യാത്രയ്‌ക്കിടെ ട്രെയിനിൽ നിന്ന് ഡോക്‌ടർക്ക് പാമ്പ് കടിയേറ്റു...യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....ഇന്ന് രാവിലെ 8.15ഓടെയായിരുന്നു സംഭവം... ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്...
യാത്രയ്‌ക്കിടെ ട്രെയിനിൽ നിന്ന് ഡോക്‌ടർക്ക് പാമ്പ് കടിയേറ്റു. നിലമ്പൂർ - ഷൊർണൂർ പാസഞ്ചറിലാണ് സംഭവം. ആയുർവേദ ഡോക്‌ടറായ ഗായത്രിയെ (25) ആണ് പാമ്പ് കടിച്ചത്. യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ 8.15ഓടെയായിരുന്നു സംഭവം. വല്ലപ്പുഴ സ്റ്റേഷനിലെത്തിയപ്പോഴാണ് തന്നെ പാമ്പ് കടിച്ചു എന്ന് പറഞ്ഞുകൊണ്ട് ഏറ്റവും മുന്നിലെ ജനറൽ കമ്പാർട്ട്‌മെന്റിൽ യാത്ര ചെയ്‌തിരുന്ന ഗായത്രി പുറത്തിറങ്ങിയത്. ബർത്തിൽ പാമ്പുണ്ടെന്നും മറ്റ് യാത്രക്കാർ പാമ്പിനെ കണ്ടുവെന്നും യുവതി പറഞ്ഞു. ഇവരുടെ കാലിൽ തുണികൊണ്ട് ചുറ്റിക്കെട്ടിയിട്ടുമുണ്ടായിരുന്നു. തുടർന്ന് യാത്രക്കാർ ചേർന്ന് യുവതിയെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചു. പിന്നീട് അവിടെ നിന്നും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
യുവതി ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.നിലമ്പൂരിൽ നിന്ന് ട്രെയിൻ കയറിയ ഗായത്രി കോട്ടയത്താണ് പഠിക്കുന്നത്. ഷൊർണൂരിൽ ഇറങ്ങാനിരിക്കെയാണ് ഇങ്ങനെയൊരു സംഭവമുണ്ടായത്. പരിശോധനകൾ നടത്തിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാനാകുയുള്ളു. യുവതിയുടെ കാലിൽ പാമ്പ് കടിയേറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നുവെന്നാണ് മറ്റ് യാത്രക്കാർ പറഞ്ഞത്.ട്രെയിൻ ഷൊർണൂരിലെത്തിയപ്പോൾ റെയിൽവേ അധികൃതർ കോച്ച് പരിശോധിച്ചു. എന്നാൽ, ഒന്നുംതന്നെ കണ്ടെത്താനായില്ലെന്നാണ് പാലക്കാട് റെയിൽവേ ഡിവിഷൻ ഓഫീസിൽ നിന്ന് അറിയിച്ചിരിക്കുന്നത്.ഇക്കഴിഞ്ഞ ഏപ്രിൽ 15നും സമാനമായ സംഭവം നടന്നിരുന്നു. ഗുരുവായൂർ - മധുര എക്‌സ്‌പ്രസിലെ യാത്രക്കാരനെയാണ് അന്ന് പാമ്പ് കടിച്ചത്. ട്രെയിൻ ഏറ്റുമാനൂരിൽ എത്തിയപ്പോഴാണ് ഏഴാം നമ്പർ ബോഗിയിൽ യാത്ര ചെയ്യുകയായിരുന്ന മധുര സ്വദേശിയായ കാർത്തിക് (21) പാമ്പ് കടിയേറ്റതായി സംശയം തോന്നിയത്.
പിന്നാലെ ഇയാളെ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടിച്ചത് പാമ്പ് തന്നെയാണെന്നാണ് കാർത്തി പറഞ്ഞത്. ട്രെയിനിനുള്ളിൽ പാമ്പിനെ കണ്ടുവെന്നും ഇയാൾ ഡോക്‌ടറോട് പറഞ്ഞു.തുടർന്ന് ട്രെയിൻ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിച്ചതിന് ശേഷം ഏഴാം നമ്പർ ബോഗിയിലെ യാത്രക്കാരെ മറ്റൊരിടത്തേയ്ക്ക് മാറ്റി ബോഗി സീൽ ചെയ്തതിന് ശേഷമാണ് യാത്ര തുടർന്നത്. ബോഗിയിൽ പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല.കാർത്തിക്കിനെ പാമ്പ് തന്നെയാണോ കടിച്ചതെന്ന സംശയത്തിലായിരുന്നു റെയിൽവേ പൊലീസ്. എലിയാകാം കടിച്ചതെന്നായിരുന്നു പൊലീസിന്റെ സംശയം. പരിശോധനകൾക്ക് ശേഷമേ ഇത് സ്ഥിരീകരിക്കാനാവുകയുള്ളൂ എന്നാണ് പൊലീസ് പറഞ്ഞിരുന്നത്. കാത്തികിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സയിൽ പ്രവേശിപ്പിച്ചത്. ഗുരുവായൂർ യാർഡിൽ ഏറെ നേരം നിർത്തിയിടുന്ന ട്രെയിനാണിത്. ട്രെയിനിനുള്ളിൽ എലിശല്യം ഉള്ളതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
https://www.facebook.com/Malayalivartha