‘ഉമ്മൻ ചാണ്ടി, പുതുപ്പളളി പിഒ'...ഇപ്പോഴും ഒഴുകിയെത്തുന്ന കത്തുകൾ....ഇവയെല്ലാം ഉമ്മൻ ചാണ്ടിയുടെ കൈകളിൽ എത്തിക്കാനും നേതാക്കൾ ശ്രമിച്ചിരുന്നു....നാട്ടിലെ സ്വന്തം വീടെന്ന പൂർത്തിയാകാത്ത സ്വപ്നത്തിൽ നിന്ന് ഉമ്മൻ ചാണ്ടിയുടെ അന്ത്യയാത്ര ആരംഭിക്കും....

‘ഉമ്മൻ ചാണ്ടി, പുതുപ്പളളി പിഒ’ഉമ്മൻ ചാണ്ടിക്കു പുതുപ്പളളിയിൽ വീട് ഇല്ലെങ്കിലും ‘ഉമ്മൻ ചാണ്ടി, പുതുപ്പളളി പിഒ’ എന്ന പേരിൽ ഒട്ടേറെ കത്തുകൾ ഇപ്പോഴും ലഭിക്കുന്നതായി കുടുംബാംഗങ്ങൾ പറയുന്നു. ഇവയെല്ലാം ഉമ്മൻ ചാണ്ടിയുടെ കൈകളിൽ എത്തിക്കാനും നേതാക്കൾ ശ്രമിച്ചിരുന്നു.നാട്ടിലെ സ്വന്തം വീടെന്ന പൂർത്തിയാകാത്ത സ്വപ്നത്തിൽ നിന്ന് ഉമ്മൻ ചാണ്ടിയുടെ അന്ത്യയാത്ര ആരംഭിക്കും. പുതുപ്പള്ളി സ്വന്തമാണെങ്കിലും സ്വന്തം പേരിൽ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കു വീടില്ലായിരുന്നു. പുതുപ്പള്ളിയിലെ കുടുംബവിഹിതമായ ഒരേക്കർ സ്ഥലത്തു വീടു നിർമിക്കുന്ന പ്രവർത്തനങ്ങൾ അദ്ദേഹം ആരംഭിച്ചിരുന്നു. ആദ്യഘട്ട തൂണുകൾ മാത്രമാണു പൂർത്തിയായത്.
പുതുപ്പള്ളിയുടെ സ്വന്തം ഉമ്മൻ ചാണ്ടിയെ പുതുപ്പളളിയിൽ നിർമിക്കുന്ന വീട്ടിൽ എത്തിക്കണമെന്ന ആഗ്രഹം കുടുംബമാണു പങ്കുവച്ചത്. ഇതോടെ പുതുപ്പള്ളി പഞ്ചായത്തിന്റെ പുതിയ കമ്യൂണിറ്റി ഹാളിനു സമീപത്തെ നിർമാണം നടക്കുന്ന വീട്ടിൽ മൃതദേഹം എത്തിക്കാനുളള നടപടികൾ തുടങ്ങി. തറവാട്ടുവീടായ കരോട്ടുവള്ളക്കാലിൽ വീട്ടിൽ പൊതുദർശനത്തിനു ശേഷമാണു പുതിയ വീടുനിർമാണം നടക്കുന്ന സ്ഥലത്തു മൃതദേഹം എത്തിക്കുകയെന്നു മുൻ ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ് പറഞ്ഞു. അനുജൻ അലക്സ് ചാണ്ടിയാണു തറവാട്ടുവീട്ടിൽ താമസിക്കുന്നത്. സഹോദരി വത്സ തൊട്ടടുത്തുതന്നെ താമസിക്കുന്നുണ്ട്.
പുതുപ്പള്ളിയിൽ വീടു വേണമെന്നുളളത് ഉമ്മൻ ചാണ്ടിയുടെ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു. വീടിന്റെ നിർമാണം പുരോഗമിച്ച സമയത്താണ് ആരോഗ്യം വഷളായത്.ഉമ്മൻചാണ്ടിക്ക് ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ട് മണ്ഡലത്തിൽ പലയിടത്തും സ്ഥാപിച്ചിരിക്കുന്ന ഫ്ലെക്സ് ബോർഡുകൾ വായിച്ചാലറിയാം, പുതുപ്പള്ളിക്ക് ഉമ്മൻചാണ്ടി ആരായിരുന്നുവെന്ന്. ‘ഞങ്ങളുടെ കുഞ്ഞൂഞ്ഞിന്’, ‘ഞങ്ങളുടെ കുഞ്ഞൂഞ്ഞച്ചായന്’, ‘പുതുപ്പള്ളിയുടെ സ്വന്തം ഉമ്മൻചാണ്ടിക്ക്..’ എന്നിങ്ങനെ പോകും എഴുത്തുകൾ. 27–ാം വയസ്സുമുതൽ കുഞ്ഞൂഞ്ഞിനെ ഹൃദയത്തിൽ പച്ച കുത്തിയ പുതുപ്പള്ളി മരണത്തിലും ‘പൊസ്സസ്സീവ്’ ആയി കുഞ്ഞൂഞ്ഞിനെ ചേർത്തുപിടിക്കുകയാണ്.
അസുഖം മാറി തിരികെ വരുമെന്ന് കരുതിയ ഉമ്മൻചാണ്ടിക്ക് ധരിക്കാനായി അലക്കിത്തേച്ചു മടക്കിവെച്ച പത്തു പന്ത്രണ്ടു ജോഡി ഷർട്ടും മുണ്ടും ബ്ലോക്ക് പഞ്ചായത്ത് മെംബർ സിബി കൊല്ലാടിന്റെ വണ്ടിയിൽ ഇപ്പോഴുമുണ്ട്. 18 കൊല്ലം ഉമ്മൻചാണ്ടിയുടെ നിഴലായിരുന്ന സിബിയുടെ കീചെയിനിലും ഡയറിയുടെ പുറംചട്ടയിലും എല്ലാമുള്ളത് ഒരേ മുഖമാണ്– ഉമ്മൻചാണ്ടിയുടെ. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എംഎൽഎയും ആയിരുന്നപ്പോഴും പുതുപ്പള്ളിയിൽ എത്തിയാൽ സിബിയുടെ മാരുതി ആയിരുന്നു ഉമ്മൻചാണ്ടിയുടെ വാഹനം.സോളാർ കേസ് കത്തിനിന്നപ്പോൾ പല തവണ ആക്രമണ ഭീഷണികളുണ്ടായപ്പോഴും ആ പതിവ് തെറ്റിയില്ല. ഉമ്മൻചാണ്ടി എത്തിയാൽ നിഴൽ പോലെ സിബി ഒപ്പമെന്നത് പുതുപ്പള്ളിയുടെ ചിട്ടയായി.പുതുപ്പള്ളി മണ്ഡലത്തിന് മുഴുവൻ ഒരു കണ്ണീർമുഖമാണ് ഇപ്പോൾ.
https://www.facebook.com/Malayalivartha


























