സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...

ജനലക്ഷങ്ങൾ വോട്ടിടാൻ ഇറങ്ങുന്ന ഇന്നത്തെ ദിവസം സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നിലനിൽക്കുന്നതിനിടെ തന്നെ, സംസഥാനത്ത് പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്ത് വരികയാണ്. പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേർ കുഴഞ്ഞ് വീണുമരിച്ചു. ഒറ്റപ്പാലത്ത് വാണിവിലാസിനി സ്വദേശി ചന്ദ്രനാണ് മരിച്ചത്. വരി നിന്ന് വോട്ടുചെയ്ത് തിരികെ ഇറങ്ങുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
പോളിംഗ് ആരംഭിച്ച് 7.30 തോടെയാണ് ദാരുണ സംഭവമുണ്ടായത്. ഉടൻ തന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലപ്പുറം തിരൂരിൽ വോട്ട് ചെയ്ത ശേഷം വീട്ടിൽ മടങ്ങിയെത്തിയതിന് പിന്നാലെയാണ് വയോധികൻ കുഴഞ്ഞുവീണ് മരിച്ചത്. നിറമെരുതൂർ സ്വദേശി ആലുക്കാനകത്ത് സിദ്ധീഖ് മൗലവിയാണ് മരിച്ചത്. നിറമരതൂർ വള്ളികാഞ്ഞീരം സ്കൂൾ ബൂത്തിലെ ആദ്യ വോട്ടറായിരുന്നു. കുറ്റിച്ചിറ സ്കൂളിലെ ബൂത്തിൽ എൽ.ഡി.എഫ് ബൂത്ത് ഏജന്റും കുഴഞ്ഞുവീണ് മരിച്ചു.
റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ അനീസ് അഹമ്മദാണ് മരിച്ചത്. രാവിലെ പോളിങ് സ്റ്റേഷനിൽ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടൻ ബീച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കേരളം അതികഠിനമായ ചൂടിനിടെയാണ് പോളിംഗ് ബൂത്തിലെത്തിയിരിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ന്‍റെ വോട്ടിംഗ് സംസ്ഥാനത്ത് ഇന്ന് പുരോഗമിക്കുമ്പോള്‍ ചൂട് വെല്ലുവിളിയായേക്കും എന്ന ആശങ്കയുണ്ട്. പാലക്കാട് ജില്ലയില്‍ ഉഷ്‌ണതരംഗ സാധ്യത നിലനില്‍ക്കുന്നു. മറ്റ് ജില്ലകളിലും കനത്ത ചൂടാണ് ഇന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പോളിംഗ് ബൂത്തിലേക്ക് വരുമ്പോള്‍ വോട്ടര്‍മാര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.
വോട്ട് ചെയ്യാൻ പോകുന്നവരും വിവിധ പാർട്ടികളുടെ പ്രവർത്തകരും സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ ഏൽക്കാതെ സൂക്ഷിക്കണം. 12 ജില്ലകളിൽ യെല്ലോ അലർട്ടാണ്.ഇന്ന് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുക പാലക്കാട് ജില്ലയിലാണ്. 41 ഡിഗ്രിക്കാണ് സാദ്ധ്യത. ജില്ലയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് കഴിഞ്ഞാൽ കൊലത്താവും അധിക ചൂട് അനുഭവപ്പെടുന്നത്. ഇവിടെ 39 ഡിഗ്രി വരെ ഉയരാം. സാധാരണയിൽ നിന്ന് 2 -4 ഡിഗ്രി ഉയർന്ന താപനില മറ്റു ജില്ലകളിലുമുണ്ടാകും.
അതേസമയം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് വൈകിട്ട് മൂന്നിനു ശേഷം വേനൽ മഴ കിട്ടിയേക്കും. ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. മേയ് രണ്ടാം വാരം വേനൽ മഴ സജീവമാകും.
വോട്ടിടാൻ എത്തുന്നവർ ക്യൂ നിൽക്കുന്നത് തുറസ്സായ സ്ഥലത്തെങ്കിൽ പന്തലിടാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിച്ചു. ഇവിടങ്ങളിൽ കുടിവെള്ളം അടക്കമുള്ള സൗകര്യമൊരുക്കും. മെഡിക്കൽ സഹായം ലഭ്യമാക്കാൻ അടുത്ത സർക്കാർ ആശുപത്രിയുമായോ പ്രാഥമികാരോഗ്യ കേന്ദ്രവുമായോ സഹകരിച്ച് സംവിധാനമുറപ്പാക്കും. ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ - ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം.
അതേ സമയം, സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. രണ്ട് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് 12.26 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്ന് മുന്നണികള്‍ക്കും അഭിമാന പോരാട്ടം നടക്കുന്ന സംസ്ഥാനത്ത് പല മണ്ഡലങ്ങളും പ്രവചനാതീതമാണ്. കഴിഞ്ഞ തവണ നടത്തിയ വന്‍ മുന്നേറ്റത്തിന്‍റെ തനിയാവർത്തനമാണ് യുഡിഎഫിന്‍റെ ലക്ഷ്യം. ഒരു സീറ്റെന്ന നാണക്കേടില്‍ നിന്നുളള കരകയറ്റവും മുന്നേറ്റവുമാണ് ഇടത് സ്വപ്നം. അക്കൗണ്ട് തുറന്ന് കേരളം ബാലികേറാ മലയല്ലെന്ന് തെളിക്കേണ്ട ദൗത്യമാണ് ബിജെപിക്ക്.
https://www.facebook.com/Malayalivartha