സഞ്ജു വീണിട്ടും വീണില്ല... ലീഗിലെ പരാജയ പരമ്പരകള്‍ക്ക് ശേഷം തിരിച്ചു വന്ന് രാജസ്ഥാന് റോയല്‍സ്; സഞ്ജുവും സംഘവും ക്വാളിഫയറില്‍; എലിമിനേറ്റര്‍ പോരാട്ടത്തില്‍ റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ നാല് വിക്കറ്റിനാണ് രാജസ്ഥാന് റോയല്‍സിന്റെ വിജയം
ഇന്നലത്തെ കളി കൂടി തോറ്റിരുന്നെങ്കില്‍ സഞ്ജു സാംസണ് വലിയ വിമര്‍ശനം നേരിട്ടേനെ. ലീഗ് ഘട്ടത്തിലെ പരാജയ പരമ്പരകള്‍ക്ക് രാജസ്ഥാന് അറുതിവരുതിയപ്പോള്‍ ബെംഗളൂരുവിനും വിരാട് കോലിക്കും ഐപിഎലില്‍നിന്ന് ഒരിക്കല്‍ കൂടി നിരാശയോടെ മടക്കം. എലിമിനേറ്റര്‍ പോരാട്ടത്തില്‍ റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ നാല് വിക്കറ്റിനാണ് രാജസ്ഥാന് റോയല്‍സിന്റെ വിജയം. ലീഗ് ഘട്ടത്തില്‍ ആറു മത്സരം തുടര്‍ച്ചയായി വിജയിച്ച് പ്ലേഓഫില്‍ കടന്ന ആര്‍സിബിക്ക് പക്ഷേ തുടര്‍ച്ചയായ 17ാം സീസണിലും കപ്പില്ലാതെ മടക്കം.
എലിമിനേറ്ററില്‍, ആര്‍സിബി ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം 19 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാന് മറികടന്നത്. 24ന് നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദാണ് സഞ്ജുവിന്റെയും സംഘത്തിന്റെയും എതിരാളികള്‍. യശ്വസി ജയ്സ്വാള്‍ (30 പന്തില്‍ 45), റയാന് പരാഗ് (26 പന്തില്‍ 36), ഷിമ്രോണ്‍ ഹെറ്റ്മയര്‍ (14 പന്തില്‍ 26) എന്നിവരുടെ ബാറ്റിങ് മികവിലാണ് രാജസ്ഥാന് ജയം.
മറുപടി ബാറ്റിങ്ങില്‍, മികച്ച തുടക്കമാണ് ജയ്സ്വാളും ടോം കോലെര്‍ കാഡ്മോറും (15 പന്തില്‍ 20) ചേര്‍ന്ന് രാജസ്ഥാനു നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 46 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ആറാം ഓവറില്‍ കാഡ്മോറിനെ പുറത്താക്കി, ലോക്കി ഫെര്ഗുസണ് ആണ് ബെംഗളൂരുവിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെയെത്തിയ ക്യാപ്റ്റന്‍ സഞ്ജു സാംസണ് (13 പന്തില്‍ 17) ഒരു സിക്സ് അടിച്ചെങ്കിലും റണ്‍സ് കണ്ടെത്താന്‍ പാടുപെട്ടു. അടുത്തടുത്ത ഓവറുകളില്‍ ജയ്സ്വാളിനെയും സഞ്ജുവിനെയും നഷ്ടപ്പെട്ടതോടെ രാജസ്ഥാന് പരുങ്ങി.
