പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന വേവ്സ് എന്റർടെയ്ൻമെന്റ് സമ്മിറ്റിൽ പ്രധാന താരമായി മോഹൻലാൽ..ലാൽ പ്രതിസ്ഥാനത്തുള്ള ആനക്കൊമ്പ് കേസ് സജീവമാക്കാൻ സി പി എം ശ്രമം തുടങ്ങി..

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന വേവ്സ് എന്റർടെയ്ൻമെന്റ് സമ്മിറ്റിൽ പ്രധാന താരമായി മോഹൻലാൽ എത്തിയതോടെ ലാൽ പ്രതിസ്ഥാനത്തുള്ള ആനക്കൊമ്പ് കേസ് സജീവമാക്കാൻ സി പി എം ശ്രമം തുടങ്ങി. മുംബൈയിലെ ജിയോ വേൾഡ് കണ്‍വെൻഷൻ സെന്ററിൽ നടക്കുന്ന ഇന്ത്യയിലെ ആദ്യ വേൾഡ് ഓഡിയോ വിഷ്വൽ ആൻഡ് എന്റർടെയ്ൻമെന്റ് സമ്മിറ്റിൽ അമിതാഭ് ബച്ചൻ, രജനികാന്ത്, ഷാറുഖ് ഖാൻ, അക്ഷയ് കുമാർ, ചിരഞ്ജീവി അടക്കമുള്ള താരങ്ങൾ പങ്കെടുക്കുന്നുണ്ട്.രജനികാന്ത്, ചിരഞ്ജീവി, ഹേമമാലിനി, അക്ഷയ് കുമാര്‍, മിഥുന്‍ ചക്രബര്‍ത്തി എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം മോഹന്‍ലാല്‍ പങ്കുവച്ചിട്ടുണ്ട്. വേവ് സമ്മിറ്റില്‍ പങ്കെടുക്കവെയാണ് ഈ ചിത്രം എടുത്തത്.
ഉച്ചകോടിയിൽ 42 പ്ലീനറി സെഷനുകൾ, 39 ബ്രേക്ക്ഔട്ട് സെഷനുകൾ, പ്രക്ഷേപണം, ഇൻഫോടെയ്ൻമെന്റ്, AVGC-XR, സിനിമ, ഡിജിറ്റൽ മീഡിയ എന്നിവയുൾപ്പെടെ വിവിധ മേഖലകളിലായി 32 മാസ്റ്റർക്ലാസുകൾ സംഘടിപ്പിക്കുന്നു.അക്ഷയ് കുമാര്‍ മോഡറേറ്ററായി എത്തുന്ന ലെജെൻഡ്സ് ആൻഡ് ലെഗസീസ്: ദ് സ്റ്റോറീസ് ദാറ്റ് ഷെയ്പ്പ് ഇന്ത്യാസ് സോൾ എന്ന സെഷൻ പരിപാടിയുടെ ആകർഷണമാകും. അമിതാഭ് ബച്ചൻ, ഹേമാമാലിനി, മിഥുൻ ചക്രവർത്തി, രജനികാന്ത്, ചിരഞ്ജീവി എന്നിവർക്കൊപ്പം മോഹൻലാലും സ്പീക്കര്‍മാരിൽ ഒരാളായി സെഷനിൽ പങ്കെടുക്കുന്നു.പ്രതിവർഷം ഏറ്റവും കൂടുതൽ സിനിമകൾ നിർമിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ എന്നുള്ളതുകൊണ്ടുതന്നെ ഇന്ത്യയുടെ മീഡിയ ആൻഡ് എന്റർടൈൻമെന്റ് മേഖലയെ ലോക വേദിയിലേക്ക് ഉയർത്തുന്നതിനായി രൂപകൽപ്പന ചെയ്ത മികവുറ്റ പരിപാടിയായി വേവ്സ് എന്നതിൽ സംശയമില്ല. മാധ്യമ വിനോദ വ്യവസായത്തിൽ ചർച്ചകളും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രധാന വേദിയായിരിക്കും വേവ്സ്. ബാന്ദ്ര–കുർള കോംപ്ലക്സിലെ ജിയോ വേൾഡ് സെന്ററിൽ നടത്തുന്ന 4 ദിവസത്തെ സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. പ്രമുഖരുമായി അദ്ദേഹം സംവദിക്കും.എമ്പുരാൻ പുറത്തിറങ്ങിയതോടെ ആർ എസ് എസുമായി മോഹൻലാൽ തെറ്റിയെന്ന് സി പി.