്.
ഇതുകൂടി ചേര്‍ത്താല്‍ കേരളത്തില്‍ നിന്ന് വോട്ട് ചെയ്തത് 294 പേര്‍. കേരളത്തില്‍ പോളിംഗ് ശതമാനം 94.83. പട്ടികയില്‍ ഉള്‍പ്പെട്ട മൂന്നുപേര്‍ മരണപ്പെട്ടു. ആരോഗ്യപരമായ അവശതകള്‍കാരണം ഒമ്പത് പേരും വിദേശത്തുള്ള രണ്ടുപേരും വോട്ടു ചെയ്തില്ല. പീഡനക്കേസില്‍ ഒളിവില്‍ പോയ എല്‍ദോസ് കുന്നപ്പിള്ളിയും എത്തിയില്ല.
വോട്ടര്‍ കാര്‍ഡിലുണ്ടായ പിഴവുമൂലം സുരേഷ് ബാബു എളയാവൂരിനും വോട്ടു ചെയ്യാനായില്ല. സുരേഷ് ബാബുവിന്റെ പേരിനുപകരം മറ്റൊരു പേരാണ് രേഖപ്പെടുത്തിയിരുന്നത്.മല്ലികാര്‍ജ്ജുന ഖാര്‍ഗേയ്ക്കു വേണ്ടി വി.എസ്.ശിവകുമാര്‍, എ.എ. ഷുക്കൂര്‍, എം.പിമാരായ വി.കെ. ശ്രീകണ്ഠന്‍, ഡീന്‍ കുര്യക്കോസ് എന്നിവരായിരുന്നു ഇലക്ഷന്‍ ഏജന്റുമാര്‍. ശശി തരൂരിന് വേണ്ടി വട്ടിയൂര്‍ക്കാവ് ബ്ലോക്ക് പ്രസിഡന്റ് മണ്ണാമ്മൂല രാജന്‍, കാഞ്ഞിരംകുളം ബ്ലോക്ക് പ്രസിഡന്റ് ശിവകുമാര്‍, വെള്ളറട ബ്ലോക്ക് പ്രസിഡന്റ് വിജയചന്ദ്രന്‍ നായര്‍, കഴക്കൂട്ടം ബ്ലോക്ക് പ്രസിഡന്റ് സനല്‍കുമാര്‍ എന്നിവര്‍ ഏജന്റുമാരായി.
സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ടുതേടി പോസ്റ്ററുകളും ബാനറുകളുമായി പ്രവര്‍ത്തകര്‍ രാവിലെതന്നെ എത്തിയിരുന്നു. ഐക്യത്തിന്റെ ഊഷ്മളതയായിരുന്നു അന്തരീക്ഷമാകെ.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം താമസക്കാരില്ലാത്ത വീടുപോലെ നിശബ്ദമായിരുന്ന ഇന്ദിരാഭവന്‍ ഇന്നലെ ഉത്സമൊരുങ്ങുന്ന അമ്പലപ്പറമ്പു പോലെയായി. മുതിര്‍ന്ന നേതാക്കളായ തെന്നല ബാലകൃഷ്ണപിള്ളയും സി.വി.പദ്മരാജനും ഉള്‍പ്പടെയുള്ളവര്‍ പ്രായത്തിന്റെ പരാധീനതകള്‍ മറന്ന് വോട്ടു ചെയ്യാനെത്തി.
10.45ന് സ്ഥാനാര്‍ത്ഥിയായ ശശിതരൂരുമെത്തി. വടക്കന്‍ മേഖലയിലെ ഏഴുജില്ലകള്‍ക്കായി ഒരുക്കിയ രണ്ടാംനമ്പര്‍ ബൂത്തില്‍ വി.കെ.ശ്രീകണ്ഠന്റെ ഭാര്യ കെ.എ.തുളസിയായിരുന്നു ആദ്യ വോട്ടര്‍. തെക്കന്‍ ജില്ലകള്‍ക്ക് വേണ്ടിയുള്ള ഒന്നാം നമ്പര്‍ ബൂത്തില്‍ തമ്പാനൂര്‍ രവിയും.
