മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...

മുസ്ലീങ്ങളുടെ മൂന്നാമത്തെ വിശുദ്ധ ഗേഹമായ മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം തുടരുന്നു. 163 ഇസ്രായേലി കുടിയേറ്റക്കാർ മസ്ജിദിൽ അതിക്രമിച്ച് കടന്ന് ജൂത പ്രാർഥന നടത്തി. സൈനികരുടെ പിന്തുണയിലായിരുന്നു ഇത്. കഴിഞ്ഞ ദിവസങ്ങളിലും ഇത്തരം സംഭവങ്ങളുണ്ടായിരുന്നു. തൽസ്ഥിതി നിലനിർത്താനുള്ള അന്താരാഷ്ട്ര ധാരണ അനുസരിച്ച് മസ്ജിദുൽ അഖ്സയിൽ മുസ്‍ലിംകൾക്ക് മാത്രമാണ് പ്രാർഥനക്ക് അനുമതിയുള്ളത്. നിലവിൽ ഫലസ്തീനി യുവാക്കളെ ഇസ്രായേൽ സൈന്യം മസ്ജിദിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നില്ല. ഒക്ടോബർ ഏഴിന് ഇസ്രായേലിൽ മിന്നലാക്രമണം നടത്തുന്നതിന് പ്രധാന കാരണങ്ങളിലൊന്നായി ഹമാസ് വിശദീകരിച്ചത് മസ്ജിദുൽ അഖ്സയിലെ അതിക്രമമാണ്.
1967-ൽ അൽ-ഖുദ്‌സ് ഭരണകൂടത്തിൻ്റെ അധിനിവേശത്തിൻ്റെ പശ്ചാത്തലത്തിൽ ഇസ്രായേലും ജോർദാൻ ഗവൺമെൻ്റും തമ്മിൽ ഒപ്പുവച്ച ഒരു കരാർ പ്രകാരം, വിശുദ്ധ കോമ്പൗണ്ടിൽ അമുസ്‌ലിം ആരാധന നിരോധിച്ചിരിക്കുന്നു. എന്നാൽ നിരോധനം ഒരു വാചകം മാത്രമാണ്, പ്രവർത്തനത്തിൽ സാഹചര്യങ്ങൾ മുസ്ലീങ്ങൾക്ക് എതിരാണ്. അൽ-അഖ്‌സ മസ്ജിദ് വളപ്പിലേക്കുള്ള കുടിയേറ്റക്കാരുടെ നുഴഞ്ഞുകയറ്റം അൽ-ഖുദ്‌സിൽ നടക്കുമ്പോൾ, ഭരണകൂടം അതിൻ്റെ രക്തരൂക്ഷിതമായ യുദ്ധ ഗാസ മുനമ്പിൽ തുടരുകയാണ്.
ജൂതന്മാർക്ക് ഹർ-ബൈത്ത് അല്ലെങ്കിൽ ടെമ്പിൾ മൗണ്ട് എന്നും മുസ്ലീങ്ങൾക്ക് അൽ ഹറം അൽ-ഷെരീഫ് അല്ലെങ്കിൽ നോബിൾ സാങ്ച്വറി എന്നും അറിയപ്പെടുന്ന അൽ-അഖ്സ പള്ളി ജറുസലേമിലെ ഒരു പഴയ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള കുന്നിൻ മുകളിലാണ് സ്ഥിതിചെയ്യുന്നത്. മക്കയും മദീനയും കഴിഞ്ഞാൽ ഇസ്ലാമിലെ മൂന്നാമത്തെ വിശുദ്ധ സ്ഥലമായാണ് മുസ്ലീങ്ങൾ ഈ സ്ഥലത്തെ കണക്കാക്കുന്നത്. ജൂതരും മുസ്ലീങ്ങളും ഒരു പോലെ പുണ്യഭൂമിയായി കരുതുന്നിടത്താണ് അൽ അഖ്സ പള്ളി സ്ഥിതി ചെയ്യുന്നത്.
