കേസൊന്നും വേണ്ടെന്നു ജഡ്ജിയും... കൊച്ചിയില്‍ ജോഷിയുടെ വീട്ടില്‍ നടന്ന മോഷണം അക്ഷരാര്‍ത്ഥത്തില്‍ കേരളത്തെ ഞെട്ടിപ്പിച്ചു; സീതാമഡിയുടെ സ്വന്തം കായംകുളം കൊച്ചുണ്ണിയായി മുഹമ്മദ് ഇര്ഫാന്; ഇര്‍ഫാനു പ്രോത്സാഹനം വിഐപി വസതികളിലെ മോഷണാനുഭവങ്ങള്‍
കൊച്ചിയെ വിറപ്പിച്ച കള്ളന് ജോഷിയുടെ സിനിമ പോലെയാണ്. ഇര്‍ഫാനെ ബിഹാറിലെ സീതാമഡിക്കാര്‍ക്കു വലിയ വിശ്വാസമാണ്. ജില്ലാ പരിഷത് തിരഞ്ഞെടുപ്പില്‍ ഇര്‍ഫാന്റെ ഭാര്യ ഗുല്‍ഷന്‍ പര്‍വീണ്‍ സീതാമഡി പുപ്രി വാര്‍ഡില്‍ നിന്നു വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചതും ഈ വിശ്വാസത്തിലാണ്. സീതാമഡിയുടെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'യാണ് മുഹമ്മദ് ഇര്ഫാന്.
'സബ്കാ മാന്‍, സബ്കാ സമ്മാന്‍' മുദ്രാവാക്യവുമായി ഇര്‍ഫാന്റെ പടവും മൊബൈല്‍ നമ്പറും സഹിതമായിരുന്നു ഗുല്‍ഷന്റെ പോസ്റ്ററുകള്‍. തീവണ്ടി എന്ജിന് ചിഹ്നത്തില്‍ വോട്ടു വീഴാന്‍ വേറെന്തു വേണം. ഗുല്‍ഷന്‍ ജില്ലാ പരിഷത് സ്ഥാനാര്‍ഥിയായതു തന്നെ നാട്ടുകാരുടെ നിര്‍ബന്ധം കൊണ്ടാണ്. ഇര്‍ഫാനെ ഭാവി എംഎല്‍എയായി കാണുന്ന നല്ലവരായ നാട്ടുകാരെ കൊണ്ടു പൊറുതിമുട്ടുകയാണു കുടുംബം.
സീതാമഡി ജോഗിയ ഗ്രാമത്തിലെ 7 ടാറിട്ട റോഡുകള്‍ ഇര്‍ഫാന്റെ സംഭാവനയാണ്. തസ്കര സമ്പാദ്യത്തിലൊരു പങ്ക് നാട്ടിലെത്തുമെന്നതിനാല്‍ ഇര്ഫാന് സീതാമഡിയില്‍ പോപ്പുലറാണ്. അയല്‍വാസിയായ പെണ്‍കുട്ടിക്ക് കാന്‍സര്‍ ശസ്ത്രക്രിയയ്ക്ക് 20 ലക്ഷം രൂപ നല്കി ജീവന് രക്ഷിച്ചതോടെ ഇര്‍ഫാന്റെ ജനപ്രീതി അതുക്കും മേലെയായി.
അന്‍പതോളം പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹം ഇര്‍ഫാന്റെ സഹായത്തില്‍ നടന്നിട്ടുണ്ടെന്നാണു ഗുല്‍ഷന്റെ കണക്ക്. പെങ്ങള്‍ക്കു സ്ത്രീധനം നല്കാന് പതിനായിരം രൂപ കയ്യിലില്ലാതെ ഗതികെട്ടപ്പോഴാണ് ഇര്ഫാന് ആദ്യമായി കക്കാനിറങ്ങിയത്. 2010ലെ ആദ്യ മോഷണം പിടികൂടാതെ പോയതോടെ ഇര്ഫാന് ആത്മവിശ്വാസമായി. നാട്ടുകാരായ പത്തു പന്ത്രണ്ടു ശിഷ്യന്മാരെ കൂട്ടി തസ്കരസംഘമുണ്ടാക്കി. ഡല്‍ഹി, മുംബൈ, പുണെ തുടങ്ങി വന്‍ നഗരങ്ങളിലായിരുന്നു പിന്നീടുള്ള ഓപ്പറേഷനുകള്‍. ഇടയ്ക്കിടെ ആഡംബര കാറുകളില്‍ വീട്ടിലെത്തിയപ്പോള്‍ വന്‍ ബിസിനസ് എന്തോ തുടങ്ങിയെന്നാണു നാട്ടുകാര്‍ കരുതിയത്. ഗ്രാമത്തിലെ ചെറിയ വീടിനു പകരം ബംഗ്ലാവ് ഉയര്‍ന്നു.
