ചലച്ചിത്രലോകത്ത് അരങ്ങേറ്റം കുറിച്ച് വിസ്മയ മോഹൻലാൽ; സ്വിച്ച് ഓണ്‍ ചെയ്ത് സുചിത്ര; ആദ്യ ക്ലാപ്പ് അടിച്ച് പ്രണവ്!!

മോഹൻലാലിനെയും സുചിത്രയെയും പോലെ തന്നെ പ്രേക്ഷകർക്കേറെ പ്രിയങ്കരാണ് അവരുടെ മക്കളായ പ്രണവും വിസ്മയയും. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. മക്കളുടെ ആഗ്രഹങ്ങൾക്കും ഇഷ്ടങ്ങൾക്കുമൊപ്പമാണ് താരദമ്പതിമാർ. അതേസമയം വിസ്മയ മോഹൻലാൽ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു എന്ന വാർത്ത കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിൽ ചർച്ചയായി മാറുന്നുണ്ടായിരുന്നു.
ഇപ്പോഴിതാ നടൻ മോഹൻലാലിൻറെ മകൾ വിസ്മയ മോഹൻലാൽ നായികയായെത്തുന്ന തുടക്കത്തിന്റെ പൂജ ചടങ്ങ് കഴിഞ്ഞു എന്ന സന്തോഷവാർത്തയാണ് പുറത്തുവരുന്നത്. മോഹന്‍ലാൽ കുടുംബസമേതമാണ് ചടങ്ങിനെത്തിയത്.
സുചിത്ര മോഹൻലാൽ സ്വിച്ച് ഓണ്‍ ചെയ്തു. മകന്‍ പ്രണവ് മോഹൻലാൽ ആണ് ആദ്യ ക്ലാപ്പ് അടിച്ചു കൊണ്ട് സിനിമയ്ക്ക് തുടക്കം കുറിച്ചത്. കൊച്ചി ക്രൗൺ പ്ലാസയിൽ നടന്ന ചടങ്ങിൽ ദിലീപ്, ജോഷി, രജപുത്ര രഞ്ജിത്ത് തുടങ്ങി സിനിമ രംഗത്തെ പ്രമുഖർ പങ്കെടുത്തു.
ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം നിർമിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. ആക്‌ഷൻ എന്റർടെയ്നറാകും ചിത്രം. ഇവരുടെ 37-ാമത്തെ ചിത്രമാണിത്. ആന്റണിയുടെ മകൻ ആശിഷും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. ജെയ്‌ക്സ് ബിജോയ് ആണ് സംഗീതം. ജോമോൻ ടി ജോൺ ആണ് ഛായഗ്രഹണം. ചമൻ ചാക്കോയാണ് എഡിറ്റർ.
മകൾ സിനിമയിലേക്ക് എത്തിയതിൽ സന്തോഷമെന്നാണ് മോഹൻലാൽ പറഞ്ഞത്. ‘‘ഞാനും സിനിമയിൽ ഒരു നടനാകണമെന്ന് ആഗ്രഹിച്ച ഒരാളല്ല. കാലത്തിന്റെ നിശ്ചയം പോലെ സിനിമയിൽ വന്നു. നിങ്ങളൊക്കെ തന്നെയാണ് എന്നെ നടനാക്കിയതും 48 വർഷങ്ങൾ നിലനിർത്തിയത്. എന്റെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം വിസ്മയമായാണ് കരുതുന്നത്. അതുകൊണ്ട് മകൾക്കിട്ട പേര് പോലും വിസ്മയ മോഹൻലാൽ എന്നാണ്.