ഡോം ഓഫ് ദി റോക്ക്, അൽ-അഖ്സ പള്ളി അഥവാ ഖിബ്ലി മസ്ജിദ് എന്നീ രണ്ട് പുണ്യസ്ഥലങ്ങളും കൂടി ചേർന്നതാണ് അൽ-അഖ്സ. ജൂതരുടെ പ്രാർഥനാ കേന്ദ്രമായ പടിഞ്ഞാറൻ മതിലിനെ അഭിമുഖീകരിക്കുന്ന രീതിയിലാണ് ഈ കോമ്പൗണ്ട് സ്ഥിതി ചെയ്യുന്നത്. ജൂതരുടെ ഏറ്റവും പവിത്രമായ കേന്ദ്രം കൂടിയാണ് ടെമ്പിൾ മൗണ്ട്. സോളമൻ രാജാവ് 3,000 വർഷങ്ങൾക്ക് മുൻപ് അവിടെ ആദ്യത്തെ ക്ഷേത്രം നിർമിച്ചതായി ജൂതന്മാർ വിശ്വസിക്കുന്നു. എന്നാൽ എ ഡി 70-ൽ റോമാക്കാർ രണ്ടാമത്തെ ക്ഷേത്രം തകർത്തു.
പിന്നീട് 1967-ലെ പശ്ചിമേഷ്യൻ യുദ്ധത്തിൽ ഇസ്രായേൽ ഈ പ്രദേശം പിടിച്ചെടുക്കുകയും കിഴക്കൻ ജറുസലേമിന്റെ ബാക്കി ഭാഗങ്ങളും വെസ്റ്റ് ബാങ്കിന്റെ സമീപ പ്രദേശങ്ങളുമായി കൂട്ടിച്ചേർക്കുകയും ചെയ്തു. മുസ്ലീം, ക്രിസ്ത്യൻ പ്രദേശങ്ങളുടെ ഭരണാധികാരമുള്ള ജോർദാനാണ് ഈ സ്ഥലത്തിന്റെ മേൽനോട്ടം വഹിക്കുന്ന വഖഫ് സ്ഥാപനത്തിലെ അംഗങ്ങളെ നിയമിക്കുന്നത്. പരമാധികാരത്തിന്റെയും മതത്തിന്റെയും പേരിൽ ഭീകരമായ അക്രമങ്ങൾ നടക്കുന്ന കേന്ദ്രമാണ് ജറുസലേമിലെ അൽ അഖ്സ വളപ്പ്.
മുസ്ലീങ്ങൾ അല്ലാത്തവർക്കും ഈ പ്രദേശം സന്ദർശിക്കാൻ കഴിയും. എന്നാൽ, മുസ്ലീങ്ങൾക്ക് മാത്രമേ പള്ളി വളപ്പിൽ ആരാധന നടത്താൻ അനുവാദമുള്ളൂ. കുറച്ച് നാളുകളായി നിയമങ്ങൾ ലംഘിച്ച് കൊണ്ട് ജൂതന്മാർ ഈ പ്രദേശത്ത് സന്ദർശനം നടത്തുന്നതും പരസ്യമായി പ്രാർഥിക്കുന്നത് തുടരുന്നതും ഒപ്പം മുസ്ലീം വിശ്വാസികൾക്ക് ഇവിടേയ്ക്കുള്ള പ്രവേശനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും കടുത്ത പ്രതിഷേധങ്ങൾക്കും അക്രമങ്ങൾക്കും കാരണമായി. ഇതേത്തുർന്നുണ്ടായ ഏറ്റുമുട്ടലുകൾ 2021 ൽ ഗാസയും ഇസ്രയേലും തമ്മിൽ 11 ദിവസത്തെ യുദ്ധത്തിന് കാരണമായിരുന്നു.
അതിനിടെ രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും. വെടിനിർത്തലിനുള്ള ഇസ്രയേൽ നിർദേശങ്ങൾ ഹമാസ് നേതൃത്വം പഠിച്ചുവരികയാണെന്നും വക്താവ് പറഞ്ഞു. ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽത്താനി, ഈജിപ്ത് ഇന്റലിജൻസ് മേധാവി അബ്ബാസ് കെമൽ എന്നിവരുമായി ഹമാസ് മേധാവി ഇസ്മായിൽ ഹനിയ ഫോണിൽ വിഷയം ചർച്ച ചെയ്തു. 2 ദിവസത്തിനകം ഹമാസ് സംഘം കയ്റോ സന്ദർശിക്കുമെന്നാണു സൂചന.
https://www.facebook.com/Malayalivartha