എം.വി ഗോവിന്ദന്റെ പഠന ക്ലാസും ഏറ്റില്ല, എസ്എഫ്ഐ പ്രവർത്തകർ വിവാദങ്ങളിൽ പെടുന്നത് തുടർ സംഭവങ്ങൾ, മാതൃസംഘടനയായ സിപിഎമ്മിന് തീരാ തലവേദനയായി കുട്ടി സഖാക്കൾ...!!!

സംസ്ഥാനത്ത് എസ്എഫ്ഐ പ്രവർത്തകർ വിവാദങ്ങളിൽ പെടുന്നത് തുടർ സംഭവങ്ങളാകുകയാണ്. ഏറ്റവും ഒടുവിൽ വയനാട് പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതിപട്ടികയിലുള്ള എല്ലാവരും എസ്എഫ്ഐ പ്രവർത്തകരാണെന്നുള്ളതും മാതൃ സംഘടനയായ സിപിഎമ്മിന് തീരാ തലവേദനയായിരിക്കുകയാണ്. തുടർച്ചയായി എസ്എഫ്ഐ സിപിഎമ്മിന് തലവേദനയായി മാറിയപ്പോൾ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നിർദ്ദേശപ്രകാരം തിരുവനന്തപുരത്ത് പഠന ക്ലാസ് സംഘടിപ്പിച്ചിരുന്നു.
എന്നാൽ പഠനം പൂർത്തിയാക്കിയ ശേഷവും എസ്എഫ്ഐ പഴയ പല്ലവി തന്നെ തുടരുകയായിരുന്നു. ഇതിനിടെ, സാമൂഹ്യ മാധ്യമങ്ങളിലും ക്യാമ്പസുകളിലും എസ്എഫ്ഐക്കെതിരെ വലിയ വിദ്യാർത്ഥി പ്രതിഷേധം ഉയർന്നു. നിരവധി വിദ്യാർത്ഥികൾ ആണ് ഈ കാലയളവിൽ എസ്എഫ്ഐയുമായുള്ള ബന്ധം ഉപേക്ഷിച്ചതെന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാനത്തെ മിക്ക ക്യാമ്പസുകളിലും എസ്എഫ്ഐയിൽ നിന്നും വ്യാപകമായി വിദ്യാർഥികൾ കൊഴിഞ്ഞു പോകുന്ന സ്ഥിതിയുണ്ട്.
സിദ്ധാർത്ഥിന്റെ മരണത്തിൽ കുടുംബത്തോട് മാപ്പ് പറഞ്ഞ് എസ്എഫ്‌ഐ. കുടുംബത്തിന് മുൻപിൽ തല കുനിയ്ക്കുന്നുവെന്ന് എസ്എഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എ അഫ്‌സൽ പറഞ്ഞു. സംഭവത്തിൽ എസ്എഫ്‌ഐക്കെതിരെ രൂക്ഷ വിമർശനം ഉയരുന്ന പശ്ചാത്തലത്തിലാണ് മാപ്പ് പറച്ചിൽ. സ്വകാര്യ ചാനലിലെ ചർച്ചയിൽ പങ്കെടുക്കുന്നതിനിടെ ആയിരുന്നു സിദ്ധാർത്ഥിന്റെ കുടുംബത്തോട് മാപ്പ് പറഞ്ഞ് എസ്എഫ്‌ഐ നേതാവ് രംഗത്ത് എത്തിയത്.
വിദ്യാർത്ഥിയുടെ കുടുംബത്തോട് മാപ്പ് ചോദിക്കുകയാണെന്ന് അഫ്‌സൽ പറഞ്ഞു. സിദ്ധാർത്ഥിന്റെ കുടുംബത്തിന് മുൻപിൽ തല കുനിച്ച് നിൽക്കുന്നു. ഞങ്ങളിൽപ്പെട്ടവർ ചെയ്യാൻ പാടാത്ത കാര്യങ്ങളാണ് ചെയ്തത്. അത് എസ്എഫ്‌ഐ എന്ന സംഘടനയുടെ പോരായ്മയാണ്. പ്രവർത്തകരെ എസ്എഫ്‌ഐ ആഗ്രഹിക്കുന്ന രീതിയിൽ നയിക്കാൻ കഴിയാത്തത് ഒറ്റപ്പെട്ട സംഭവമാണെങ്കിലും ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. എസ്എഫ്‌ഐയ്ക്ക് ഇത്തരം കാര്യങ്ങൾ വച്ച് പൊറുപ്പിക്കാൻ കഴിയില്ല. തങ്ങൾ തലകുനിയ്ക്കുന്നുവെന്നും അഫ്‌സൽ കൂട്ടിച്ചേർത്തു.
കേരളത്തിലെ തന്നെ ഏറ്റവും വിശ്വാസ്യതയുള്ള ഭരണഘടന സ്ഥാപനമായ പി എസ് സി യുടെ വിശ്വാസ്യതയെ പോലും അട്ടിമറിച്ചത് എസ്എഫ്ഐ ആണ്. പി എസ് സി പരീക്ഷാ ക്രമക്കേടിൽ അറസ്റ്റിൽ ആകുന്നത് എസ്എഫ്ഐയുടെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ യൂണിറ്റ് ഭാരവാഹികൾ ആയിരുന്നു.
എഐഎസ്എഫ് വനിതാ നേതാവിനെ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത കേസിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ഉൾപ്പെടെയുള്ളവർ പ്രതിസ്ഥാനത്ത് ഉണ്ടായിരുന്നു. വ്യാജ സർട്ടിഫിക്കറ്റുകൾ സൃഷ്ടിച്ചതിലും എസ്എഫ്ഐ വനിതാ നേതാവും എസ്എഫ്ഐയുടെ ഏരിയാ സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കളും പ്രതിസ്ഥാനത്ത് വന്നിരുന്നു. ഇതെല്ലാം കൊഴിഞ്ഞു പോക്കിന് കാരണമായെന്നാണ് വിലയിരുത്തൽ. എന്നാൽ ഇതിൽ സിപിഎം യാതൊരുവിധ പ്രതികരണവും നടത്തിയിട്ടില്ല.
https://www.facebook.com/Malayalivartha