പുനര്‍ജനി പദ്ധതിയില്‍ പ്രതിപക്ഷ നേതാവിനെതിരെ തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

പുനര്‍ജനി പദ്ധതിക്കായി ഫണ്ട് പിരിവ് നടത്തിയതിലെ ക്രമക്കേട് ആരോപണത്തില്‍ പ്രതിപക്ഷ നേതാവിന് പങ്കില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് ഡിഐജി കൈമാറിയ കത്തിലാണ് പരാമര്‍ശമുള്ളത്. വി.ഡി സതീശന്റെ അക്കൗണ്ടിലേക്ക് പണം വന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ സതീശനെതിരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കത്തില്‍ പറയുന്നു.
പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് വി.ഡി സതീശനെതിരെ സിബിഐ അന്വേഷണം വേണമെന്ന ശുപാര്‍ശ വിജിലന്‍സിന്റെ ഭാഗത്ത് നിന്ന് വന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കഴിഞ്ഞ സെപ്റ്റംബറില്‍ കൈമാറിയ കത്തിന്റെ വിശദാംശങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. പുനര്‍ജനി പദ്ധതി സംബന്ധിച്ച് പ്രധാനമായും നാലുകാര്യങ്ങളാണ് കത്തിലുള്ളത്. പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവിന്റെ അക്കൗണ്ടിലേക്ക് പണം വന്നതായി കണ്ടെത്താനായിട്ടില്ലെന്നതാണ് ഒന്നാമത്തേത്.
വിദേശ സന്ദര്‍ശനത്തിനുശേഷം സതീശന്‍ വസ്തു വാങ്ങിയതായി പരാതിയില്‍ ആരോപിച്ചിട്ടില്ലാത്തതിനാല്‍ ഈ വിഷയത്തില്‍ അന്വേഷണം നടത്തിയിട്ടില്ലെന്നതാണ് മറ്റൊന്ന്. പുനര്‍ജനി ഫണ്ട് കൈകാര്യം ചെയ്തത് മണപ്പാട് ഫൗണ്ടേഷനെന്ന സന്നദ്ധസംഘടനയാണെന്നതാണ് മൂന്നാമത്തേത്. സതീശന്‍ ഫണ്ട് കൈകാര്യം ചെയ്തതായി കണ്ടെത്തിയിട്ടില്ലെന്നും വിജിലന്‍സ് വ്യക്തമാക്കുന്നു. നാലാമതായി, സതീശന്‍ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ചെയ്തതായി കണ്ടെത്തിയിട്ടില്ലെന്നും കത്തില്‍ പറയുന്നു.
https://www.facebook.com/Malayalivartha
