യുപിയിലെ ഗാസിയാബാദ് കവിനഗറിലെ ബംഗ്ലാവില്‍ നിന്ന് ഒന്നര കോടി രൂപ കവര്‍ന്ന കേസിലാണു പിടിവീണത്. സിസിടിവി ക്യാമറകള്‍ ഇര്‍ഫാനെയും ശിഷ്യരെയും ചതിച്ചു. ഇര്‍ഫാനെ തപ്പി സീതാമഡിയിലെത്തിയ യുപി പൊലീസ്, ഭാര്യ ഗുല്‍ഷനെയും തസ്കര സംഘത്തിലെ രണ്ടു പേരെയും പൊക്കി. ഇര്‍ഫാന്റെ ബിസിനസ് രഹസ്യം അതോടെ നാട്ടില്‍ പാട്ടായി. ഭാര്യയും കേസില്‍ പ്രതിയായതോടെ ഇര്ഫാന് പൊലീസിനു കീഴടങ്ങി. ഇര്‍ഫാനെ യഥാവിധി ചോദ്യം ചെയ്ത യുപി പൊലീസ് വിഐപി വസതികളിലെ മോഷണക്കഥകള്‍ കേട്ടു നടുങ്ങി.
ഡല്‍ഹിയിലെ ഒരു ജഡ്ജിയുടെ വസതിയില്‍ നിന്ന് 65 ലക്ഷം രൂപ മോഷ്ടിച്ചെന്ന ഇര്‍ഫാന്റെ മൊഴിയനുസരിച്ചാണു യുപി പൊലീസ് ജഡ്ജിയെ ചെന്നു കണ്ടത്. കേസൊന്നും വേണ്ടെന്നു പറഞ്ഞു ജഡ്ജി പൊലീസിനെ തിരിച്ചയച്ചു. കള്ളപ്പണ കേസില്‍ പ്രതിയാകുമെന്ന ഭയത്തില്‍ ഇര്‍ഫാനോടു ക്ഷമിച്ച സന്മനസ്സുള്ള പണക്കാര് വേറെയുമുണ്ടായി. തസ്കര ജീവിതം ഊര്‍ജിതമായി തുടരാന്‍ ഇര്‍ഫാനു പ്രോത്സാഹനം പകരുന്നതായിരുന്നു വിഐപി വസതികളിലെ മോഷണാനുഭവങ്ങള്‍. ആഡംബര കാറുകളില്‍ മോഷണ മുതലുമായി ഗമയില്‍ മുങ്ങുന്ന ഇര്‍ഫാന്റെ വാഹനം തടഞ്ഞു പരിശോധിക്കാന്‍ സാധാരണ പൊലീസുകാര്‍ക്കും ധൈര്യമുണ്ടാകാറില്ല.
സംവിധായകന് ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ 'ബിഹാര്‍ റോബിന്‍ഹുഡ്' എന്നറിയപ്പെടുന്ന മുഹമ്മദ് ഇര്ഫാന് 2021ലെ വിഷുദിനത്തില്‍ തിരുവനന്തപുരത്തു ഭീമ ജ്വല്ലറി ഉടമ ബി. ഗോവിന്ദന്റെ വീട്ടിലെ കവര്‍ച്ചയിലും പ്രതിയാണ്. ഇര്‍ഫാനെ പിടികൂടിയതോടെ, കവടിയാറില്‍ രാജ്ഭവനു സമീപത്തെ സുരക്ഷാ മേഖലയില്‍ 3 വളര്‍ത്തു നായ്ക്കളും സെക്യൂരിറ്റി ജീവനക്കാരുമുള്ള വീടിന്റെ വാതിലോ ജനലോ തകര്‍ക്കാതെ വജ്രാഭരണങ്ങളടക്കം കവര്ന്നതെങ്ങനെയെന്ന 3 വര്‍ഷം പ്രായമുള്ള ചോദ്യത്തിനും ഉത്തരമാകും.
ഭാര്യ ബിഹാറിലെ സീതാമഡി ജില്ലാ പരിഷത് അംഗം ഗുല്‍ഷന്‍ പര്‍വീണിന്റെ ഔദ്യോഗിക പദവി രേഖപ്പെടുത്തിയ ചുവന്ന ബോര്‍ഡ് വച്ച കാറിലാണ് ഇര്ഫാന് കൊച്ചിയില്‍ നിന്നു മോഷണമുതലുമായി കടന്നത്. വഴിയിലെ പൊലീസ് പരിശോധന ഒഴിവാക്കാനുള്ള മുന്‍കരുതലായിരുന്നു ഇതെന്നു പ്രതി പൊലീസിനോടു സമ്മതിച്ചു.
"
https://www.facebook.com/Malayalivartha