പുനർജനിയിൽ ആദ്യമായി അന്വേഷണം അവശ്യപ്പെട്ടത് ശ്രീ വിജയൻ സർക്കാരാണോ? ബിജെപി ആണോ? അത് ശ്രീ വി.ഡി. സതീശൻ ആണ്: അദ്ദേഹത്തോട് എനിക്കും നിങ്ങൾക്കും യോജിക്കാം, വിയോജിക്കാം, എതിർക്കാം, അനുകൂലിക്കാം: പക്ഷേ അതിന്റെ പേരിൽ പുനർജനി പോലെ മനുഷ്യരെ ചേർത്ത് നിർത്തുന്ന ഒരു പദ്ധതിയെ എതിർക്കുന്നത് ജനവിരുദ്ധം: പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

പുനർജനീ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണം ശുപാർശ ചെയ്ത വിജിലൻസ് നടപടിക്കു പിന്നാലെ, സതീശനെ അനുകൂലിച്ച് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഫെയ്സ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തി. ലൈംഗികാരോപണങ്ങളെ തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്തുപോയ രാഹുലിനെതിരെ കടുത്ത നിലപാട് സ്വീകരിച്ച നേതാവായിരുന്നു വി.ഡി. സതീശൻ. ആ ഘട്ടത്തിൽ സമൂഹമാധ്യമങ്ങളിൽ സതീശനെതിരേ രാഹുലിന്റെ അനുകൂലികൾ സൈബർ ആക്രമണം നടത്തിയിരുന്നു. അത്തരം പശ്ചാത്തലത്തിനിടെയാണ് സതീശനെ പിന്തുണച്ചുള്ള രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് രാഷ്ട്രീയമായി ശ്രദ്ധേയമാകുന്നത്.
പുനർജനിയിൽ ആദ്യമായി അന്വേഷണം അവശ്യപ്പെട്ടത് വി.ഡി. സതീശനാണെന്നും അത് ഒരു പുനരധിവാസ പദ്ധതിയാണെന്നും രാഹുൽ ഫെയ്സ്ബുക്കിൽ കുറിച്ചു. വി.ഡി. സതീശനോട് എനിക്കും നിങ്ങൾക്കും യോജിക്കാം വിയോജിക്കാം, എതിർക്കാം അനുകൂലിക്കാം അതൊക്കെ തുടരുകയും ചെയ്യാം. പക്ഷേ അതിന്റെ പേരിൽ പുനർജനി പോലെ മനുഷ്യരെ ചേർത്ത് നിർത്തുന്ന ഒരു പദ്ധതിയെ എതിർക്കുന്നത് ജനവിരുദ്ധമാണെന്നും രാഹുൽ ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
പുനർജനിയിൽ ആദ്യമായി അന്വേഷണം അവശ്യപ്പെട്ടത് ശ്രീ വിജയൻ സർക്കാരാണോ? അല്ല, ബിജെപി ആണോ? അല്ല അത് ശ്രീ വി.ഡി. സതീശൻ തന്നെയാണ്. ഒന്നാം വിജയൻ സർക്കാരിന് എതിരെ അവിശ്വാസ പ്രമേയം കൊണ്ട് വന്നപ്പോൾ അതിനു പ്രതിരോധം എന്ന നിലയിൽ പുനർജനി പദ്ധതിക്ക് എതിരായി ആരോപണം സിപിഎം ഉന്നയിച്ചു. ആ ആരോപണത്തിന് മറുപടിയായി ശ്രീ വി.ഡി. സതീശൻ പറഞ്ഞത് “ഏത് അന്വേഷണ ഏജൻസി വേണമെങ്കിലും അന്വേഷിക്കട്ടെ, ആ അന്വേഷണത്തിന് ഒടുവിൽ കേരളത്തിൽ നടപ്പാക്കാൻ പറ്റുന്ന ഏറ്റവും നല്ല പുനരുജ്ജീവന പദ്ധതിയെ പറ്റി നിങ്ങൾക്ക് റിപ്പോർട്ട് കിട്ടും”എന്നാണ്.
പുനർജനി കേവലമായ ഒരു ഭവന നിർമാണ പദ്ധതി മാത്രമല്ല അത് ഒരു പുനരധിവാസ പദ്ധതിയാണ്. ഇരുന്നൂറിൽപരം പുതിയ വീടുകളും നൂറിൽപരം വീടുകളുടെ അറ്റകുറ്റ പണിയും മാത്രമല്ല കുട്ടികൾക്കുള്ള വിദ്യാഭ്യാസവും വരുമാനമില്ലാത്ത മനുഷ്യർക്ക് പശുവും ആടും തൊട്ട് തയ്യൽ മെഷീനുകൾ വരെ കൊടുക്കുന്ന സമഗ്ര പദ്ധതിയാണ്. ശ്രീ വി.ഡി. സതീശനോട് എനിക്കും നിങ്ങൾക്കും യോജിക്കാം വിയോജിക്കാം, എതിർക്കാം അനുകൂലിക്കാം അതൊക്കെ തുടരുകയും ചെയ്യാം. പക്ഷേ അതിന്റെ പേരിൽ പുനർജനി പോലെ മനുഷ്യരെ ചേർത്ത് നിർത്തുന്ന ഒരു പദ്ധതിയെ എതിർക്കുന്നത് ജനവിരുദ്ധമാണ്. എന്നാണ് കുറിപ്പ് പങ്കുവച്ചത്.
https://www.facebook.com/Malayalivartha



