നാലാം വിക്കറ്റില്‍ പരാഗ് ധ്രുവ് ജുറെല്‍ (8 പന്തില്‍ 8) സഖ്യം ഒന്നിച്ചെങ്കിലും കോലിയുടെ കിടിലന്‍ ത്രോയിലൂടെയുള്ള റണ്ണൗട്ടില്‍ ജുറെല്‍ മടങ്ങി. പിന്നീട് ഹെറ്റ്മയര്‍, പരാഗിനൊപ്പം ചേര്‍ന്നതോടെ രാജസ്ഥാന് വീണ്ടും വിജയത്തിലേക്ക് കുതിച്ചു. 2 സിക്സും രണ്ടു ഫോറും അടങ്ങുന്നതായിരുന്നു പരാഗിന്റെ ഇന്നിങ്സ്. ഹെറ്റ്മയര്‍ മൂന്നു ഫോറും ഒരു സിക്സും പറത്തി. 18ാം ഓവറില്‍ പരാഗിനെയും ഹെറ്റ്മയറിനെയും പുറത്താക്കി മുഹമ്മദ് സിറാജ് ബെംഗളൂരുവിന് ചെറിയ പ്രതീക്ഷ നല്‍കിയെങ്കിലും റോവ്മന്‍ പവല്‍ (8 പന്തില്‍ 16*) സിക്സര്‍ പറത്തി രാജസ്ഥാനെ വിജയത്തിലെത്തിച്ചു.
ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി, നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 172 റണ്‍സെടുത്തത്. ടോസ് നേടിയ രാജസ്ഥാന് ക്യാപ്റ്റന്‍ സഞ്ജു സാംസണ്, ആര്‍സിബിയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മൂന്നു വിക്കറ്റ് വീഴ്ത്തിയ ആവേശ് ഖാന്, ഒരോവറില്‍ തന്നെ രണ്ടു വിക്കറ്റ് വീഴ്ത്തിയ അശ്വിന് എന്നിവരുടെ ബോളിങ് മികവിലാണ് ആര്‍സിബിയെ രാജസ്ഥാന് താരതമ്യേന ചെറിയ സ്കോറില്‍ ഒതുക്കിയത്. രജത് പാട്ടീദാര്‍ (22 പന്തില്‍ 34), വിരാട് കോലി (24 പന്തില്‍ 33), മഹിപാല്‍ ലോംറോര്‍ (17 പന്തില്‍ 32) എന്നിവരുടെ ബാറ്റിങ്ങാണ് ആര്‍സിബിക്ക് തുണയായത്.
ഓപ്പണര്‍മാരായ വിരാട് കോലിയും ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലസിയും (14 പന്തില്‍ 17) ചേര്‍ന്ന് മികച്ച തുടക്കമാണ് ബെംഗളൂരുവിന് നല്‍കിയത്. അഞ്ചാം ഓവറില്‍ ഡുപ്ലസിയെ പുറത്താക്കി ട്രെന്റ് ബോള്‍ട്ടാണ് ആര്‍സിബിക്ക് ആദ്യ പ്രഹരം നല്‍കിയത്. പിന്നീടെത്തിയ കാമറൂണ്‍ ഗ്രീന്‍ (21 പന്തില്‍ 27) കോലിക്ക് മികച്ച പിന്തുണ നല്കി. എന്നാല്‍ എട്ടാം ഓവറില്‍ കോലിയെ ചെഹല്‍ പുറത്താക്കി.
മൂന്നാം വിക്കറ്റില്‍ ഗ്രീന്പാട്ടീദാര് സഖ്യമാണ് ആര്‍സിബിയെ മുന്നോട്ടു നയിച്ചത്. 13ാം ഓവറില്‍ ഗ്രീനിനെയും പിന്നാലെയെത്തിയ മാക്സ്വെല്ലിനെയും അടുത്തടുത്ത പന്തുകളില്‍ അശ്വിന് പുറത്താക്കിയതോടെയാണ് ബെംഗളൂരു ഇന്നിങ്സിന്റെ താളം നഷ്ടപ്പെട്ടത്. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണതോടെ വന്‍ സ്കോറിലേക്ക് ബെംഗളൂരുവിന് എത്താനായില്ല. ദിനേശ് കാര്‍ത്തിക് (13 പന്തില്‍ 11) നിറംമങ്ങിയപ്പോള്‍, ലോംറോര്‍, സ്വപ്നില്‍ സിങ് (4 പന്തില്‍ 9*), കരണ്‍ ശര്‍മ (4 പന്തില്‍ 5*) എന്നിവരാണ് ആര്‍സിബി സ്കോര്‍ 170 കടത്തിയത്.
https://www.facebook.com/Malayalivartha