ബാലരാമപുരത്ത് പശുവിനെയും കിടാവിനെയും കുളിപ്പിക്കുന്നതിനിടെ സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് പൊട്ടി കുഴിയില്‍ വീണ് ഗൃഹനാഥന് ദാരുണാന്ത്യം
ബാലരാമപുരത്ത് പശുവിനെയും കിടാവിനെയും കുളിപ്പിക്കുന്നതിനിടെ സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് പൊട്ടി കുഴിയില്‍ വീണ് ഗൃഹനാഥന് ദാരുണാന്ത്യം.
ബാലരാമപുരം കട്ടച്ചല്‍ക്കുഴി ചാവടിനട എന്‍ആര്‍എ 215, തിരുഹൃദയ സദനത്തില്‍ സെബാസ്റ്റ്യനും (52) പശുക്കിടാവും മരിച്ചു. ഇന്നലെ രാവിലെ 9.30ന് സഹോദരന്റെ വീടിനു പിന്നിലെ കുളിമുറിക്കു സമീപം ഇവയെ കുളിപ്പിക്കുന്നതിനിടെ സ്ലാബിന്റെ വശത്തെ മണ്ണിളകി സെബാസ്റ്റ്യന്‍ കുഴിയിലേക്കു വീണു. പിന്നാലെ സ്ലാബും വീണു. സെബാസ്റ്റ്യന്റെ നെഞ്ചിലാണ് സ്ലാബ് പതിച്ചത്.
സമീപത്ത് കെട്ടിയിരുന്ന പശുക്കിടാവും കുഴിയിലേക്കു വീണു. കിണറ്റില്‍ തൂങ്ങി നിന്ന പശുക്കിടാവിന്റെ കരച്ചില് കേട്ടെത്തിയ സമീപവാസികള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും വിജയിച്ചില്ല.
നെയ്യാറ്റിന്‍കര, വിഴിഞ്ഞം, ചെങ്കല്‍ചൂള എന്നിവിടങ്ങളില്‍ നിന്ന് നാല് ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ എത്തിയാണ് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു.
ഓട്ടോ ഡ്രൈവറാണ് സെബാസ്റ്റ്യന്‍. ദിവസവും പശുക്കളെ കുളിപ്പിച്ച ശേഷമാണ് സെബാസ്റ്റ്യന്‍ ജോലിക്കു പോകുന്നത്. ഭാര്യ: വി.ആര്.ഷീബ. രണ്ടു മക്കളുണ്ട്.
"
https://www.facebook.com/Malayalivartha