എം. വിശ്വസിച്ചിരിക്കുമ്പോഴാണ് പ്രധാനമന്ത്രിയുടെഓഫീസിന് പങ്കാളിത്തമുള്ള ഉച്ചകോടിയിൽ ലാലിന് ക്ഷണം ലഭിച്ചത്. അതോടെയാണ് ചില സി പി എം നേതാക്കൾ മോഹൻലാലിനെ നാറ്റിക്കാൻ ശ്രമം തുടങ്ങിയത്. പുലിപ്പല്ലുമായി റാപ്പര്‍ വേടന്‍ അറസ്റ്റിലായതിനു പിന്നാലെയാണ് സൂപ്പര്‍താരം മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പു കേസും വീണ്ടും ചര്‍ച്ചയിലെത്തിയത്. വേടനെ കുടുക്കാന്‍ തിടുക്കം കാട്ടിയ വനം വകുപ്പ് ലാലിന്‍റെ കേസില്‍ മെല്ലെപ്പോക്ക് തുടരുകയാണെന്നാണ് നവമാധ്യമങ്ങളില്‍ ഒരു വിഭാഗം ഉയര്‍ത്തുന്ന വിമര്‍ശനം. 2011 ആഗസ്റ്റില്‍ എറണാകുളം തേവരയിലെ മോഹന്‍ലാലിന്‍റെ വീട്ടില്‍ റെയ്ഡിനെത്തിയ ആദായ നികുതി വകുപ്പ് സംഘമാണ് വീട്ടില്‍ നിന്ന് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. അന്നു തന്നെ വനം വകുപ്പിന് വിവരം കൈമാറി. ആനക്കൊമ്പു സൂക്ഷിക്കാനുളള നിയമപരമായ രേഖകളൊന്നും പക്കലില്ലാതിരുന്നിട്ടു കൂടി തിടുക്കത്തില്‍ ലാലിനെതിരെ കേസെടുക്കാനോ അറസ്റ്റ് ചെയ്യാനോ വനം വകുപ്പ് മെനക്കെട്ടില്ല. മറിച്ച് വലിയ കൂടിയാലോചനകള്‍ക്കു ശേഷമായിരുന്നു അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ച കേസില്‍ ലാലിനെ ഒന്നാം പ്രതിയാക്കി വനം വകുപ്പ് കേസെടുത്തത്. അതും 2012 ജൂണ്‍ മാസത്തില്‍. വീട്ടിലെ മേശയില്‍ ഉറപ്പിച്ച നിലയില്‍ കണ്ടെത്തിയ തൊണ്ടിമുതലായ ആനക്കൊമ്പുകള്‍ വനം വകുപ്പ് കസ്റ്റഡിയില്‍ എടുത്തിരുന്നുമില്ല. നിയമ ലംഘനം വ്യക്തമായിട്ടും വേടനെ കസ്റ്റഡിയില്‍ എടുത്തതു പോലെ ലാലിനെ കസ്റ്റഡിയില്‍ എടുത്തില്ല. നോട്ടീസ് നല്‍കി വനം വകുപ്പിന്‍റെ ഏതെങ്കിലുമൊരു ഓഫീസിലേക്ക് വിളിച്ചു വരുത്തിയതുമില്ല. മറിച്ച് ലാലിന്‍റെ സൗകര്യം നോക്കി അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് നേരിട്ടെത്തിയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മൊഴിയെടുപ്പ് പോലും നടത്തിയത്. തൃശൂരിലും,കൊച്ചിയിലുമുളള രണ്ട് സുഹൃത്തുക്കള്‍ സൂക്ഷിക്കാനായി ഏല്‍പ്പിച്ചതാണ് ആനക്കൊമ്പുകളെന്നായിരുന്നു ലാല്‍ നല്‍കിയ മൊഴി. ആനക്കൊമ്പ് വില്‍ക്കാനോ വാങ്ങാനോ കൈമാറ്റം ചെയ്യാനോ ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തേക്ക് അനുമതിയില്ലാതെ മാറ്റാനോ ഒന്നും നിയമം ഇല്ലാതിരുന്നിട്ടു കൂടിയും ഈ മൊഴിക്ക് ശേഷവും ലാലിനെതിരെ വനം വകുപ്പ് നടപടികള്‍ ഒന്നും ഉണ്ടായില്ല.
