2025-26 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപകുതിയില്‍ പാല്‍സംഭരണത്തിലും വില്‍പ്പനയിലും മുന്നേറ്റം നടത്തി മില്‍മ...

2025-26 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ആറു മാസത്തിനിടെ പാല്‍ സംഭരണത്തിലും വില്‍പ്പനയിലും മികച്ച നേട്ടം കൈവരിച്ച് മില്‍മ. ഏപ്രില്‍ ഒന്ന് മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവിലാണ് മില്‍മയുടെ മൂന്ന് യൂണിയനുകളും നേട്ടമുണ്ടാക്കിയത്. കര്‍ഷക കേന്ദ്രീകൃത ക്ഷേമ പദ്ധതികളിലൂടെയും ഉല്‍പാദനവും ഗുണനിലവാരവും മെച്ചപ്പെടുത്താനുള്ള പരിപാടികളിലൂടെയുമാണ് മില്‍മയ്ക്ക് ഈ നേട്ടം കൈവരിക്കാനായത്.
ഈ സാമ്പത്തിക വര്‍ഷത്തിലെ ആറു മാസക്കാലയളവില്‍ മില്‍മയുടെ ആകെ പാല്‍ സംഭരണം പ്രതിദിനം 12,15,289 ലിറ്ററാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ആകെ സംഭരണം പ്രതിദിനം 10,66,340 ലിറ്റര്‍ ആയിരുന്നു. 1,48,949 ലിറ്ററിന്‍റെ വര്‍ധനവാണുള്ളത്. 13.97 ശതമാനമാണ് വര്‍ധനവ്. മൂന്ന് യൂണിയനുകളിലും മുന്‍വര്‍ഷത്തേക്കാള്‍ വര്‍ധനവ് രേഖപ്പെടുത്തി.
മലബാര്‍ മേഖല യൂണിയനാണ് കൂടുതല്‍ പാല്‍ സംഭരിച്ചത്. ഏപ്രില്‍ ഒന്ന് മുതല്‍ സെപ്റ്റംബര്‍ 30 വരെ പ്രതിദിനം 6,69,126 ലിറ്റര്‍ പാലാണ് മലബാര്‍ മേഖല സംഭരിച്ചത്. എറണാകുളം മേഖല യൂണിയന്‍ 2,83,114 ലിറ്ററും തിരുവനന്തപുരം മേഖല യൂണിയന്‍ 2,63,049 ലിറ്ററും പാല്‍ സംഭരിച്ചു.
പാല്‍ വില്‍പ്പനയിലും ഈ നേട്ടം കൈവരിക്കാന്‍ മില്‍മയ്ക്കായി. മൂന്ന് യൂണിയനുകളും ചേര്‍ന്ന് പ്രതിദിനം 16,83,781 ലിറ്റര്‍ പാലാണ് ആറു മാസക്കാലയളവില്‍ വിറ്റത്. കഴിഞ്ഞ വര്‍ഷം ഇത് 16,50,296 ലിറ്റര്‍ ആയിരുന്നു. 33,485 ലിറ്ററിന്‍റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 2.03 ശതമാനമാണ് വര്‍ധന.
മലബാര്‍ മേഖല 6,69,669 ലിറ്റര്‍ പാല്‍ വില്‍പ്പന നടത്തിയപ്പോള്‍ തിരുവനന്തപുരം മേഖല 5,66,422 ലിറ്ററും എറണാകുളം മേഖല 4,47,690 ലിറ്ററും വില്‍പ്പന നേട്ടം കൈവരിച്ചു. മൂന്ന് മേഖലകള്‍ക്കും കഴിഞ്ഞ വര്‍ഷം ഈ കാലയളവിനേക്കാള്‍ വില്‍പ്പനയില്‍ വര്‍ധനവ് നേടാനായി.
അടുത്തിടെ നടത്തിയ സര്‍വേയില്‍ കാലികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായി എന്ന് രേഖപ്പെടുത്തുമ്പോഴും കഴിഞ്ഞ ആറു മാസത്തില്‍ പാല്‍സംഭരണത്തില്‍ 14 ശതമാനത്തോളം വര്‍ധനവുണ്ടായി എന്നത് ശ്രദ്ധേയമാണ്.
2025-26 ലെ ആദ്യ ആറ് മാസത്തെ പ്രകടനം കണക്കിലെടുക്കുമ്പോള്‍ മികച്ച നേട്ടമാണ് മില്‍മ കൈവരിച്ചതെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ് മണി പറഞ്ഞു. ക്ഷീരമേഖലയിലെ ഉയര്‍ന്ന ഉത്പാദന ചെലവും രാജ്യത്തിനകത്തു നിന്നും പുറത്തുനിന്നുമുള്ള കടുത്ത മത്സരവും ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ നേരിട്ടിട്ടും ഈ നേട്ടം കൈവരിക്കാനായത് ശ്രദ്ധേയമാണ്. ഇതിനു പിന്നിലെ പ്രധാന കരുത്ത് ക്ഷീരകര്‍ഷരാണ്. മില്‍മയുടെ ക്ഷേമ പദ്ധതികള്‍ പാല്‍ സംഭരണത്തിലെയും വില്‍പ്പനയിലെയും മികവ് നിലനിര്‍ത്തുന്നതില്‍ ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ട്.