വാശിയേറിയ വോട്ടെടുപ്പിന് ഒടുവില്‍ കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷന്‍ ആരെന്ന് നാളെ അറിയാം. അധ്യക്ഷന്മാര്‍ മാറിമാറി വന്നെങ്കിലും , 137 വര്‍ഷത്തെ ചരിത്രത്തില്‍ മത്സരങ്ങള്‍ കുറവായിരുന്നു.
പ്രബലരുടെ സ്ഥാനാര്‍ഥി തന്നെ ജയിക്കും എന്ന ഉറപ്പൊന്നും കോണ്‍ഗ്രസിന്റെ അധ്യക്ഷ തെരഞ്ഞെടുപ്പ് ചരിത്രം പറയുന്നില്ല. ഗാന്ധിജിയുടെ സ്ഥാനാര്‍ഥി തോറ്റിട്ടുണ്ട്. നെഹ്‌റുവിന്റെ ഇഷ്ടക്കാരനും തോറ്റിട്ടുണ്ട്. ആര് ജയിച്ചാലും തോറ്റാലും രണ്ടുപതിറ്റാണ്ടിന് ശേഷം ഗാന്ധി, നെഹ്‌റു കുടുംബത്തിന് പുറത്തുനിന്നൊരു അധ്യക്ഷന്‍ പാര്‍ട്ടിക്ക് ഉണ്ടാകും എന്നതാണ് ഇത്തവണത്തെ പ്രത്യേകത.
വിശാല ജനാധിപത്യപാര്‍ട്ടി എന്നൊക്കെ പറയുമ്പോഴും സ്വാതന്ത്ര്യാനന്തരം ആകെ മൂന്ന് മല്‍സരങ്ങളാണ് പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്ക് നടന്നത്. 1950 ല്‍ ആചാര്യ കൃപലാനിയും പുരുഷോത്തംദാസ് ടണ്ഠനും ഏറ്റുമുട്ടിയതാണ് അതില്‍ പ്രധാനം. മല്‍സരം നെഹ്രുവും പട്ടേലും തമ്മിലായിരുന്നു. പട്ടേലിന്റെ സ്ഥാനാര്‍ഥിയായ പി.ഡി ടണ്ഠന്‍ വിജയിച്ചു. തോറ്റുപോയ കൃപലാനി കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടി രൂപീകരിച്ച് കോണ്‍ഗ്രസ് വിട്ട് പിന്നീട് പുറത്തുപോയത് ചരിത്രം
പിന്നെയൊരു തെരഞ്ഞെടുപ്പ് നടന്നത് 47 വര്‍ഷത്തിന് ശേഷം 1997ലാണ്. അന്ന് ഔദ്യോഗിക സ്ഥാനാര്‍ഥിയായിരുന്ന സീതാറാം കേസരിക്കെതിരെ മല്‍സരിച്ചത് പാര്‍ട്ടിയിലെ കരുത്തരായിരുന്ന രണ്ടു നേതാക്കള്‍. ശരത് പവാറും രാജേഷ് പൈലറ്റും. പക്ഷേ രണ്ടുപേരും തോറ്റു. 2000 ലാണ് അവസാനം മല്‍സരമുണ്ടായത്. സോണിയാ ഗാന്ധി വന്‍ ഭൂരിപക്ഷത്തില്‍ അധ്യക്ഷയായി. പിന്നീടൊരു വോട്ടെടുപ്പും പാര്‍ട്ടി അധ്യക്ഷനെ കണ്ടെത്താന്‍ കോണ്‍ഗ്രസില്‍ നടന്നിട്ടില്ല.
"
https://www.facebook.com/Malayalivartha























