സദാചാരം സംരക്ഷിക്കാന്‍ ക്രമിനലുകള്‍ക്കെന്തുകാര്യം....എല്ലാവരും വളച്ചൊടിച്ച സംഭവത്തിന്റെ നഗ്നയാഥാര്‍ത്ഥ്യം എന്തുകൊണ്ട് മറക്കപ്പെടുന്നു...

'അവര്‍ എന്റെ ഉടുപ്പു വലിച്ചുകീറി. മാറിടത്തില്‍ ശക്തിയായി പിടിച്ചുവലിച്ചു. മുഖം മാന്തിക്കീറി. അടിവയറിലും, സ്വകാര്യഭാഗങ്ങളിലും മര്‍ദ്ദിച്ചു. എന്നിട്ടും ഇതു ചോദിക്കാന്‍ ഇവിടെ പോലീസില്ല. രാഷ്ട്രീയക്കാരും അധികാരികളും തിരിഞ്ഞു നോക്കുന്നില്ല.'' നിസ്സഹായയായ ഒരു വീട്ടമ്മയുടെ ദയനീയരോധനം ചെവിക്കൊള്ളാന്‍ ഇവിടെയുള്ള ഭരണസംവിധാനങ്ങള്‍ മടിക്കുന്നതെന്ത്. എല്ലാം ശരിയാകുമെന്ന് പറഞ്ഞ് സ്ത്രീസുരക്ഷ ഉറപ്പുവരുത്താനിറങ്ങിത്തിരിച്ച മുഖ്യമന്ത്രി എന്തേ ഈ വിഷയത്തില്‍ ഇടപെടാത്തത്.
ഇക്കഴിഞ്ഞ ഒന്‍പതാം തീയതി രാത്രിയില്‍ പുത്തന്‍കുരിശ് വെങ്കടയില്‍ എസ്.ഐ. സജീവ്കുമാറിനെയും അച്ഛനുമമ്മയും രണ്ടു പെണ്‍കുട്ടികളെയും മൂന്നു മണിക്കൂര്‍ ബന്ദിയാക്കി ഒരു സംഘമാളുകള്‍ തെരുവില്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവമുണ്ടായിട്ട് ഇന്ന് ഒരാഴ്ച പിന്നിടുന്നു.
സ്ത്രീത്വം തെരുവില്‍ വലിച്ചുകീറുമ്പോള്‍, അപമാനിക്കപ്പെടുമ്പോള്‍ ക്രിമിനലുകള്‍ സൃഷ്ടിക്കുന്ന അപവാദകഥകളില്‍ ഒരു കുടുംബത്തെ വെണ്ണീറാക്കുമ്പോള്‍ എന്തേ സ്ത്രീപക്ഷവാദികള്‍ക്ക് ഉള്ളുപിടയുന്നില്ല. അപവാദകഥകള്‍ കൊണ്ട് മലീമസമായ ഒരു കുടുംബത്തിലേക്ക് നടന്നുകയറാന്‍ നിങ്ങളുടെ കള്ള സദാചാരം അനുവദിക്കുന്നില്ലേ.
നാട്ടിലെ സദാചാരമുറപ്പിക്കാന്‍ ഭരണകൂടം ആരെയെങ്കിലും ഉത്തരവാദിത്വമേല്പിച്ചിട്ടുണ്ടോ? രാത്രിയുടെ മറവിലുള്ള ഈ സദാചാര ഗുണ്ടാവിളയാട്ടം അനുവദനീയമോ? ക്രിമിനലുകളെ സംരക്ഷിക്കുകയാണോ നമ്മുടെ പോലീസ്? അക്രമികള്‍ തന്നെ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് അപവാദകഥകള്‍ നെയ്ത് തകര്‍ത്തെറിഞ്ഞത് ഒരു സാധാരണ കുടുംബത്തെയാണ്. പത്താംക്ലാസില്‍ മാത്രം പഠിക്കുന്ന ഒരു പെണ്‍കുട്ടിയുടെയും, വിവാഹമോചനത്തിലെത്തി നില്‍ക്കുന്ന മറ്റൊരു പെണ്‍കുട്ടിയുടെയും ജീവിതവും സ്വപ്നങ്ങളുമാണ്. എന്താണ് ഈ കുടുംബം ചെയ്ത തെറ്റ്. വൈകിട്ട് സ്ഥലം എസ്.ഐ.യെ വിളിച്ച് ഭക്ഷണം കൊടുത്തതോ? അച്ഛനുമമ്മയും രണ്ടു കുട്ടികളും മാത്രമുള്ള ഈ നാട്ടിന്‍പുറത്തെ വീട്ടില്‍ എന്തനാശാസ്യമാണ് നടന്നത്?
