വലിയൊരു വിടവ്... നടന്നു വളര്‍ന്ന വഴിയിലൂടെ കാനത്തിന്റെ അന്ത്യയാത്രപ്രിയ; വിലാപ യാത്ര കാനത്തെത്തി; അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കേരളം ഇന്ന് വിട നല്‍കും; കാനത്തെ തറവാട്ട് വളപ്പിലാണ് സംസ്‌കാര ചടങ്ങുകള്‍

കാനത്തിന്റെ അപ്രതീക്ഷിത വേര്‍പാട് വലിയ വിടവാണ് സിപിഐയ്ക്ക് ഉണ്ടാക്കിയത്. വന്‍ ജനാവലിയാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിടചൊല്ലാന്‍ എത്തിയത്. ഇന്ന് രാവിലെ 11 മണിക്ക് കോട്ടയം വാഴൂര്‍ കാനത്തെ തറവാട്ട് വളപ്പിലാണ് സംസ്‌കാര ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്. ഇന്നലെ ഉച്ചയോടെ തിരുവനന്തപുരത്ത് നിന്ന് കാനത്തിന്റെ മൃതശരീരവുമായി പുറപ്പെട്ട വിലാപയാത്ര ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് കാനത്തെ വീട്ടില്‍ എത്തിയത്.
പുലര്‍ച്ചെ ഒന്നിന് കോട്ടയം സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിനുശേഷമാണ് വീട്ടിലേക്ക് കൊണ്ടുവന്നത്. തിരുവനന്തപുരം മുതല്‍ കോട്ടയം വരെ 12 മണിക്കൂര്‍ നീണ്ട വിലാപ യാത്രക്കൊടുവിലാണ് കാനത്തിന്റെ മൃതദേഹം വീട്ടിലേക്ക് എത്തിക്കുന്നത്. രാത്രി വൈകിയും എംസി റോഡില്‍ പ്രധാന ജംഗ്ഷനുകളില്‍ എല്ലാം കാനത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഒട്ടേറെ പാര്‍ട്ടി പ്രവര്‍ത്തകരും നാട്ടുകാരും എത്തിയിരുന്നു. ഇന്ന് മന്ത്രിമാരടക്കമുള്ള പ്രമുഖര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തും.
ഇതിനിടെ, കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച നവകേരള സദസ് ഇന്ന് പുനരാരംഭിക്കും. ഉച്ചക്ക് രണ്ട് മണിക്ക്, എറണാകുളം ജില്ലയിലെ പെരുന്പാവൂരില്‍ നിന്നാണ് പര്യടനം തുടരുക. തുടര്‍ന്ന് കോതമംഗലം, മൂവാറ്റുപുഴ എന്നീ മണ്ഡലങ്ങളിലും ഇടുക്കിയിലെ തൊടുപുഴയിലും ഇന്ന് നവകേരള സദസ് നടക്കും. കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്ന് മാറ്റിവച്ച തൃക്കാക്കര, തൃപ്പൂണിത്തുറ, കുന്നത്തുനാട്, പിറവം മണ്ഡലങ്ങളിലെ നവകേരള സദസ് എന്നാണ് എന്ന കാര്യം പിന്നീടായിരിക്കും തീരുമാനിക്കുക.
അണികളുടെ മനസ്സില്‍ നൊമ്പരക്കനലെരിഞ്ഞ രാപകലായിരുന്നു ഇന്നലെ. സിപിഐയുടെ ജനകീയമുഖം കാനം രാജേന്ദ്രന്റെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര തിരുവനന്തപുരത്തു നിന്നു കോട്ടയം ജില്ലാ അതിര്‍ത്തിയായ ചങ്ങനാശേരി എത്തിയപ്പോഴേക്കും പാതിരാവായി. മുദ്രാവാക്യം വിളികളോടെ പ്രിയനേതാവിനു വിടചൊല്ലാന്‍ വഴിനീളെ പ്രവര്‍ത്തകര്‍ കാത്തുനിന്നിരുന്നു. പാതയോരങ്ങളിലും കവലകളിലും കാത്തുനിന്നവര്‍ കണ്ണീരോടെ അന്ത്യാഭിവാദ്യം ചെയ്തു. സാധാരണ പ്രവര്‍ത്തകര്‍ വരെ ഒരേ മനസ്സോടെ പ്രിയ നേതാവിനു വിടചൊല്ലി.
