ദേവികുളം തെരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതി വിധിക്കെതിരായ എ. രാജയുടെ അപ്പീല്‍ ഇന്ന് സുപ്രീം കോടതി പരിഗണനയില്‍

ദേവികുളം തെരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതി വിധിക്കെതിരായ എ. രാജയുടെ അപ്പീല്‍ ഇന്ന് സുപ്രീം കോടതി പരിഗണനയില്‍. ജസ്റ്റീസ് അനിരുദ്ധ ബോസ് അധ്യക്ഷനായ ബെഞ്ചാകും ഹര്‍ജി പരിഗണിക്കുക. ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി നടപടി ഔദ്യോഗിക രേഖകള്‍ പരിശോധിക്കാതെയാണെന്നാണ് രാജ അപ്പീലില്‍ പറയുന്നത്.
തന്റെ പൂര്‍വികര്‍ 1950 മുന്‍പ് കേരളത്തിലേക്ക് കുടിയേറിയവരാണെന്നും വിവാഹം നടന്നത് ഹിന്ദു ആചാരപ്രകാരമാണെന്നും ഹൈക്കോടതി വിധി റദ്ദാക്കണമെന്നുമാണ് രാജ അപ്പീലില്‍ ആവശ്യപ്പെടുന്നത്.
പട്ടികജാതി സംവരണ വിഭാഗത്തില്‍പ്പെട്ട ദേവികുളം മണ്ഡലത്തില്‍, വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് സിപിഎമ്മിലെ എ.രാജ മത്സരിച്ചതെന്ന യുഡിഎഫ് സ്ഥാനാര്‍ഥി ഡി. കുമാറിന്റെ ഹര്‍ജി അംഗീകരിച്ചായിരുന്നു ഹൈക്കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. കേസില്‍ സുപ്രീം കോടതിയില്‍ ഡി.കുമാര്‍ എതിര്‍സത്യവാംഗ്മൂലം സമര്‍പ്പിച്ചു. രാജയ്ക്ക് സംവരണത്തിന് അര്‍ഹതയില്ലെന്നാണ് സത്യവാംഗ് മൂലത്തില്‍ കുമാറിന്റെ വാദം. രാജയുടെ പൂര്‍വീകര്‍ 1950 ന് ശേഷമാണ് കേരളത്തിലെത്തിയത്. 1976 വരെ രാജയുടെ മാതാപിതാക്കള്‍ക്ക് കേരളത്തില്‍ സ്വന്തമായി സ്ഥലമോ മേല്‍വിലാസമോ ഇല്ലായിരുന്നു. ഈ സാഹചര്യത്തില്‍ കേരളത്തിലെ സംവരണത്തിന്റെ അനൂകൂല്യം രാജയ്ക്ക് ലഭിക്കില്ലെന്നും കുമാര്‍ വാദിക്കുന്നു.
രാജയും മാതാപിതാക്കളും ക്രിസ്തുമത വിശ്വാസം സ്വീകരിച്ചവരാണ്. രാജയുടെ വിവാഹം നടന്നതും ക്രിസ്ത്യന്‍ മത ആചാരപ്രകാരമാണെന്നും സത്യവാംഗ്മൂലത്തില്‍ പറയുന്നു. വിവാഹ ചിത്രങ്ങള്‍, പാസ്റ്റര്‍മാരുടെ മൊഴി, ഫോട്ടോഗ്രാഫറുടെ മൊഴി എന്നിവ ഇതിന് തെളിവായി ഉണ്ടെന്നും കുമാര്‍ ചൂണ്ടിക്കാട്ടുന്നു.
"
https://www.facebook.com/Malayalivartha


























