പെറ്റ് ഷോപ്പിൽ പൂച്ചയെ വാങ്ങാൻ എത്തി, 15,000 രൂപ വിലയുള്ള സ്വിഫ്റ്റ് ഇനത്തിൽപ്പെട്ട നായ്കുട്ടിയെ ഹെൽമെറ്റിനുള്ളിലാക്കി കടന്നുകളഞ്ഞ് യുവാവും, പെൺകുട്ടിയും: മറ്റൊരു പെറ്റ് ഷോപ്പിൽ നിന്ന് നായ്‌ക്കുള്ള തീറ്റയും മോഷ്ടിച്ചു: പ്രതികൾക്കായി അന്വേഷണം....

പെറ്റ് ഷോപ്പിൽ നിന്ന് നായ് കുട്ടിയെ അതിവിദഗ്ധമായി മോഷ്ടിച്ച് കടന്ന യുവതിക്കും, യുവാവിനുമായി അന്വേഷണം ഊർജ്ജിതമാക്കി. എറണാകുളം നെട്ടൂരിലുള്ള പെറ്റ് ഷോപ്പിൽ നിന്ന് ഇവർ 15,000 രൂപ വിലയുള്ള നായയെ ഹെൽമെറ്റിനുള്ളിലാക്കി ബൈക്കിൽ കടന്നുകളയുകയായിരുന്നു. വൈറ്റിലയിലുള്ള മറ്റൊരു പെറ്റ് ഷോപ്പിൽ നിന്ന് നായ്‌ക്കുള്ള തീറ്റയും ഇവർ മോഷ്ടിച്ചിരുന്നു. ശനിയാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം.
ഇരുവരും നായയെ കടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പൂച്ചയെ വാങ്ങുമോയെന്ന് അന്വേഷിക്കുന്നതിനായാണ് യുവതിയും യുവാവും നെട്ടൂരിലുള്ള പെറ്റ് ഷോപ്പിലെത്തിയത്. ഇതിനിടെ കടയുടമയുടെ ശ്രദ്ധ മാറിയപ്പോൾ കൂട്ടിൽനിന്ന് നായ്‌ക്കുട്ടിയെ പുറത്തെടുത്ത് യുവാവിന്റെ ഹെൽമറ്റിനുള്ളിൽ വയ്ക്കുകയായിരുന്നു.
സ്വിഫ്റ്റ് ഇനത്തിൽപ്പെട്ട മൂന്ന് നായ്ക്കുട്ടികളിൽ നാൽപ്പത്തിയഞ്ച് ദിവസം മാത്രം പ്രായമുള്ള നായക്കുട്ടിയെയാണ് കാണാതായത്. ഇടപ്പള്ളി സ്വദേശിയിൽനിന്നു കടയുടമ കഴിഞ്ഞ ദിവസം വാങ്ങിച്ച മൂന്നു നായ്ക്കുട്ടികളിൽ ഒന്നിനെയാണ് കൊണ്ടുപോയത്. ആലപ്പുഴ സ്വദേശിക്കു വിൽക്കുന്നതിനായാണ് രണ്ടു നായ്ക്കുട്ടികളെ കടയിൽ കൊണ്ടുവന്നത്.
യുവതിയും യുവാവും കടയിൽനിന്നു പോയതിനു പിന്നാലെ നായ്‌ക്കുട്ടിയെ വാങ്ങിക്കുന്നതിന് ആലപ്പുഴ സ്വദേശി എത്തിയപ്പോഴാണ് ഒരെണ്ണത്തിനെ കാണാനില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടത്. ഓടിപ്പോയെന്ന നിഗമനത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താതിനെ തുടർന്നാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചത്. അപ്പോഴാണ് യുവതിയും യുവാവും നായ്‌ക്കുട്ടിയെ മോഷ്ടിച്ചെന്ന വിവരം മനസ്സിലാക്കിയത്.
ഇവർ പോയ വഴിയിലെ മറ്റു സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചപ്പോഴാണ് വൈറ്റിലയിലുള്ള മറ്റൊരു ഷോപ്പിൽനിന്നു നായയ്ക്കുള്ള തീറ്റയും മോഷ്ടിച്ചെന്നു കണ്ടുപിടിച്ചത്. ഇതിനു പിന്നാലെ കടയുടമ പനങ്ങാട് പൊലീസിൽ പരാതി നൽകി. തുടർച്ചയായി പല സ്ഥലങ്ങളിൽനിന്നും ഇത്തരത്തിലുള്ള സംഭവങ്ങൾ റിപ്പോർട്ടു ചെയ്യുന്നതിനാൽ സ്ഥിരം കുറ്റവാളികളാണ് മോഷ്ണത്തിനു പിന്നിലെന്നാണ് പൊലീസ് കരുതുന്നത്.
https://www.facebook.com/Malayalivartha