ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന് ഇന്ന് എഴുപത്തിയഞ്ചാം പിറന്നാൾ....

ജഗതി ശ്രീകുമാറിന് ഇന്ന് എഴുപത്തിയഞ്ചാം പിറന്നാൾ. പതിവുപോലെ ഇക്കുറിയും വലിയ ആഘോഷളൊന്നുമില്ല. പേയാട്ടെ വീട്ടിൽ കുടുംബത്തോടൊപ്പം സദ്യയും കേക്ക് മുറിക്കലുമായി ഈ പിറന്നാൾ ദിനവും കടന്നു പോകും.
2012ന് കോഴിക്കോട് വച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് സിനിമ ജീവിതത്തിൽ നിന്ന് താൽക്കാലികമായി പിൻവാങ്ങിയെങ്കിലും വെള്ളിത്തിരയിൽ ജഗതി കൊളുത്തിയ ചിരിയുടെ മാലപ്പടക്കങ്ങൾക്ക് ഇന്നും മലയാളിയുടെ മനസിൽ ആഘോഷത്തിന്റെ പൂരപ്രഭയാണ്.
അപകടത്തിന് ശേഷം ഏതാനും പരസ്യചിത്രങ്ങളിലും മമ്മൂട്ടി നായകനായ സി.ബി.ഐ 5 ലും അഭിനയിച്ചു. അപകടത്തിലുണ്ടായ ശാരീരിക പരിമിതികൾ ഒഴിച്ചു നിർത്തിയാൽ അദ്ദേഹം ആരോഗ്യവാനാണ്. സിനിമകൾ കാണുകയും പത്രം വായിക്കുകയും പൊതുപരിപാടികളിൽ പങ്കെടുക്കുകയും ചെയ്യുന്നുണ്ട്.
സുഹൃത്തായ ബാലചന്ദ്രമേനോന്റെ സിനിമ ജീവിതത്തിന്റെ 50ാം വാർഷികം ആഘോഷിക്കുന്ന വേദിയിൽ നിറചിരിയുമായി കഴിഞ്ഞ മാസം ജഗതിയെത്തിയിരുന്നു.
അതേസമയം ഈ പിറന്നാൾ ദിനത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്ന് അജു വർഗീസ് ചിത്രത്തിൽ അഭിനയിക്കുമെന്നതാണ്. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് ജഗതിയുടെ മകൻ പറയുന്നു.
https://www.facebook.com/Malayalivartha


























