അമീബിക് മസ്തിഷ്കജ്വരത്തിന്റെ പുതിയ വകഭേദം; അപകടനില തരണം ചെയ്ത്, ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയിലുള്ള ലക്ഷദ്വീപ് സ്വദേശിനി...

അമീബിക് മസ്തിഷ്കജ്വരം ബാധിച്ച്, കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയിലുള്ള ലക്ഷദ്വീപ് സ്വദേശിനി അപകടനില തരണം ചെയ്തു. ഇടപ്പള്ളിയിൽ ജോലി ചെയ്തുവരുന്ന യുവതി, നിലവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. അമീബിക് മസ്തിഷ്കജ്വര രോഗികളിൽ സാധാരണയായി കാണുന്ന നെഗ്ലീരിയയിൽ നിന്ന് വ്യത്യസ്തമായി അകന്തമീബ എന്ന പുതിയ വകഭേദമാണ് യുവതിയിൽ കണ്ടെത്തിയത്. ഈ വകഭേദം ജില്ലയിൽ ആദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നത്.
മൂന്നാഴ്ച മുമ്പാണ് കഠിനമായ തലവേദന, ഛർദ്ദി, കണ്ണിന്റെ ചലന വൈകല്യം എന്നിവയെത്തുടർന്ന് യുവതിയെ ആസ്റ്റർ മെഡ്‌സിറ്റിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ തലച്ചോറിന്റെ ഇടതുവശത്ത് പഴുപ്പ് കണ്ടെത്തി. മസ്തിഷ്കരോഗമാണോ എന്ന കണ്ടെത്താനുള്ള പ്രാഥമിക പരിശോധനകൾ തൃപ്തികരമല്ലായിരുന്നു. പിന്നീട് നടത്തിയ സെറിബ്രോസ്പൈനൽ ഫ്ലൂയിഡ് വിശകലനത്തിലാണ്, അകന്തമീബ വകഭേദം മൂലമുള്ള അണുബാധയാണെന്ന് സ്ഥിരീകരിച്ചത്. ചികിത്സയുടെ ആദ്യ ഘട്ടം മുതൽ പുരോഗതി കാണിച്ച രോഗിയുടെ ആരോഗ്യനില, നിലവിൽ തൃപ്തികരമാണ്.
സാധാരണ റിപ്പോർട്ട് ചെയ്യപ്പെടുന്ന നെഗ്ലീരിയയെ അപേക്ഷിച്ച്, അപകടം കുറഞ്ഞ ഉപവിഭാഗമാണ് അകന്തമീബയെന്ന്, രോഗിയെ ചികിത്സിച്ച, ആസ്റ്റർ മെഡ്‌സിറ്റി ന്യൂറോളജി & എപ്പിലപ്‌സി മാനേജ്‌മെന്റ് സീനിയർ കൺസൾട്ടന്റ് ഡോ. സന്ദീപ് പത്മനാഭൻ പറഞ്ഞു.
തുടക്കത്തിൽ തന്നെ രോഗനിർണയം നടത്താനായത് ചികിത്സയ്ക്ക് ഏറെ സഹായകമായി. രോഗിയുടെ ആരോഗ്യം പൂർണമായും വീണ്ടെടുക്കുന്നതിനുള്ള പരിചരണവും നിരീക്ഷണവും തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ആസ്റ്റർ മെഡ്‌സിറ്റി ഇൻഫെക്ഷ്യസ് ഡിസീസ് വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. അനൂപ് ആർ വാര്യർ, അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. കൃഷ്ണപ്രഭ പി എന്നിവരും ചികിത്സാ സംഘത്തിൽ ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha























