പനവേല്‍-കന്യാകുമാരി റൂട്ടിലെ ആ ധാബ ഇനിയില്ല ! റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു, കടയൊഴിയാന്‍ നോട്ടീസ് ലക്ഷ്മണ മുന്നറിയിപ്പ് അവഗണിച്ചു, ഒരു കുടുംബത്തെ ഒന്നാകെ മണ്ണിടിച്ചില്‍ വിഴുങ്ങി...

പനവേല്‍-കന്യാകുമാരി റൂട്ടിലെ ഷിരൂരില്‍ 35 വര്‍ഷമായി കട നടത്തുന്നതാണ് ലക്ഷ്മണ. അദ്ദേഹത്തിന്റെ കടയില്‍ കയറി ചായ കുടിച്ചും വിശ്രമിച്ചുമൊക്കെയാണ് ലോറി ഡ്രൈവര്‍മാര്‍ മടങ്ങുന്നത്. 3 വര്‍ഷമായി ഈ റൂട്ടിലെ പതിവു യാത്രക്കാരനാണ് അര്ജുന്. മലയാളികളടക്കം ലോറിക്കാര് സ്ഥിരമായി ഇവിടെ നിര്‍ത്തും. ലക്ഷ്മണ(45), ഭാര്യ ശാന്തി(35), മക്കള്‍ അവന്തിക(4), റോഷണ്ണ(11), ലക്ഷ്മണയുടെ സഹോദരീ ഭര്‍ത്താവ് ജഗന്നാഥ (50) എന്നിവരുടെ മൃതദേഹം 2 ദിവസം കഴിഞ്ഞു പുഴയില്‍ നിന്നാണു കിട്ടിയത്. ലക്ഷമണയുടെ ആ വലിയ പിഴവ് കുടുംബത്തെയൊന്നാകെ വന്‍ ദുരന്തത്തില്‍ വീഴ്ത്തി.
സ്ഥലം ഒഴിയണമെന്ന് ആവശ്യപ്പെട്ട് വാസര്‍ കുദികെ പഞ്ചായത്ത് അധികൃതര്‍ മണ്ണിടിച്ചിലുണ്ടായതിന്റെ തലേന്ന് ലക്ഷ്മണയ്ക്കു നോട്ടിസ് നല്‍കിയിരുന്നു. അപകടദിവസം റെഡ് അലര്‍ട്ടിനെത്തുടര്‍ന്നു സ്കൂള്‍ അവധി ആയതിനാല്‍ മക്കളും കടയില്‍ ഉണ്ടായിരുന്നു. ലക്ഷ്മണയുടെ അച്ഛനാണു കട തുടങ്ങിയത്. 10ാം വയസ്സുമുതല്‍ ലക്ഷ്മണ കച്ചവടത്തിനു കൂടെയുണ്ട്. ഷിരൂരില്‍ വീടുപണി പുരോഗമിക്കുന്നതിനിടെയാണ് കുടുംബം ഒന്നാകെ ഇല്ലാതായത്. ഭാര്യ ശാന്തി അങ്കണവാടി അധ്യാപികയായിരുന്നു. കട ഒഴിയണമെന്ന മുന്നറിയിപ്പ് ലക്ഷമണ കാര്യമായി എടുത്തില്ല. അന്നന്നത്തെ വരുമാനം കൊണ്ട് മക്കളെ പഠിപ്പിക്കാനും ഒരു ചെറിയ വീടെന്ന സ്വപ്നം സാധ്യമാക്കാനും ഉള്ള ഓട്ടത്തില്‍ മുന്നറിയിപ്പ് അവഗണിക്കുകയായിരുന്നു. ഒന്നും സംഭവിക്കില്ലെന്ന് ആ സാധു മനുഷ്യന് കരുതിയിട്ടുണ്ടാകും. എന്നാല്‍ വലിയ ഒരു ദുരന്തം ആ കുടുംബത്തെ ഒന്നാകെ മണ്ണിനടിയിലേക്ക് കൊണ്ടുപോയി.
രാത്രി 8നു തുറന്നു പിറ്റേന്നു രാവിലെ 8ന് കട അടയ്ക്കുന്നതാണു ലക്ഷ്മണയുടെ പതിവ്. ഈ സമയത്ത് എത്തുന്ന ഡ്രൈവര്‍മാര്‍ ചായയും ബ്രഡ് ഓംലറ്റും ദോശയും കഴിച്ചു മടങ്ങും. ഷിരൂര്‍ കുന്നില്‍നിന്നുള്ള അരുവിയില്‍ കുളിയും കഴിഞ്ഞാകും പിന്നീടുള്ള യാത്ര. ധാബയ്ക്കു മുന്നില്‍ ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്ത് ഒരേ സമയം 12 ലോറികള്‍ വരെ പാര്‍ക്ക് ചെയ്യാറുണ്ട്. ഇവിടെ ലോറി നിര്‍ത്തരുതെന്നു പലതവണ മുന്നറിയിപ്പു നല്കിയതാണെന്നു ഗോകര്‍ണ എഎസ്ഐ മാരുതി കേനി പറഞ്ഞു. എല്ലാ മുന്നറിയിപ്പുകളും അവഗണിച്ചു. ഒടുവില്‍ തീരാവേദനയായി ആ മനുഷ്യര്‍.
https://www.facebook.com/Malayalivartha


