ഇതിനിടയില്‍ ആനക്കൊമ്പിന്‍റെ ഉടമസ്ഥാവകാശം അനുവദിക്കണമെന്നാവശ്യപ്പെട്ട് ലാല്‍ അന്നത്തെ പ്രധാനമന്ത്രിക്ക് കത്തയച്ചു. പരിശോധിക്കാന്‍ കേന്ദ്ര വനം മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ചട്ടങ്ങള്‍ പലതും മറികടന്ന് വനം വകുപ്പ് ലാലിന് ഉടമസ്ഥാവകാശം അനുവദിക്കുകയും ചെയ്തു. അന്നത്തെ യുഡിഎഫ് സര്‍ക്കാരില്‍ വനം മന്ത്രിയായിരുന്ന ഗണേഷ് കുമാറിന്‍റെ സ്വാധീനത്തിലാണ് ലാലിന് ഈ ഉടമസ്ഥാവകാശം കിട്ടിയതെന്ന ആരോപണം അന്നും ഇന്നും ശക്തമായി നിലനില്‍ക്കുന്നുണ്ട്. ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശം ലാലിന് നല്‍കിയ നടപടിയിലെ ചട്ടവിരുദ്ധത ചൂണ്ടിക്കാട്ടി ഏലൂര്‍ സ്വദേശി പൗലോസും മുന്‍ വനം വകുപ്പ് ഉദ്യോഗസ്ഥനും നല്‍കിയ ഹര്‍ജികള്‍ ഇപ്പോഴും ഹൈക്കോടതിയിലുണ്ട്. ഇതിനിടെ വനം വകുപ്പ് ലാലിനെതിരെ പെരുമ്പാവൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍ തനിക്കെതിരായ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലാല്‍ പെരുമ്പാവൂര്‍ കോടതിയെ സമീപിച്ചു. കോടതി ഈ ആവശ്യം തളളി. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് തുടര്‍ നടപടികള്‍ക്ക് സ്റ്റേ വാങ്ങിയിരിക്കുകയാണ് ലാല്‍. വിവാദമായ ആനക്കൊമ്പുകള്‍ ഇന്നും മോഹന്‍ലാലിന്‍റെ പക്കലുണ്ട്. ആനക്കൊമ്പുകള്‍ മാത്രമല്ല അന്ന് ആ വീട്ടില്‍ നിന്ന് കണ്ടെടുത്ത ആനക്കൊമ്പില്‍ തീര്‍ത്ത 13 വിഗ്രഹങ്ങളും. വേടന്‍റെ കേസിലെ തിടുക്കം ഒരു ഘട്ടത്തിലും ലാലിന്‍റെ കാര്യത്തില്‍ വനം വകുപ്പില്‍ നിന്നോ മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നോ ഉണ്ടായിട്ടില്ലെന്ന് ചുരുക്കം. വേടനെതിരെ തിടുക്കത്തില്‍ നടപടികള്‍ വേണ്ടെന്നല്ല. മറിച്ച് ഒരേ സ്വഭാവമുളള രണ്ടു കേസുകളില്‍ രണ്ടു തരത്തിലുളള സമീപനമോ വേണ്ടതെന്ന ചോദ്യമാണ് ഉയരുന്നത്.മോഹൻലാലും മോദിയും തമ്മിൽ തെറ്റിയിട്ടില്ലെന്ന് മനസിലാക്കിയതോടെയാണ് വിവാദം വീണ്ടും പുകഞ്ഞത്. എമ്പുരാൻ ഇറങ്ങിയപ്പോൾ ലാലും ബി ജെ പിയും തെറ്റിയതായി സി പി എം വ്യാപകമായി പ്രചരിപ്പിച്ചു. ലൂസിഫര്‍' ഫ്രാഞ്ചൈസിന്റെ രണ്ടാം ഭാഗമായ 'എമ്പുരാന്‍' സിനിമയുടെ ആവിഷ്‌കാരത്തില്‍ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങള്‍ തന്നെ സ്‌നേഹിക്കുന്നവരില്‍ കുറേപേര്‍ക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി താനറിഞ്ഞതായി മോഹൻലാൽ സമൂഹമാധ്യമത്തിൽ എഴുതി.. ഒരു കലാകാരന്‍ എന്ന നിലയില്‍ എന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലര്‍ത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എന്റെ കടമയാണ്. അതുകൊണ്ടു തന്നെ എന്റെ പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ എനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ത്ഥമായ ഖേദമുണ്ട്, ഒപ്പം അതിന്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഞങ്ങള്‍ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ അത്തരം വിഷയങ്ങളെ നിര്‍ബന്ധമായും സിനിമയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഞങ്ങള്‍ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞു.കഴിഞ്ഞ നാല് പതിറ്റാണ്ട് നിങ്ങളിലൊരാളായാണ് ഞാന്‍ എന്റെ സിനിമാ ജീവിതം ജീവിച്ചത്. നിങ്ങളുടെ സ്‌നേഹവും വിശ്വാസവും മാത്രമാണ് എന്റെ ശക്തി. അതില്‍ കവിഞ്ഞൊരു മോഹന്‍ലാല്‍ ഇല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു...
