ഭിന്നശേഷി അവകാശനിയമം : ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിന്റെ നേതൃത്വത്തിൽ ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി ഭിന്നശേഷി അവകാശ നിയമത്തെക്കുറിച്ച് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ തൊടുപുഴ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ജഡ്ജ് പി.എസ് ശശികുമാർ ഉദ്ഘാടനം ചെയ്തു.
സാധാരണക്കാരുമായി ഇടപ്പെടുന്നവരാണ് ഓരോ സർക്കാർ ജീവനക്കാരനും എന്നതിനാൽ നിയമത്തെ കുറിച്ച് അവർ നിർബന്ധമായും ബോധവാന്മാരാകണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടർ ഷീബ ജോർജ് അധ്യക്ഷത വഹിച്ചു. ഭിന്നശേഷിക്കാരോടുള്ള സമീപനം മാറ്റേണ്ടതുണ്ട്. സർക്കാർ ഓഫീസിൽ ജോലി ചെയ്യുന്ന ഭിന്നശേഷിക്കാരായ സഹപ്രവർത്തകരോട് അവഗണനയും സഹതാപവും ഒഴിവാക്കി അവരുടെ അവകാശങ്ങൾ ഉറപ്പ് വരുത്തി ഭിന്നശേഷി സൗഹൃദ അന്തരീക്ഷം ഉറപ്പാക്കണമെന്നും കളക്ടർ അഭിപ്രായപ്പെട്ടു.
സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ ഭിന്നശേഷിക്കാരായ വ്യക്തികളുടെ അവകാശ നിയമത്തെക്കുറിച്ച് ബോധവത്കരണ ക്ലാസ് നയിച്ചു. 2016 ലെ ഭിന്നശേഷിക്കാർക്കായുള്ള അവകാശനിയമത്തിലെ വ്യവസ്ഥകൾ സംബന്ധിച്ച് സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലുള്ളവർക്ക് ശരിയായ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബോധവൽക്കരണപരിപാടി സംഘടിപ്പിക്കുന്നത്.
സർക്കാർ ജീവനക്കാരിൽ അവബോധം സൃഷ്ടിക്കുന്നത് ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് വേണ്ടി സർക്കാർ നടപ്പിലാക്കുന്ന പദ്ധതികൾ യഥാസമയം ഗുണഭോക്താക്കളിലെത്തിക്കുന്നതിന് സഹായകമാകും. സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടപ്പിലാക്കുന്ന 100 ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 14 ജില്ലകളിലേയും സിവിൽ സ്റ്റേഷനുകളിൽ പ്രവർത്തിക്കുന്ന വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കായി പരിപാടികൾ സംഘടിപ്പിക്കുന്നത്.
സബ് ജഡ്ജ് പി. എ സിറാജുദ്ധീൻ, എ. ഡി. എം ഷൈജു പി ജേക്കബ്, ജില്ലാ സാമൂഹ്യനീതി ഓഫീസർ ബിനോയ് വിജെ , വിവിധ ജില്ലാ തല വകുപ്പ് മേധാവികൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. ചിത്രം ഭിന്നശേഷി അവകാശനിയമം സംബന്ധിച്ച ബോധവൽക്കരണ ക്ലാസ് തൊടുപുഴ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ജഡ്ജ് ശശികുമാർ പി.എസ് ഉദ്ഘാടനം ചെയ്യുന്നു
https://www.facebook.com/Malayalivartha