അവധി ആവശ്യപ്പെട്ടിട്ടും കിട്ടിയില്ല... ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന വഴി തീവണ്ടിയിൽ കുഴഞ്ഞുവീണ് മരിച്ചു

അനാരോഗ്യത്താൽ അവധി ആവശ്യപ്പെട്ടിട്ടും കിട്ടാതിരുന്ന പോലീസ് വകുപ്പിലെ താത്കാലിക ജീവനക്കാരൻ പിടിച്ചുനിൽക്കാനാകാതെ നാട്ടിലേക്ക് മടങ്ങുന്ന വഴി തീവണ്ടിയിൽ കുഴഞ്ഞുവീണ് മരണമടഞ്ഞു. അഴീക്കോട് തീരദേശ പോലീസ്സ്റ്റേഷനിൽ 12 വർഷമായി സ്രാങ്കായി ജോലിചെയ്യുന്ന ആലപ്പുഴ ഹരിപ്പാട് പള്ളിപ്പാട് നടുവട്ടം സ്വദേശി ചെറിയമഠത്തിൽ ഹരികുമാറാ(54)ണ് മരിച്ചത്.
അതിർത്തിരക്ഷാസേനയിൽനിന്ന് വിരമിച്ചതാണ്. അസുഖം കാരണം രണ്ടു ദിവസമായി അവധിയായിരുന്ന ഹരികുമാർ ഞായറാഴ്ച വൈകുന്നേരമാണ് തിരിച്ചെത്തിയത്. സ്റ്റേഷൻ ഹൗസ് ഓഫീസറോട് ഫോണിൽ അവധി ആവശ്യപ്പെട്ടിട്ടും കിട്ടിയില്ലെന്ന് ഹരികുമാർ സഹപ്രവർത്തകരോട് പറഞ്ഞിരുന്നു.
നേരിട്ട് ആവശ്യപ്പെട്ടിട്ടും അവധി കിട്ടാത്തതിനെത്തുടർന്ന് തിങ്കളാഴ്ച ബാഗും സാധനങ്ങളുമെടുത്ത് ജോലി മതിയാക്കിയ മട്ടിൽ നാട്ടിലേക്കു മടങ്ങി. കാലിന് നീരും നല്ല അവശതയും ഉണ്ടായിരുന്നെന്ന് സഹപ്രവർത്തകർ .
സ്റ്റേഷൻ ഹൗസ് ഓഫീസറെ നേരിട്ട് ഇത് ബോധിപ്പിച്ചാൽ അവധി കിട്ടുമെന്നായിരുന്നു വിശ്വാസമുള്ളത്. എന്നാൽ, അതുണ്ടായില്ല. തീവണ്ടി യാത്രക്കിടെ തുറവൂരിൽ കുഴഞ്ഞുവീണു. മൃതദേഹം തുറവൂർ താലൂക്ക് ആശുപത്രിയിൽ.
പരേതനായ ഗോപാലകൃഷ്ണൻനായരുടെയും രാധമ്മയുടെയും മകനാണ്. ഭാര്യ: വി. ഗീതാകുമാരി (ചെന്നിത്തല ഗ്രാമപ്പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി). രണ്ടു മക്കളുണ്ട്. സംസ്‌കാരം ചൊവ്വാഴ്ച വീട്ടുവളപ്പിൽ നടക്കും.
"
https://www.facebook.com/Malayalivartha


