സ്‌നേഹപൂര്‍വ്വം മോഹന്‍ലാല്‍മോഹൻലാലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ചിത്രത്തിന്റെ സംവിധായകൻ കൂടിയായ പൃഥ്വിരാജ് സുകുമാരനും പങ്കുവെച്ചിട്ടുണ്ട്. മോഹൻലാൽ സാധാരണ സുഹൃത്തുക്കളെ തള്ളി പറയുന്ന ഒരാളല്ല.കാരണം അദ്ദേഹം സൗഹ്യദങ്ങൾക്ക് വലിയ വില കൽപ്പിക്കുന്നു. എന്നാൽ എമ്പുരാൻ വിവാദത്തിൽ തന്റെ തടി രക്ഷിക്കാൻ മോഹൻലാലിന് കൂടെ നിൽക്കുന്ന വരെയെല്ലാം തള്ളി പറഞ്ഞേ മതിയാകൂ. ഗുജറാത്ത് കലാപം നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ഹൃദയത്തിനേറ്റ മുറിവാണ്. അതിനെ തൊട്ടുകളിച്ചാൽ ബി ജെ പി ആരെയും വെറുതെ വിടില്ല. അത് നന്നായി മനസിലാക്കിയ വ്യക്തിയാണ് മോഹൻലാൽ,സിനിമയുടെ റീ സെൻസറിംഗിന് പൃഥ്വിരാജ് തയ്യാറായില്ലെന്നും എന്നാൽ ലാലിന്റെ സമ്മർദ്ദം ഉണ്ടായെന്നും വാർത്തകളുണ്ടായിരുന്നു. തന്റെ സിനിമയ്ക്ക് പ്രതൃക്ഷമായോ പരോക്ഷമായോ യാതൊരു കുഴപ്പവുമില്ലെന്ന ചിന്തയിലായിരുന്നു പൃഥ്വിരാജ്.
എന്നാൽ സംഘപരിവാർ ഹാൻഡിലുകളിൽ നിന്നും വന്ന വിമർശനങ്ങൾ കാരണം ലാൽ റീ സെൻസറിംഗിന് ശ്രമിച്ചു എന്നാണ് വാർത്തകൾ.അതേ സമയം എമ്പുരാന്‍ വിവാദത്തില്‍ കേന്ദ്ര ഏജന്‍സികളുടെ സമ്മര്‍ദം മോഹന്‍ലാലിനുമേല്‍ ഉണ്ടായിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കൾ പറഞ്ഞു . എമ്പുരാന്‍ വിവാദത്തില്‍ മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെയായിരുന്നു പ്രതികരണം. എമ്പുരാന്‍ സിനിമയ്ക്ക് വേണ്ടി പണംമുടക്കിയവരുടെ നേരേ കേന്ദ്രഏജന്‍സികളുടെ ഭാഗത്തുനിന്ന് വലിയ ഭീഷണിയുണ്ടായെന്നാണ് മനസിലാക്കുന്നതെന്നും നേതാക്കൾ പറഞ്ഞു.മോഹൻലാൽ വലിയ മാനസിക സമ്മർദ്ദം അനുഭവിക്കുന്നതായി വാർത്തകളുണ്ടായിരുന്നു. പ്യഥ്വിരാജിനെ അദ്ദേഹം തള്ളിപറഞ്ഞതും ഇതുകൊണ്ടാണ്. ഗോകുലം ഗോപാലനും സമ്മർദ്ദത്തിൽ തന്നെയായിരുന്നു.. ബി ജെ പിക്കെതിരായ വിമർശനങ്ങൾ ബിസിനസിനെ ബാധിക്കുമോ എന്ന സംശയം ഗോപാലനും ആന്റണി പെരുമ്പാവൂരിനുമുണ്ട്.
