മണികണ്ഠന്‍ ചില്ലറക്കാരനല്ല... തൃശൂര്‍ പൂരമുള്‍പ്പെടെ കേരളത്തിലെ പ്രമുഖ പൂരങ്ങളിലെ നിറസാന്നിധ്യമായിരുന്ന ശങ്കരംകുളങ്ങര മണികണ്ഠന്‍ ഓര്‍മ്മയായി; നിലമ്പൂരില്‍ നിന്നെത്തി എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായി

തൃശൂര്‍ പൂരത്തിന് എഴുന്നള്ളിച്ച ആനകളില്‍ കാരണവരായ ശങ്കരംകുളങ്ങര മണികണ്ഠന്‍ ഇനി ഓര്‍മ്മയില്‍. ക്ഷേത്രവളപ്പില്‍ കുളിപ്പിക്കാന്‍ കിടത്തിയപ്പോള്‍ ഹൃദയാഘാതം വന്നു ചരിഞ്ഞു. ആനയുടെ വിയോഗം പലരേയും പൊട്ടിക്കരയിപ്പിച്ചു. അത്രയേറെ ഈ ആനയുമായി ആത്മ ബന്ധമുള്ളവരുണ്ട്. ശാന്തനായ മണികണ്ഠന്‍ നീരുകാലത്തുപോലും ആരെയും ഉപദ്രവിക്കാറില്ല. അഞ്ചു പതിറ്റാണ്ടിലേറെ തൃശൂര്‍ പൂരമുള്‍പ്പെടെ കേരളത്തിലെ പ്രമുഖ പൂരങ്ങളിലെ നിറസാന്നിധ്യമായിരുന്നു ശങ്കരംകുളങ്ങര മണികണ്ഠന്‍.
നിലമ്പൂര്‍ കോവിലകത്തിന്റെ വാരിക്കുഴിയില്‍വീണ മണികണ്ഠനെ 5ാം വയസ്സില്‍ ശങ്കരംകുളങ്ങര ദേവസ്വത്തിനു സമര്‍പ്പിക്കുകയായിരുന്നു. ക്ഷേത്രമുറ്റത്തു കളിച്ചുവളര്‍ന്നതുകൊണ്ടുതന്നെ ഏറെപ്പേര്‍ക്ക് ഈ ആനയുമായി ആത്മബന്ധമുണ്ട്. വിദേശത്തുനിന്ന് എല്ലാ വര്‍ഷവും മണികണ്ഠനെ കാണാനായി മാത്രം എത്തുന്നവര്‍പ്പോലുമുണ്ട്.
തൃശൂരില്‍ ചെരിഞ്ഞ കൊമ്പന്‍ ശങ്കരന്‍ കുളങ്ങര മണികണ്ഠനു സമീപമിരുന്ന് വിലപിക്കുന്ന തമിഴ്‌നാട് കാട്പാടി സ്വദേശിനിയായ ഉമ അതിനൊരു ഉദാഹരണം മാത്രം. പൂങ്കുന്നത്ത് പഴയ സാധനങ്ങള്‍ ശേഖരിച്ച് കൊടുത്ത് ജീവിക്കുന്ന കുടുംബത്തിലെ ഉമ വര്‍ഷങ്ങളായി കൊമ്പന് ചായക്കടയില്‍ നിന്ന് പലഹാരങ്ങള്‍ വാങ്ങിക്കൊടുക്കുമായിരുന്നു. തൃശൂര്‍ പൂരത്തിന്റെ പറയെടുപ്പു മുതല്‍ മഠത്തില്‍ വരവിന്റെ ഇറക്കിയെഴുന്നള്ളിപ്പ് വരെ 57 വര്‍ഷം പങ്കെടുത്തിരുന്നു. അസുഖമൊന്നുമില്ലാതിരുന്ന മണികണ്ഠനെ ക്ഷേത്രവളപ്പില്‍ കുളപ്പിക്കാന്‍ കിടത്തിയപ്പോഴാണ് ഹൃദയാഘാതം വന്ന് ചെരിയുന്നത്.
പൂരത്തിനു തിരുവമ്പാടി ദേവസ്വത്തിന്റെ മഠത്തില്‍വരവിനു മണികണ്ഠന്‍ ഏറെക്കാലം സ്ഥിരമായി എത്തുമായിരുന്നു. 5 വര്‍ഷം മുന്‍പു നിലമ്പൂര്‍ കോവിലകം ക്ഷേത്രത്തില്‍ എഴുന്നള്ളിക്കാനായി മണികണ്ഠനെ കൊണ്ടുപോയിരുന്നു. നെന്മാറ, വല്ലങ്ങി വേലകള്‍, പരിയാനംപറ്റ പൂരം, എറണാകുളം പൂരം, തൃപ്പൂണിത്തുറ ഉത്സവം തുടങ്ങിയ എല്ലാ പ്രമുഖ ഉത്സവങ്ങള്‍ക്കും മണികണ്ഠനെ എഴുന്നള്ളിച്ചിട്ടുണ്ട്.
നിലമ്പൂര്‍ കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട ഒരു വാരിക്കുഴിയിലേക്ക് അറുപതിലേറെ വര്‍ഷം മുന്‍പാണ് ഇന്നത്തെ മണികണ്ഠന്‍ വീണത്. വീണത് വാരിക്കുഴിയിലേക്കാണെങ്കിലും പൂരപ്രേമികളുടെ മുന്നില്‍ നിന്നു റെക്കോര്‍ഡ് സ്വന്തമാക്കാനായിരുന്നു അവന്റെ നിയോഗം.