ഈ ആറ് മാസക്കാലയളവില്‍ മൂന്ന് മേഖലാ യൂണിയനുകളും ക്ഷീരകര്‍ഷകര്‍ക്കായി കൂടുതല്‍ ക്ഷേമ-പിന്തുണ പദ്ധതികള്‍ നടപ്പിലാക്കി. വരുമാനത്തിന്‍റെ ഭൂരിഭാഗവും ക്ഷീരകര്‍ഷകര്‍ക്ക് തിരികെ നല്‍കി, ഇന്ത്യയിലെ പ്രധാന ആനന്ദ്-മാതൃകാ ക്ഷീര സഹകരണ ശൃംഖലയായ മില്‍മ എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സുസ്ഥിരവുമായ അതിന്‍റെ പ്രവര്‍ത്തനം നിലനിര്‍ത്തുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മില്‍മ നടപ്പിലാക്കിയ ക്ഷേമ പിന്തുണാ പദ്ധതികളില്‍ അധിക സംഭരണ വിലയും കന്നുകാലി തീറ്റ, പച്ചപ്പുല്ല്, സൈലേജ്, ചോളം, ബീജസങ്കലന സബ്സിഡി എന്നിവയില്‍ നിരവധി സബ്സിഡികള്‍ ഉള്‍പ്പെടുന്നു. ഇത് ഉല്‍പാദനച്ചെലവിലെ വര്‍ധനവിന്‍റെയും മറ്റ് മേഖലയിലെ വെല്ലുവിളികളുടെയും ആഘാതം നേരിടാന്‍ കര്‍ഷകരെ സഹായിച്ചു.
കര്‍ഷകര്‍ക്ക് അധിക പാല്‍ വിലയായി 4,00,17,449 രൂപയും കന്നുകാലി സബ്സിഡിയായി 5,47,91,850 രൂപയും മലബാര്‍ മേഖല നല്‍കി. എറണാകുളം യൂണിയന്‍ കര്‍ഷകര്‍ക്ക് അധിക പാല്‍വില നല്‍കുന്നതിനായി 11,23,61,130 രൂപയും തിരുവനന്തപുരം യൂണിയന്‍ അധിക പാല്‍വിലയായി 10,73,61,164.19 രൂപയും അനുവദിച്ചു.
മില്‍മയും മേഖലാ യൂണിയനുകളും ചേര്‍ന്ന് കന്നുകാലി ഇന്‍ഷുറന്‍സ്, പശുക്കളെ വാങ്ങുന്നതിനുള്ള കുറഞ്ഞ പലിശ വായ്പകള്‍ക്കുള്ള സൗകര്യം, കര്‍ഷകര്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടിയുള്ള കാരുണ്യ ഫണ്ടുകള്‍, ബ്രീഡ് ഇംപ്രൂവ്മെന്‍റ് പദ്ധതികള്‍ എന്നിവയുള്‍പ്പെടെ നിരവധി ക്രെഡിറ്റ് സപ്പോര്‍ട്ട് പദ്ധതികള്‍ ആരംഭിച്ചു. വികേന്ദ്രീകൃത വെറ്ററിനറി യൂണിറ്റ് പിന്തുണ പോലുള്ള മെച്ചപ്പെട്ട ബ്രീഡ് ഇംപ്രൂവ്മെന്‍റ്, വെറ്ററിനറി ഹെല്‍ത്ത് കെയര്‍ പദ്ധതികള്‍, ക്ഷീര സമാശ്വാസം, ക്ഷീര സദനം, ക്ഷീര സാന്ത്വനം ഇന്‍ഷുറന്‍സ് തുടങ്ങിയ പദ്ധതികളും ഈ കാലയളവില്‍ നടപ്പിലാക്കി.
കാലിത്തീറ്റ ചാക്കിന് മില്‍മ നല്‍കിവരുന്ന 100 രൂപ സബ്സിഡി ഈ വര്‍ഷം ഡിസംബര്‍ വരെ തുടരും. തിരുവനന്തപുരം, മലബാര്‍ മേഖലാ യൂണിയനുകള്‍ സമാന രീതിയില്‍ അധിക സബ്സിഡി കാലിത്തീറ്റയ്ക്ക് നല്‍കിവരുന്നുണ്ട്. എറണാകുളം മേഖലാ യൂണിയന്‍ കാലിത്തീറ്റ സബ്സിഡി അനുവദിക്കുന്ന കാര്യം സജീവ പരിഗണനയിലാണ്.
https://www.facebook.com/Malayalivartha























