നാഷണൽ ഹൈവേ; നിലവിലെ പ്രശ്ന പരിഹാരങ്ങൾക്ക് പഞ്ചായത്ത് തല യോഗം ചേരും
കയ്പമംഗലം നിയോജക മണ്ഡലത്തിലൂടെ കടന്നുപോകുന്ന നിർദിഷ്ട എൻ എച്ച് 66 റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎയുടെ അധ്യക്ഷതയിൽ ഉന്നത യോഗം ചേർന്നു. മണ്ഡലത്തിന്റെ അതിർത്തി പ്രദേശമായ കോതപറമ്പ് മുതൽ എടമുട്ടം വരെയുളള അഞ്ച് ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുവാനും ഹൈവേ 66 ന്റെ നിർമ്മാണ പ്രവർത്തനങ്ങൾ സുഗമമാക്കാനുമാണ് യോഗം ചേർന്നത്.
നിലവിൽ ഹൈവേ 66ന്റെ നിർമ്മാണത്തിന്റെ ഭാഗമായി വന്നിട്ടുള്ള വെള്ളക്കെട്ടുകളും കുടിവെള്ള വിതരണവും വൈദ്യുതി വിതരണവും തടസ്സപ്പെടുന്നതും ഹൈവേ അതോറിറ്റിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നെങ്കിലും പരിഹരിക്കാത്തതിന്റെ അടിസ്ഥാനത്തിലാണ് എം എൽ എ ഉന്നതതല യോഗം വിളിച്ച് ചേർത്തത്.
ഹൈവേ കടന്നുപോകുന്ന ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡണ്ടുമാർ, സെക്രട്ടറിമാർ, ഹൈവേയുടെ ഇരുവശങ്ങളിലെ വാർഡ് മെമ്പർമാർ, ഹൈവേ നിർമ്മാണ കമ്പനി ശിവാലയയിലെ ഉദ്യോഗസ്ഥർ, എന്നിവരുടെ നേതൃത്വത്തിൽ പ്രശ്ന പരിഹാരത്തിന് പഞ്ചായത്ത് തല യോഗം ചേരുവാൻ തീരുമാനിച്ചു.
നിലവിലെ ഹൈവേയുടെ അരികിൽ അപകടസാധ്യതയുള്ള മരങ്ങളും മരക്കൊമ്പുകളും അടിയന്തരമായി മുറിച്ചുമാറ്റുവാനും യോഗത്തിൽ തീരുമാനിച്ചു. മതിലകം ഗ്രാമപഞ്ചായത്തിലെ ചെമ്പൈ പാടം വെള്ളക്കെട്ട് പരിഹരിക്കാനാവശ്യമായ കാന വീതി കൂട്ടി നിർമ്മിക്കാനും മൂന്നുപീടിക ബീച്ച് റോഡിന് മുകളിലൂടെ ഫുട്ട്ഓവർ ബ്രിഡ്ജ് നിർമ്മിക്കാനും തീരുമാനിച്ചെങ്കിലും ജനങ്ങളുടെ ആവശ്യമായ അടിപ്പാത നിർമ്മാണത്തിന്റെ സാധ്യത പരിശോധിക്കണമെന്നും യോഗത്തിൽ എംഎൽഎ ആവശ്യപ്പെട്ടു.
കൊടുങ്ങല്ലൂർ മേത്തല മിനി സിവിൽ സ്റ്റേഷനിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ എം എസ് മോഹനൻ, സീനത്ത് ബഷീർ, വിനീത മോഹൻദാസ്, ചന്ദ്രബാബു, സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ പി അഖിൽ, കൊടുങ്ങല്ലൂർ തഹസിൽദാർ കെ രേവ, എൻഎച്ച് ലെയ്സൺ ഓഫീസർ കെ ബി ബാബു, എൻ എച്ച് നിർമ്മാണ കമ്പനി പ്രതിനിധികളായ ബിനു, അഭിലാഷ്, മതിലകം ബിഡിഒ കെ മധുരാജ്, മറ്റു ജനപ്രതിനിധികൾ, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
https://www.facebook.com/Malayalivartha



