പൂരം നടക്കാതെ പോയ വര്‍ഷങ്ങള്‍ ഒഴിവാക്കിയാലും കോലമേന്തിയും കൂട്ടാനയായും ഇത്രയും കാലം സജീവമായി പങ്കെടുത്ത മറ്റൊരു കൊമ്പന്‍ കാണില്ല. കുടമാറ്റത്തില്‍ നിരന്നതു മാത്രമെടുത്താലും തകരാത്ത റെക്കോര്‍ഡാവും. തൃശൂര്‍, ആറാട്ടുപുഴ, തൃപ്പൂണിത്തുറ, കൂടല്‍മാണിക്യം, നെന്മാറ വല്ലങ്ങി തുടങ്ങി കേരളത്തിലെ പ്രസിദ്ധമായ ഉത്സവങ്ങളിലെല്ലാം മണികണ്ഠന്‍ സ്ഥിരസാന്നിധ്യമായിരുന്നു. ശങ്കരംകുളങ്ങര തിരുവമ്പാടിയുടെ തട്ടകമായതിനാല്‍ പൂരത്തിനു തിരുവമ്പാടിയുടെ ഭാഗമായിരുന്നു മണികണ്ഠന്‍. പൂരത്തിനു തിരുവമ്പാടിക്കും പ്രതിഷ്ഠാ ദിനത്തിനു പാറമേക്കാവിനും തിടമ്പേറ്റിയിട്ടുണ്ട്.
പൂങ്കുന്നം ശങ്കരംകുളങ്ങര ദേവസ്വത്തിനു സ്വന്തമായൊരു ആനയെ കിട്ടാന്‍ സര്‍ക്കാരിനെ സമീപിച്ച കാലത്താണു നിലമ്പൂര്‍ കാട്ടിലെ വാരിക്കുഴിയില്‍ 3 വയസ്സുള്ള ആനക്കുട്ടി വീണത്. നിലമ്പൂര്‍ കോവിലകത്തിന്റെ വകയായിരുന്ന വനഭൂമിയിലായിരുന്നു വാരിക്കുഴി. ഗുരുവായൂര്‍ കേശവനും ഗുരുവായൂര്‍ പത്മനാഭനുമൊക്കെ പിറന്ന നിലമ്പൂരില്‍ നിന്നായതിനാല്‍ ക്ഷേത്രം ഭാരവാഹികള്‍ ലീഡര്‍ കെ. കരുണാകരനെ സമീപിച്ചു.
തുടര്‍ന്നു ലീഡറിന്റെ ഇടപെടലില്‍ നിലമ്പൂര്‍ കോവിലകം 1966ല്‍ ശങ്കരംകുളങ്ങര ക്ഷേത്രത്തിനു സമ്മാനിച്ചതാണു മണികണ്ഠനെ. അന്നത്തെ സീനിയര്‍ രാജ ടി.എന്‍. കൊച്ചുണ്ണി തിരുമുല്‍പാടാണു വാരിക്കുഴിയില്‍ നിന്നു വീണ്ടെടുത്ത കുട്ടിയാനയ്ക്കു മണികണ്ഠന്‍ എന്ന പേരു നല്‍കിയത്.
കുട്ടിയായിരിക്കുമ്പോള്‍ തന്നെ തൃശൂര്‍ പൂരത്തിന്റെ പറയെടുക്കാന്‍ ഇറക്കിയിരുന്നു. കുട്ടിയാനയുടെ പറയെടുപ്പ് അന്നു വലിയ കൗതുകമായി. സമീപകാലം വരെ തിരുവമ്പാടിയുടെ വെടിക്കെട്ട് സമയത്തു പന്തലില്‍ തിടമ്പുമായി നില്‍ക്കുന്ന ദൗത്യം മണികണ്ഠനായിരുന്നു. തൃശൂര്‍ പൂരത്തില്‍ അരനൂറ്റാണ്ടിലധികം തിടമ്പേറ്റിയതിന് ഇക്കഴിഞ്ഞ പൂരത്തിനു മണികണ്ഠനെ ആദരിച്ചിരുന്നു. പ്രായാധിക്യം മൂലം ഈ വര്‍ഷം പരിപാടികളില്‍ പങ്കെടുത്തിരുന്നില്ല. പരിചയക്കാരുടെ കടകളില്‍ നിന്നു പച്ചക്കറിയും പഴവും ശര്‍ക്കരയും മറ്റും വാങ്ങി തിന്നും. കുട്ടികളുമായി വലിയ ചങ്ങാത്തമുണ്ടായിരുന്നു. ഇന്നലെ വിയോഗമറിഞ്ഞ് ഒട്ടേറെപ്പേരാണു പൂങ്കുന്നം ശങ്കരംകുളങ്ങര ക്ഷേത്ര പരിസരത്തെ ആനത്തറയില്‍ മണികണ്ഠനെ അവസാനമായി കാണാനെത്തിയത്. സ്ത്രീകളടക്കമുള്ളവര്‍ സങ്കടത്തില്‍ വിങ്ങിപ്പൊട്ടി.
https://www.facebook.com/Malayalivartha


























