ഫ്രണ്ട്സ് ആപ്പ് വഴി പരിചയം; വിവാഹ വാഗ്ദാനം നൽകി പോലീസുകാരൻ യുവ വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസ്: തമ്പാനൂർ പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്

വിവാഹിതനെന്ന സത്യം മറച്ച് വച്ച് ഫ്രണ്ട്സ് ആപ്പ് വഴി പരിചയപ്പെട്ട കൊച്ചി സ്വദേശിനിയായ യുവ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി പലതവണ പീഡിപ്പിച്ച് സ്വർണം അടക്കം തട്ടിയെടുത്ത് ദേഹോപദ്രവമേൽപ്പിച്ച കേസിൽ തമ്പാനൂർ പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ്. നസീറയുടേതാണുത്തരവ്. തമ്പാനൂർ സർക്കിൾ ഇൻസ്പെക്ടർ മെയ് 3 നാണ് റിപ്പോർട്ട് ഹാജരാക്കേണ്ടത്. ഏപ്രിൽ 27 മുതൽ അഴിക്കുള്ളിൽ കഴിയുന്ന പ്രതി സിറ്റി എആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫിസറും കിളിമാനൂർ വെള്ളല്ലൂർ സ്വദേശിയുമായ വിജയ് യശോദരൻ സമർപ്പിച്ച ജാമ്യ ഹർജിയിലാണ് കോടതി റിപ്പോർട്ട് തേടിയത്.
2024 നവംബർ 20 ന് കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ് അവധിയെടുത്ത് മുങ്ങി ഒളിവിൽ പോയ പ്രതിയെ 7 മാസത്തിനു ശേഷം 2025 ഏപ്രിൽ 27 നാണ് തമ്പാനൂർ പൊലീസ് പിടികൂടിയത്. ഹൈക്കോടതിയും സുപ്രീം കോടതിയും മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് പ്രതി ഒളിവിലായിരുന്നു. വിജയ് തൃശൂർ എ ആർ ക്യാംപിൽ ആയിരുന്ന സമയത്താണ് സമൂഹമാധ്യമം വഴി ഇരുവരും പരിചയപ്പെട്ടത്. ബലാത്സംഗം, വഞ്ചന, ദേഹോപദ്രവം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്. വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകി തമ്പാനൂരിലെ ഹോട്ടലിൽ എത്തിച്ച് ഒരു മാസത്തോളം താമസിച്ച് ബലാത്സംഗം ചെയ്തെന്നാണ് പരാതി.
https://www.facebook.com/Malayalivartha


