ഇതിൽ രാഹുൽ ഈശ്വർ പറഞ്ഞതാണ് ശരി. എമ്പുരാന്‍ വിവാദങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ മോഹന്‍ലാല്‍ പങ്കുവെച്ച കുറിപ്പ് എഴുതിയത് ഏകദേശം ഒരുദിവസം എടുത്താണെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. മോഹന്‍ലാലിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചാണ് രാഹുലിന്റെ അവകാശവാദം. മോഹന്‍ലാലിന്റേത് ഏറ്റവും മികച്ച നിലപാടാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.'ഏകദേശം ഒരു ദിവസം എടുത്താണ് ഈ പോസ്റ്റ് എഴുതിയത് എന്നാണ് ലാലേട്ടനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്. വളരെ ആലോചിച്ച്, എല്ലാത്തിനും ഉത്തരവാദിത്വം ഏറ്റെടുത്ത്, പൃഥ്വിരാജിനെ ഒരുകാരണവശാലും കുറ്റം പറയാതെ, പൃഥ്വിരാജിനെ തള്ളിപ്പറയാതെ ഖേദമുണ്ടെന്ന് പറയുകയും ചെയ്തു. എന്നാലത് മാപ്പാകാതിരിക്കുകയും ചെയ്യുന്ന, പ്രിയ്യപ്പെട്ടവരേയെന്ന് എല്ലാവരേയും അഭിസംബോധന ചെയ്തുകൊണ്ട് പോസിറ്റീവായി വരുന്ന രീതിയിലാണ് പ്രതികരണം. ലാലേട്ടന്‍ ഇതല്ലാതെ എന്താണ് ചെയ്യേണ്ടത്?
ഏറ്റവും മികച്ച നിലപാടാണ് മോഹന്‍ലാലിന്റേത്. നിലപാടിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. തീവ്രതയുള്ളവര്‍ എന്ത് നിലപാട് എടുത്താലും പരസ്പരം ഫൈറ്റ് ചെയ്യും', രാഹുൽ ഈശ്വർ പറഞ്ഞു.'മാപ്പു പറയുകയല്ല, ഖേദപ്രകടനം നടത്തുകയാണ് മോഹന്‍ലാല്‍ ചെയ്തത്. ഇനിയൊരു വിവാദത്തിന് സ്‌കോപ്പില്ല. മോഹന്‍ലാല്‍, എല്ലാവരേയും സ്വീകരിക്കുന്ന രീതിയില്‍ സന്തുലിതമായ നിലപാടെടുത്തു. ആരേയും വിഷമിപ്പിക്കാത്ത രീതിയില്‍ അദ്ദേഹമത് മുന്നോട്ടുവെക്കുകയും ചെയ്തു. എല്ലാവര്‍ക്കും യോജിപ്പുള്ള, ആര്‍ക്കും വിയോജിപ്പില്ലാത്ത നിലപാടിലേക്ക് മോഹന്‍ലാലിന് നമ്മളെ എത്തിക്കാന്‍ കഴിഞ്ഞു. പൃഥ്വിരാജ് അടക്കം ഇത് ഷെയര്‍ ചെയ്തു. ഇനിയും അതില്‍ പ്രകോപിതരാവേണ്ട കാര്യമില്ല. തീവ്രഹിന്ദുത്വവാദികളും തീവ്രഇസ്ലാമിസ്റ്റുകളും തീവ്രഇടതുപക്ഷക്കാരും ലാലേട്ടന്‍ എന്ത് ചെയ്താലും ഹാപ്പിയാവില്ല. തീവ്രഹിന്ദുത്വവാദികളും തീവ്രഇസ്ലാമിസ്റ്റുകളും എന്തെങ്കിലും കാരണമുണ്ടാക്കി പരസ്പരം ആക്രമിക്കുമ്പോള്‍, അതിനിടയില്‍ നില്‍ക്കുന്നവരേയും ആക്രമിക്കും', രാഹുല്‍ അഭിപ്രായപ്പെട്ടു.
അതേസമയം രാജാവിനെക്കാൾ രാജഭക്തി കാണിച്ചയാൾ മുഖ്യ മന്ത്രി പിണറായി വിജയനാണ്.മോഹൻലാൽ ബി ജെ പിക്കാർക്ക്അനഭിമതനായെന്ന് മനസിലാക്കിയതോടെ പിണറായി മോഹൻലാലിനൊപ്പം ശബരിമല ദർശനത്തിന് പോയ തിരുവല്ല സിഐ സുനിൽകൃഷ്ണന് കാരണം കാണിക്കൽ നോട്ടീസ് നൽകി. ശബരിമല ദർശനത്തിന് മാത്രമാണ് അനുമതി നൽകിയത്. താരത്തിന്റെ സുരക്ഷ സ്വയം ഏറ്റെടുത്ത് പോയത് വീഴ്ചയാണെന്ന് കാട്ടിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്. എന്നാൽ 10 ദിവസമായിട്ടും ഉദ്യോഗസ്ഥൻ വിശദീകരണം നൽകിയിട്ടില്ല. തുടർനടപടി എസ്പി തീരുമാനിക്കുമെന്ന് മെമ്മോ നൽകിയ തിരുവല്ല ഡിവൈഎസ്പി പറഞ്ഞു. മാർച്ച് 18 നായിരുന്നു മോഹൻലാലിന്റെ ശബരിമല ദർശനം. ഫെബ്രുവരി അവസാനം പത്തനംതിട്ട സൈബർ സ്റ്റേഷനിലേക്ക് സ്ഥലംമാറ്റം കിട്ടിയ ഉദ്യോഗസ്ഥൻ ആയിരുന്നു സുനിൽ കൃഷ്ണൻ. ഇത് താൻടാ പിണറായി. എമ്പുരാൻ കണ്ട ശേഷം പിണറായി പ്രതികരിക്കാത്തതും ഇതിന്റെ ഭാഗം തന്നെയാണ്.
ഇതിന് പിന്നാലെയാണ് പിണറായി ആനക്കൊമ്പിൽ ലാലിനെ കുടുക്കാൻ ശ്രമിച്ചത്. വിഴിഞ്ഞം വാർത്താ സമ്മേളനത്തിൽ ഇക്കാര്യം മുഖ്യമന്ത്രിയോട് ചോദിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറി. കൃത്യമായ ഉദ്ദേശ്യമാണ് മുഖ്യമന്ത്രിക്കുള്ളത്. എമ്പുരാനെ തുടർന്ന് മോഹൻലാൽ മാപ്പു പറഞ്ഞതാണ് സി പി എമ്മിനെ പ്രകോപിപ്പിച്ചത്. ഒരിക്കലും സി പി എം അത് പ്രതീക്ഷിച്ചില്ല. അതിനുള്ള അടിയാണ് ലാലിന് കിട്ടിയത്.സി പി എം വാർത്താ കേന്ദ്രങ്ങളിൽ നിന്നാണ് വേടൻ സംഭവത്തെ തുടർന്ന് ആനക്കൊമ്പ് വാർത്തയും ചോർന്നത്. വേടനെ രക്ഷിക്കാനുള്ള തീരുമാനം സി.പി.എമ്മിന്റേതായിരുന്നു, ഇതിൽ ജാതി കാണിക്കാൻ വേണ്ടിയാണ് മോഹൻലാലിനെ കൂടി വാർത്തയിൽ കൊണ്ടു വന്നത്.മോഹൻലാൽ ബി ജെ പിയുമായി രമ്യതയിലായി എന്ന് മനസിലാക്കിയാണ് പുതിയ നീക്കങ്ങൾ ആരംഭിച്ചത്.
https://www.facebook.com/Malayalivartha