കവിത കൊലക്കേസ്... പ്രതി അജിൻ റെജി മാത്യു കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി, ശിക്ഷ വ്യാഴാഴ്ച വിധിക്കും

തിരുവല്ലയിലെ കവിത കൊലക്കേസിൽ പ്രതി അജിൻ റെജി മാത്യു കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകളിലാണ് പ്രതിയെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്. കേസിൽ പ്രതിയുടെ ശിക്ഷ വ്യാഴാഴ്ച വിധിക്കും.
അതേസമയം, പ്രതിക്ക് തൂക്കുകയർ നൽകണമെന്ന് കോടതിവിധി കേൾക്കാനെത്തിയ കവിതയുടെ കുടുംബാംഗങ്ങൾ പ്രതികരിച്ചു. 2019 മാർച്ച് 12-നാണ് തിരുവല്ല നഗരത്തിൽവെച്ച് കവിയൂർ സ്വദേശിനിയായ കവിത(19)യെ അജിൻ റെജി മാത്യു തീകൊളുത്തി കൊലപ്പെടുത്തിയത്.
പെൺകുട്ടി പ്രണയാഭ്യർഥന നിരസിച്ചതായിരുന്നു കൊലപാതകത്തിന് കാരണം. തിരുവല്ലയിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ഇടറോഡിൽവെച്ചായിരുന്നു സംഭവം നടന്നത്.
കവിതയും പ്രതിയും ഹയർ സെക്കൻഡറി ക്ലാസുകളിൽ ഒരുമിച്ച് പഠിച്ചവരായിരുന്നു. ഇതിനുശേഷം കവിത തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തിൽ എംഎൽടി കോഴ്‌സിന് ചേർന്നു.
സംഭവദിവസം രാവിലെ ക്ലാസിലേക്ക് വരുന്നതിനിടെയാണ് അജിൻ റെജി മാത്യു കവിതയെ ആക്രമിച്ചത്. ഇതിന് മുമ്പായി തിരുവല്ലയിലെ പെട്രോൾ പമ്പിൽനിന്ന് പ്രതി മൂന്ന് കുപ്പികളിലായി പെട്രോൾ വാങ്ങിയിരുന്നു. തുടർന്ന് നടന്നുപോവുകയായിരുന്ന കവിതയുടെ പിന്നാലെയെത്തി ആദ്യം കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. അതിനു പിന്നാലെ കൈയിൽ കരുതിയിരുന്ന പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കവിത എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.
"
https://www.facebook.com/Malayalivartha

