ഒരുപാട് കാര്യങ്ങൾ വിസ്മയ പഠിച്ചിട്ടുണ്ട്. മകൾ സിനിമയിൽ അഭിനയിക്കണമെന്ന് ഒരു ആഗ്രഹം പറഞ്ഞു. സിനിമയിൽ അഭിനയിക്കുക എന്നത് അത്ര അനായാസമായ ഒരു കാര്യമല്ല. എന്നാൽ അതിനുള്ള എല്ലാ സൗകര്യങ്ങളും ഞങ്ങൾക്കുണ്ട്. നിർമാണ കമ്പനിയും കൂടെ നിൽക്കുന്ന ഒരു പ്രൊഡ്യൂസറുമുണ്ട്. ഒത്തിണങ്ങിയ ഒരു കഥ കിട്ടിയപ്പോൾ വിസ്മയ അഭിനയിക്കാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് മോഹൻലാൽ പറഞ്ഞത്.
'സിനിമയുടെ പേര് തന്നെ തുടക്കം എന്നാണ്. സിനിമയിൽ അഭിനയിക്കാനും നിലനിൽക്കാനും കൂടെ സഞ്ചരിക്കുന്ന ഒരുപാട് ആളുകളുണ്ടാവണം. എന്റെ സഹപ്രവർത്തകരും സുഹൃത്തുക്കളുമായി എനിക്കൊപ്പം എപ്പോഴും ഒരുപാട് ആളുകളുണ്ടായിരുന്നു. എന്റെ വീഴ്ചയിലും എന്നെ ചേർത്തുപിടിക്കുന്ന, സഹായിക്കുന്ന ഒരുപാട് ആളുകൾ.
തനിച്ച് ഒന്നും നേടാൻ കഴിയില്ല. ഒരു സംഘത്തിന്റെ കൂടെ സഞ്ചരിക്കുമ്പോഴാണ് നമ്മുക്ക് എല്ലാം സാധ്യമാവുക. എത്ര നല്ല അഭിനേതാവാണെങ്കിലും അയാൾക്ക് നല്ല അവസരങ്ങളും കഥകളും കിട്ടിയാൽ മാത്രമേ സിനിമയിൽ നിലനിൽക്കൂ' എന്നും മോഹൻലാൽ വ്യക്തമാക്കി. മകൾ വിസ്മയയ്ക്കും മകൻ പ്രണവിനും അത്തരത്തിൽ സിനിമയിൽ നല്ല അനുഭവങ്ങളും സഹപ്രവർത്തകരുമുണ്ടാകട്ടെയെന്ന് മോഹൻലാൽ ആശംസിച്ചു.
പ്രണവ് മോഹൻലാൽ നായകനായ 'ഡീയസ് ഇറേ' എന്ന സിനിമയുടെ റിലീസ് ദിനം കൂടിയായതിനാൽ മകൾക്കും മകനും ഒരേ ദിവസം സിനിമാപരമായ വലിയ കാര്യങ്ങൾ സംഭവിച്ചതിന്റെ സന്തോഷവും മോഹൻലാൽ പങ്കുവെച്ചു. വിസ്മയയുടെ അരങ്ങേറ്റ ചിത്രമായ ‘തുടക്ക’ത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ആന്റണിയാണ്. ഈ സന്തോഷവാർത്തയും മോഹൻലാൽ വേദിയിൽ പങ്കുവയ്ക്കുകയും ആഷിഷിന് എല്ലാവിധ അനുഗ്രഹങ്ങളും ആശംസിക്കുകയും ചെയ്തു.
മോയ് തായ് ഉൾപ്പെടെയുള്ള ആയോധന കലകളിൽ പരിശീലനം നേടിയ ആളാണ് വിസ്മയ. ഈ പശ്ചാത്തലം കണക്കിലെടുത്താണ് ആയോധന മുറകൾക്ക് പ്രാധാന്യമുള്ള ഒരു സിനിമയിൽ വിസ്മയയെ ജൂഡ് ആന്റണി നായികയാക്കാൻ തീരുമാനിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എഴുത്തിലും ചിത്രരചനയിലും താൽപ്പര്യം പ്രകടിപ്പിച്ചിരുന്ന വിസ്മയയുടെ അഭിനയരംഗത്തേക്കുള്ള പുതിയ ‘തുടക്ക’ത്തിനായി സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























