ഒരുമിച്ച് യാത്രയായി.... കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് ദമ്പതികള്‍ കാറിനുള്ളില്‍ തീകൊളുത്തി മരിച്ചു

ഒരുമിച്ച് യാത്രയായി.... കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് ദമ്പതികള്‍ കാറിനുള്ളില്‍ തീകൊളുത്തി മരിച്ചു. തുകലശേരി ചെമ്പോലിമുക്ക് വേങ്ങശേരില്‍ വീട്ടില്‍ രാജു തോമസ് ജോര്‍ജ് (69), ഭാര്യ ലൈലി തോമസ് (62) എന്നിവരാണ് മരിച്ചത്. 25 വര്‍ഷത്തിലേറെയായി രാജുതോമസ് വിദേശത്തായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തിരിച്ചെത്തിയത്.
മകന്റെ മാനസികപീഡനം സഹിക്കാനാവാതെയാണ് ജീവിതം അവസാനിപ്പിക്കുന്നതെന്നുള്ള രാജു തോമസിന്റെ ആത്മഹത്യാകുറിപ്പ് വീട്ടില്‍ നിന്ന് കണ്ടെത്തി.
പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളുടെ അതിര്‍ത്തി പങ്കിടുന്ന വേങ്ങല്‍ വേളൂര്‍മുണ്ടകം പാടത്തേക്കുള്ള വഴിയില്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് പട്രോളിംഗിനെത്തിയ പൊലീസ് സംഘമാണ് കാറിന് തീപിടിച്ചത് കണ്ടത്.
തീ ആളിപ്പടര്‍ന്നതിനാല്‍ അടുത്തേക്ക് ചെല്ലാന്‍ കഴിഞ്ഞില്ല. ഫയര്‍ഫോഴ്സെത്തിയാണ് തീയണച്ചത്. വാഗണര്‍ കാറിന്റെ മുന്‍സീറ്റുകളില്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങള്‍. റോഡരികില്‍ വാഹനം ഒതുക്കിയശേഷം പെട്രോളൊഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നെന്നാണ് നിഗമനം.
കാര്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. മയക്കുമരുന്നിന് അടിമയായ മകന് ജോര്‍ജി തോമസ് സ്വത്തിന്റെ പേരില്‍ മാതാപിതാക്കളെ മാനസികമായി പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ശല്യം സഹിക്കവയ്യാതെ ജോര്‍ജിയുടെ ഭാര്യ മകനൊപ്പം മാസങ്ങള്‍ക്കു മുമ്പ് സ്വന്തം വീട്ടിലേക്ക് പോയി. ഇയാള്‍ ഏതാനും ദിവസങ്ങളായി ഡിഅഡിക്ഷന്‍ സെന്ററില്‍ ചികിത്സയിലാണ്, ഫോറന്‍സിക് റിപ്പോര്‍ട്ട് കൂടി ലഭിച്ചശേഷമേ കാര്‍ കത്തിയതിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാകൂവെന്ന് ഡിവൈ.എസ്.പി എസ്. അഷാദ് പറഞ്ഞു. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലാണ് . സംസ്കാരം പിന്നീട് നടക്കും.
"
https://www.facebook.com/Malayalivartha


