കിട്ടാത്ത മുന്തിരി പുളിക്കും എന്നുപറഞ്ഞിറങ്ങുന്ന കള്ള സദാചാരവാദികളും, എസ്.ഐ.യെ തകര്‍ക്കാന്‍ നടക്കുന്നവരും ഒത്തുചേര്‍ന്ന് പടച്ചുവിട്ട അനാശാസ്യക്കഥകള്‍ക്കപ്പുറത്ത് ഈ നീതിനിഷേധം ചോദ്യം ചെയ്യപ്പെടേണ്ടതല്ലേ?
ഉന്നത ഉദേ്യാഗസ്ഥര്‍ക്ക് എസ്.ഐ യോട് വൈരാഗ്യമുണ്ടാകാം. അത്തരം വൈരാഗ്യങ്ങള്‍ വച്ച് ഒരു കുടുംബത്തെ ആക്രമിച്ചവരെ സംരക്ഷിക്കുന്നത് ജനാധിപത്യ സംവിധാനത്തില്‍ ശരിയാണോ?
സദാചാരത്തിന്റെ പേരിലുള്ള ഇത്തരം ഗുണ്ടാ ആക്രമണങ്ങള്‍ നാളെ ഏതൊരു മലയാളിയുടേയും കുടുംബം തകര്‍ക്കാം. അതു ചിലപ്പോള്‍ നിങ്ങള്‍ക്കു വേണ്ടപ്പെട്ടവരാകാം. അപ്പോഴും ഇത്തരം അപവാദകഥകളാണോ നിങ്ങള്‍ക്കു പ്രിയപ്പെട്ടതാവുക.
ഇവിടൊരു ഭരണസംവിധാനമുണ്ടെന്നും, നീതിയുണ്ടെന്നും കരുതുന്ന സാധാരണ മലയാളിയുടെ വിശ്വാസങ്ങളാണ് കെട്ടഴിഞ്ഞ് വീഴുന്നത്. പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതാണോ ഈ മൃഗീയ ആക്രമണം. സീരിയല്‍ നടിയെന്നും, അനാശാസ്യക്കാരിയെന്നും മുദ്രയടിച്ച് ഒരു സ്ത്രീയെ അപമാനിച്ച് ഇത്ര ക്രൂരമായ പീഡനം നല്കണമായിരുന്നോ? നവമാധ്യമ ബുദ്ധിജീവികളും, രാഷ്ട്രീയക്കാരും കപട സദാചാരവാദികളുടെ കണ്ണുരുട്ടലുകള്‍ക്കു മുന്നില്‍ ഭയപ്പെട്ടുവോ? എന്തേ പ്രതികരണങ്ങളുണ്ടാകുന്നില്ല?
എന്തുകൊണ്ടാണ് അപവാദ കഥകള്‍ മാത്രം പരത്തുന്ന മാധ്യമങ്ങള്‍ ഈ കുടുംബത്തിന്റെ കണ്ണീര്‍ കാണാതെ പോകുന്നത്? ഇതു നിങ്ങള്‍ക്ക് വില്‍പനചരക്ക് അല്ല അല്ലേ?. യാഥാര്‍ത്ഥ്യം പുറത്തുവന്നിട്ടും അത് റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ മടിക്കുന്നതിനെ എന്തുവിളിക്കണം...
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