ജില്ലയിലെ മിക്ക വഴികളും കാനത്തിനു സുപരിചിതവും രാഷ്ട്രീയ വളര്‍ച്ചയിലേക്കുള്ള പാതയുമായിരുന്നു. രാജേന്ദ്രന്‍ എന്ന എഐഎസ്എഫ് പ്രവര്‍ത്തകനെ കാനമെന്ന ജനകീയ നേതാവാക്കിയ യാത്രയ്ക്കു സാക്ഷ്യം വഹിച്ച വഴികള്‍. അതേ വഴിയിലൂടെയായിരുന്നു ഇന്നലത്തെ അവസാന യാത്ര.
മൃതദേഹം വഹിച്ച വാഹനത്തില്‍ ദേശീയ സംസ്ഥാന നേതാക്കള്‍ ഒപ്പം ഉണ്ടായിരുന്നു. സിപിഐയുടെ മന്ത്രിമാരും അനുഗമിച്ചു. ജില്ലാ സെക്രട്ടറി വി.ബി. ബിനു, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി.കെ. ശശിധരന്‍ എന്നിവരടക്കം ജില്ലയില്‍ നിന്നുള്ള നേതാക്കള്‍ ഇന്നലെ രാവിലെ തിരുവനന്തപുരത്തെത്തിയിരുന്നു. പാര്‍ട്ടി ജില്ലാ ഓഫിസ് അങ്കണത്തില്‍ പ്രവര്‍ത്തകര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനുള്ള ഒരുക്കങ്ങള്‍ നടത്താനായി ഇവിടെ നിന്നുള്ള നേതാക്കളും പ്രവര്‍ത്തകരും അല്‍പം നേരത്തേ കോട്ടയത്തേക്ക് തിരികെയെത്തി.
രണ്ടു തവണ ജില്ലാ സെക്രട്ടറിയായി പാര്‍ട്ടിയെ നയിച്ച ഓഫിസിലേക്ക് അവസാനമായി കാനം എത്തുമ്പോള്‍ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കോട്ടയം കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് കാനത്തിന്റെ മരണവിവരം അറിഞ്ഞ നിമിഷം മുതല്‍ പാര്‍ട്ടി ഓഫിസില്‍ പ്രവര്‍ത്തകര്‍ എത്തിക്കൊണ്ടിരുന്നു. ഇന്നലെ രാവിലെ എത്തിയവര്‍ രാത്രി വരെ കാത്തിരുന്ന് അന്തിമോപചാരം അര്‍പ്പിച്ചാണ് മടങ്ങിയത്. കൈകളില്‍ ചുവന്ന പൂക്കളും മനസ്സില്‍ നോവുന്ന ഓര്‍മകളും.
പ്രവര്‍ത്തകരുടെ ഇടയിലൂടെ കണ്ണീരിന്റെ ചാലുകീറിക്കൊണ്ടാണ് കാനത്തിന്റെ വിലാപയാത്ര ജില്ലാ അതിര്‍ത്തിയില്‍ നിന്ന് ആരംഭിച്ചത്. സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജ, ബിനോയ് വിശ്വം എംപി, മുന്‍ മന്ത്രിമാരായ കെ.ടി. ജലീല്‍, വി.എസ്. സുനില്‍ കുമാര്‍, കെ.ഇ. ഇസ്മായില്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ചങ്ങനാശേരിയിലും കോട്ടയത്തുമായി അന്തിമോപചാരം അര്‍പ്പിച്ചു.
https://www.facebook.com/Malayalivartha