എല്ലാം കൊണ്ടും കോള് തന്നെ... എഡിജിപി അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് ബിനോയ് വിശ്വം; രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
എഡിജിപി വിഷയം വീണ്ടും കടുപ്പിക്കുകയാണ്. എഡിജിപി എം.ആര്‍ അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ സംസ്ഥാന നിര്‍വാഹക കൗണ്‍സില്‍ യോഗത്തിലാണ് ബിനോയ് വിശ്വം ഇക്കാര്യം അറിയിച്ചത്.
എഡിജിപി വിവാദത്തില്‍ സംസ്ഥാന നേതൃ യോഗത്തില്‍ ശക്തമായ വിമര്‍ശനം ഉയര്‍ന്നതോടെയാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അല്‍പ്പം കൂടി കാത്തിരിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞത്. ഡിജിപിയുടെ നേതൃത്വത്തില്‍ എഡിജിപിക്കെതിരെ നടക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് വരുന്നത് വരെ കാത്തിരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ട കാര്യവും ബിനോയ് വിശ്വം യോഗത്തെ അറിയിച്ചു.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ദേശവിരുദ്ധ പ്രവര്‍ത്തനം എന്തുകൊണ്ട് അറിയിച്ചില്ലെന്ന് ചോദ്യമുന്നയിച്ച ഗവര്‍ണര്‍ ദേശവിരുദ്ധര്‍ ആരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുന്നുവെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.
3 വര്‍ഷമായി ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞു. അത് എന്താണെന്നറിയാന്‍ ഓരോ ഇന്ത്യക്കാരനും അവകാശമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തിലും ഗവര്‍ണര്‍ വിശദീകരണം തേടിയിട്ടുണ്ട്. ശ്രദ്ധയില്‍പെട്ട ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ ഉടന്‍ അറിയിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.
അതേസമയം പിആര്‍ ഏജന്‍സി നല്‍കിയ അഭിമുഖവുമായി ബന്ധപ്പെട്ട മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മുമ്പില്‍ പച്ചക്കള്ളം പറഞ്ഞ് മുഖ്യമന്ത്രി അപഹാസ്യനായെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഒരു കള്ളം മറയ്ക്കാന്‍ നൂറുകള്ളം പറയുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. എത്ര ലാഘവത്തോടെയാണ് ദേവകുമാറിന്റെ മകന്‍ അഭിമുഖത്തിന് അഭ്യര്‍ത്ഥിച്ചപ്പോള്‍ താന്‍ സമ്മതിച്ചുവെന്ന് മുഖ്യമന്ത്രി പറയുന്നത്. അഭിമുഖം നടത്തുന്ന മാദ്ധ്യമപ്രവര്‍ത്തകയെ കൂടാതെ മറ്റൊരാള്‍ റൂമില്‍ ഇരുന്നത് മുഖ്യമന്ത്രി അറിയാതെയാണെന്ന് പറഞ്ഞാല്‍ അത് അരിയാഹാരം കഴിക്കുന്നവര്‍ വിശ്വസിക്കില്ല.
കൃത്യമായി പിആര്‍ ഏജന്‍സി ആസൂത്രണം ചെയ്ത അഭിമുഖമായിരുന്നു അതെന്ന് വ്യക്തമാണ്. മുഖ്യമന്ത്രിയുടെ കൂടെയാണ് പിആര്‍ അംഗങ്ങള്‍ അഭിമുഖഹാളിലേക്ക് പോയതെന്നും മറ്റ് ദേശീയ മാദ്ധ്യമങ്ങളെയും ഇവര്‍ ബന്ധപ്പെട്ടിരുന്നുവെന്നും വ്യക്തമാണ്. മുമ്പും വിദേശത്ത് വെച്ച് മുഖ്യമന്ത്രിയുടെ അഭിമുഖം ഇതേ പിആര്‍ ഏജന്‍സികള്‍ നടത്തിയിരുന്നു. പിആര്‍ ഏജന്‍സികള്‍ക്ക് ആരാണ് പണം നല്‍കുന്നതെന്നാണ് ഇനി അറിയേണ്ടത്. നേരത്തെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ശിവശങ്കരന്‍ പറഞ്ഞത് ആരെങ്കിലും ഒരു ടിഷ്യു പേപ്പര്‍ കൊണ്ടുപോയി കൊടുത്താലും അതില്‍ ഒപ്പിടുന്നയാളാണ് മുഖ്യമന്ത്രിയെന്നാണ്. അത് ശരിവെക്കും വിധത്തിലുള്ള പ്രതികരണമാണ് ഇപ്പോള്‍ മുഖ്യമന്ത്രി നടത്തുന്നത്.
സ്വര്‍ണ്ണക്കടത്തും ദേശവിരുദ്ധപ്രവര്‍ത്തനവും പോലെയുള്ള ഗൗരവതരമായ വിഷയങ്ങളില്‍ നിന്നും മുഖ്യമന്ത്രി ഒളിച്ചോടുകയാണ്. മതമൗലിക ശക്തികളെ ഭയന്നാണ് മുഖ്യമന്ത്രിക്ക് നിലപാട് മാറ്റേണ്ടി വന്നത്. ഒരു ജില്ലയുടെ പേര് പറയാന്‍ പോലും നട്ടെല്ലില്ലാത്തയാളെയാണ് ഇരട്ട ചങ്കനെന്ന് വിളിക്കുന്നതെന്നാണ് വിരോധാഭാസം. മുഖ്യമന്ത്രി രാജിവെച്ച് ജനങ്ങളോട് നീതി പുലര്‍ത്തണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha